അയോധ്യ: ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാഷ്‌ട്ര മന്ദിരത്തിന്റെ സംസ്ഥാപനമാണെന്ന് ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ഇതു രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യദിനമാണ്. പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്കും തുടര്‍ന്നും എല്ലാവര്‍ക്കും ബാലകരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കും. ഒരാളെയും ഒഴിവാക്കില്ല, അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍പ്പെട്ടവരെ വീടുകളില്‍ പോയി ക്ഷണിക്കുന്നത് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തുടരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് ഇന്നലെ ക്ഷണപത്രം കൈമാറി. ഇരുനേതാക്കളുടെയും ദല്‍ഹിയിലെ വീടുകളില്‍ നേരിട്ടെത്തിയാണ് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര ക്ഷണപത്രം കൈമാറിയത്.
മുന്‍ രാഷ്‌ട്രപതിമാരായ പ്രതിഭ പാട്ടീല്‍, രാംനാഥ് കോവിന്ദ്, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്.ഡി. ദേവഗൗഡ, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ പ്രസിഡന്റ് സോണിയ തുടങ്ങിയ പ്രമുഖര്‍ക്ക് നേരത്തേ തന്നെ ക്ഷണപത്രം നല്കിയിരുന്നു. എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും പ്രധാന നേതാക്കള്‍ക്കും ഔപചാരികമായിത്തന്നെ ക്ഷണമുണ്ടാകുമെന്ന് ചമ്പത് റായ് അറിയിച്ചു.
ശ്രീരാമ ജന്മഭൂമിയുടെ മോചനത്തിനായി പോരാടിയ കര്‍സേവകര്‍ക്കും ബലിദാനികളുടെ കുടുംബാംഗങ്ങള്‍ക്കുമായി ബാലകരാമന്റെ വിശേഷ ദര്‍ശനത്തിന് അവസരമൊരുക്കും. പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്കു ശേഷം ജനുവരി 26 മുതല്‍ ഫെബ്രുവരി 21 വരെ രണ്ട് മാസത്തിനിടെയാണ് വിശേഷ ദര്‍ശനം.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഇതിന് സംവിധാനമൊരുക്കുന്നത്. ദിവസം 5000 പേര്‍ക്കാണ് വിശേഷ ദര്‍ശനത്തിന് അവസരം. ഇവരുടെ താമസത്തിനും ഭക്ഷണത്തിനും ദര്‍ശനത്തിനുമുള്ള സൗകര്യങ്ങള്‍ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചെയ്യും. 36 ഇടങ്ങളില്‍ ഇതിനായി താമസ സംവിധാനങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണപത്രം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര(ഇടത്) കൈമാറുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: