ഭഗല്‍പൂര്‍(ബിഹാര്‍): സാധകരാണ് രാഷ്ട്രത്തെ നയിക്കുന്നതെന്നതിന് ഭഗവാന് ശ്രീരാമന്റെ ജീവിതം പാഠമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രനിര്‍മാണത്തില്‍ സംന്യാസിമാര്‍ക്കും സാധകരായ സംഘാടകര്‍ക്കും തുല്യമായ പങ്കാളിത്തമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഭഗല്‍പൂര്‍ കുപ്പഘട്ടില്‍ മഹര്‍ഷി മേംഹി ആശ്രമം സന്ദര്‍ശിച്ചതിന് ശേഷം സംന്യാസിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
രാമരാജ്യത്തിലേക്കുള്ള യാത്രയില്‍ ശ്രീരാമന് ദിശ കാട്ടുന്നതിനായി വസിഷ്ഠനും വിശ്വാമിത്രനും അഗസ്ത്യനും തുടങ്ങി അനേകം മഹര്ഷീശ്വരന്മാരുടെ സാധനയുണ്ടായിരുന്നു. അവരെല്ലാം തപസ് അനുഷ്ഠിച്ചതും ജീവിതം സമര്‍പ്പിച്ചതും ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംന്യാസി സമൂഹത്തിന്റെയും സംഘത്തിന്റെയും സാധനയിലൂടെ ധര്‍മ്മരാജ്യം വീണ്ടും സ്ഥാപിക്കപ്പെടും. മഹര്‍ഷിമാരുടെ സാധനയെ പിന്തുടരുകയാണ് സംഘപ്രവര്‍ത്തകര്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.
ധര്‍മ്മതത്വം അതീവ രഹസ്യമാണ്. അത് സത്യത്തില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും നിത്യജീവിതത്തില്‍ ധര്‍മ്മത്തിന്റെ തത്വം പ്രവര്‍ത്തിക്കുന്നുണ്ട്. അത് തിരിച്ചറിയുന്നില്ല. സത്യത്തെ സാക്ഷാത്കരിച്ചവരാണ് മഹര്‍ഷിമാര്‍. അതുകൊണ്ടാണ് അവരുടെ ജീവിതം വിശുദ്ധവും മാതൃകയുമാകുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു. ലോകത്തിന് ജീവിതത്തിന്റെ ധര്‍മ്മതത്വം പകരുകയാണ് ഭാരതത്തിന്റെ ദൗത്യം. അതിന് സജ്ജനങ്ങളുടെ മാതൃകകളെ നമ്മള് ജീവിതത്തില്‍ പകര്‍ത്തണം, അദ്ദേഹം പറഞ്ഞു.
മഹര്‍ഷി മേംഹിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചലച്ചിത്രത്തിന്റെ ടീസറും സര്‍സംഘചാലക് പ്രകാശനം ചെയ്തു. കുപ്പഘട്ട് മേംഹി ആശ്രമ ജനറല്‍ സെക്രട്ടറിയും സംന്യാസിമാരും ചേര്‍ന്ന് നേരത്തെ സര്‍സംഘചാലകിനെ വരവേറ്റു. മഹര്‍ഷി പരമഹംസ ജി മഹാരാജിന്റെ സമാധിസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. ഇപ്പോഴത്തെ മഠാധിപതി ഹരിനന്ദന് ബാബയുമായി ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ചയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: