ആലപ്പുഴ: നവകേരള ബസ് യാത്രയ്ക്ക് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് ടികളുമായി വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി.ആലപ്പുഴ സൗത്ത് പൊലീസിനോടാണ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്കിയ ഹര്‍ജിയില്‍ ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടി നിര്‍ദ്ദേശിച്ചത്.
പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് ഗണ്മാന്മാര് മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവല്‍ കുര്യാക്കോസിനെയുമാണ് മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് വളഞ്ഞിട്ട് തല്ലിയത്.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനില്‍ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാട്ടിയാണ് ഇവര്‍ കോടതിയിലെത്തിയത്. മുഖ്യമന്ത്രിയുടെ നവകേരള ബസ് കടന്നുപോയ ശേഷമാണ് ലോക്കല്‍ പൊലീസ് പിടിച്ചു മാറ്റിയ എഡി തോമസിനെയും അജയ് ജുവല്‍ കുര്യാക്കോസിനെയും പിന്നാലെ വന്ന വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ മൃഗീയമായി മര്‍ദ്ദിച്ചത്.
നവകേരള ബസിന് കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവര്‍ത്തകരും മര്‍ദ്ദിക്കുന്നത് നവകേരള സദസ് തുടങ്ങിയത് മുതല്‍ വിവാദമായിരുന്നു. എന്നാല്‍ ഇത് ‘ജീവന് രക്ഷാപ്രവര്‍ത്തനം’ ആണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: