മൂര്‍ത്തിപൂജ
ഉപാസ്യദേവന്റെ/ ദേവിയുടെ മൂലമന്ത്രം കൊണ്ട് മൂന്നു പ്രാവശ്യം പൂവാരാധിച്ച് മൂര്‍ത്തികല്പന ചെയ്യുന്നു. തദനന്തരമാണ് മൂര്‍ത്തിയുടെ ആവാഹന. പന്ത്രണ്ട് ഉരു ഓംകാരം ജപിച്ച് പ്രാണായാമം ചെയ്തിട്ട് ജലഗന്ധപുഷ്പാക്ഷതങ്ങള്‍ എടുത്ത് രണ്ടു കയ്യും ചേര്‍ത്തുപിടിച്ച് ഹൃദയസ്ഥനായ മൂര്‍ത്തിയെ സ്മരിച്ച് മുമ്മൂന്നു ഉരു ഓങ്കാരവും മൂലമന്ത്രവും ജപിച്ച് മൂലാധാരചക്രത്തില്‍ അവസ്ഥിതമായ കുണ്ഡലിനീശക്തിയെ ഉണര്‍ത്തി ഉദ്ധരിച്ച് ഷഡാ ധാരചക്രങ്ങളില്കൂടി സഹസ്രാരദളപത്മത്തില്‍ കൊണ്ടു വന്ന് പ്രസ്തുത മൂര്‍ത്തിയെ ശക്തിയായി ഭാവനചെയ്ത് നാഭിമൂലത്തില്‍ നിന്നും ജലഗന്ധപുഷ്പാക്ഷതങ്ങള്‍ നിറച്ചിട്ടുള്ള തന്റെ കയ്യുകള്‍ ഉയര്‍ത്തി രണ്ടു കയ്യിലുള്ളതും വലതു കയ്യിലാക്കി ആവാഹന മന്ത്രപൂര്‍വ്വകം മൂക്കോളം ഉയര്‍ത്തി ‘ഏഹി ഏഹി’ മന്ത്രത്തോടെ ഇടതുനാസാദ്വാരം അടച്ച് വലതു നാസാദ്വാരത്തില്‍ കൂടി അല്പം വായു ആ വലതുകയ്യിലുള്ള പൂവില്‍ ഏറ്റുവാങ്ങി ‘ആവാഹയാമി’ എന്നുച്ചരിച്ചുകൊണ്ട് ബിംബത്തില്‍/ദീപത്തില്‍ സംവേശിപ്പിക്കുന്നു. ഇതാണ് ആവാഹന. കൂടെത്തന്നെ ആവാഹനമുദ്ര കാട്ടി അവിടെ സാന്നിദ്ധ്യം ചെയ്യണമെന്ന് പ്രാര്‍ത്ഥിച്ച് കയ്യില്‍ ചന്ദനം പുരട്ടി രണ്ടു ഹസ്തതലങ്ങള് കൊണ്ടും മൂന്നുപ്രാവശ്യം മൂലമന്ത്രം ജപിച്ച് ശിരസ്സു മുതല്‍ ദേവപാദങ്ങള്‍ വരെ വ്യാപകം ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ലിപിന്യാസം, പഞ്ചതത്ത്വന്യാസം, മൂലമന്ത്രാക്ഷരന്യാസം ഇവകള്‍ മൂര്‍ത്തിയിങ്കല്‍ ചെയ്ത് ആയുധങ്ങള്‍, ഭൂഷണങ്ങള്‍ ഇവകളും തത്തദ്സ്ഥാനങ്ങളില് ന്യസിച്ച് അര്ത്ഥസ്മരണപൂര്വ്വം ധ്യാനം ചൊല്ലി വന്ദിക്കുന്നു. തുടര്‍ന്ന് ആസനവും സ്വാഗതവും അരുളി, അര്‍ഗ്ഘ്യ പാദ്യആചമനീയങ്ങള്ക്കും (ശൈവമായ പൂജയില്‍ പാദ്യംഅര്ഗ്ഘ്യം എന്നാണ് ക്രമം) മധുപര്ക്കത്തിനും സ്നാനത്തിനും ശംഖുകൊണ്ട് ജലം നല്കി ‘ആപോഹിഷ്ഠാദി’ മന്ത്രം മൂന്ന് ഋക് ചൊല്ലി മൂര്‍ത്തിയിങ്കല്‍ തളിച്ച് വിഗ്രഹത്തിനു കുറിയിട്ടു അലങ്കരിച്ച് ഷോഡശോപചാരങ്ങള്‍ സങ്കല്പിച്ച് ശംഖുതീര്‍ത്ഥം യഥാവിധി അര്‍പ്പിച്ച് പരിവാരാദികളെ മൂര്‍ത്തിയിങ്കല്‍ നിന്നു വേര്‍പെടുത്തി മൂര്‍ത്തിക്കും പരിവാരങ്ങള്‍ക്കുമായി പ്രണവോപചാര മൂലത്രയങ്ങള്, ആയുധമന്ത്രം, ഭൂഷണമന്ത്രം, അംഗാ വരണങ്ങള്‍, പരിവാരായുധങ്ങള്, കലാമൂര്ത്തികള്, നിര്‍മ്മാല്യധാരി ഇവയുടെ മന്ത്രങ്ങള്‍ ഇവകളാലും ജലാദിജലാന്തം (ജലഗന്ധ പുഷ്പധൂപദീപജലങ്ങളാലും) അര്‍ച്ചിച്ച് മൂര്‍ത്തിപൂജ പൂര്‍ണ്ണ മാക്കുന്നു. തുടര്‍ന്ന് പരിവാരങ്ങളെ മൂര്ത്തിയോടു ചേര്‍ക്കുന്നു.
നിവേദ്യപൂജ
മൂര്‍ത്തിക്ക് ഗണ്ഡൂഷാദി അര്‍ഘ്യം നല്കി നിവേദ്യദ്രവ്യത്തെ മുമ്പില്‍ വച്ച് ഗായത്രി ഒരു ഉരു ജപിച്ച് ഉപസ്തരിച്ച് ഒരു പൂവെടുത്ത് ജ്യേഷ്ഠയെ ഉദ്ദേശിച്ച് നിവേദ്യത്തിനു ഉഴിഞ്ഞു കളഞ്ഞ് നിവേദ്യത്തിനും മൂര്‍ത്തിക്കും മുമ്മൂന്ന് ഉരു ജല, ഗന്ധ, പുഷ്പങ്ങള്‍ അര്‍പ്പിച്ച് നിര്‍വിഷീകരിച്ച് അമൃതമയമാക്കി കൊട്ടിരക്ഷിച്ച് ബീജാക്ഷരങ്ങള്‍ ഹസ്തതലങ്ങളില് എഴുതി കാണിച്ച് കുടിക്കു നീര്കൊടുത്ത് മൂര്‍ത്തിയുടെ രസന സങ്കല്‍പ്പിച്ച് പൂവിട്ട് നിവേദ്യരസങ്ങള് അവിടേയ്ക്കായി നിവേദിക്കുന്നു എന്നു സങ്കല്‍പ്പിച്ച് പഞ്ചപ്രാണാഹുതികള് ചെയ്യുന്നു. തുടര്‍ന്ന് മാനസപൂജയും കൊട്ടി രക്ഷിക്കുകയും കഴിക്കുന്നു. നിവേദ്യത്തിന്റെ ഈ ഘട്ടത്തില്‍ ക്ഷേത്രങ്ങളില്‍ നടയടച്ച് പുറത്തുവന്ന് വൈശ്വദേവഹോമവും ബ്രാഹ്മണഭോജനവും ബലിക്കല്‍ തര്‍പ്പണവും (ബലിക്കല്ലില്‍ തൂവുകയും) മറ്റും നടത്തുന്നു. തുടര്‍ന്നു മണ്ഡപത്തില്‍ തൊഴുതു നമസ്ക്കരിക്കുന്നു. അനന്തരം മൂലമന്ത്രം ജപിച്ച് സോപാനത്തുങ്കല്‍ ദ്വാസ്ഥന്മാരെ പൂവിട്ടു വന്ദിച്ച് മണിയടിച്ച് നട തുറന്നു ശ്രീകോവിലില്‍ കയറി ‘അമൃതപാനീയമിദം’ എന്ന അര്‍ഘ്യം കൊടുത്ത് നിര്മാല്യധാരിക്ക് നിവേദ്യത്തിന് താഴെ വലതുവശത്ത് പൂവിട്ട് സങ്കല്പം മന്ത്രപൂര്‍വ്വം ചെയ്ത് ഉച്ഛിഷ്ട നിവേദ്യഭാഗം അമൃതോപസ്തരണപരമായ അര്‍ഘ്യം നല്കി പഞ്ചപ്രാണാഹുതി സമന്വിതം നല്കുന്നു. തുടര്‍ന്ന് നിര്‍മ്മാല്യധാരിക്ക് ‘അമൃതാപിധാനമസി’ എന്ന് വെള്ളം കൊടുത്ത് നിര്‍മ്മാല്യധാരിയെ ഉദ്ദേശിച്ച് സമര്‍പ്പിച്ച പൂവ് ഉച്ഛിഷ്ട നിവേദ്യത്തിലേക്കുതന്നെ ഇട്ട് ആ ദ്രവ്യങ്ങള്‍ മൂര്‍ത്തിയുടെ പുരോഭാഗത്തുനിന്നു മാറ്റി അവിടെ ചാണകം തൊട്ട് തളിച്ചുമെഴുകി മൂര്‍ത്തിക്ക് ഗണ്ഡുഷാദി അര്‍ഗ്ഘ്യം നല്കി നിവേദ്യപൂജ സമാപിപ്പിക്കുന്നു.
പ്രസന്നപൂജ
ക്ഷേത്രങ്ങളില്‍ നടയടച്ചും സാധാരണ പൂജയില്‍ മൂര്‍ത്തിക്ക് പുഷ്പാര്‍ച്ചന ചെയ്തും പ്രസാദിപ്പിക്കുന്ന സമയമാണിത്. കൂടെത്തന്നെ സംഗീതവാദ്യഘോഷങ്ങളും ആകാവുന്നതാണ്. മുപ്പത്തിയാറ് ഉരു/ പന്ത്രണ്ട് ഉരു/മൂന്ന് ഉരു മൂലമന്ത്രം കൊണ്ട് മൂര്‍ത്തിയിങ്കല്‍ ജലാദിജലാന്തം പൂജിച്ച് ദശോപചാരങ്ങള്‍ സമര്‍പ്പിക്കുന്നതായി അര്‍ഘ്യം നല്കുന്നു. അടുത്തതായി മൂര്‍ത്തിയുടെ ധ്യാനശ്ലോകത്താലും മറ്റ് അനേകം സ്തോത്രങ്ങളാലും മൂര്‍ത്തിക്ക് പുഷ്പാഞ്ജലി നല്കി പ്രസാദിപ്പിക്കുന്നു. ഈ (സമയത്താണ് എന്തെങ്കിലും ലഘുനിവേദ്യമുണ്ടെങ്കില് അതും കരിക്കും തുടര്‍ന്ന് താംബൂലാദിയും നിവേദിക്കുന്നത്. ഇതിന് നിര്‍ബന്ധമില്ല.) പിന്നീട് ഈ ദേവപൂജയില്‍ വന്നിട്ടുണ്ടാകാവുന്ന തെറ്റുകുറ്റങ്ങള്‍ ക്ഷമിച്ച് പ്രസാദിക്കണമെന്ന പ്രാര്‍ത്ഥനയോടെ വലതു കയ്യില്‍ ജലഗന്ധപുഷ്പാക്ഷതങ്ങള്‍ ആവോളം എടുത്ത് ദേവന് നേരെ കാട്ടിയും ഇടതുമുഷ്ടി വക്ഷസ്സില്‍ പിടിച്ചുകൊണ്ടും മന്ത്രപൂര്‍വകമായി ‘ബ്രഹ്മാര്‍പ്പണം’ ചെയ്യുന്നതായി സങ്കല്പിച്ച് ദേവപാദങ്ങളില്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് പ്രസന്നാര്ഘ്യം നല്കി തീര്ത്ഥപരിഗ്രഹം. (ദേവന്റെ പാദതീര്‍ത്ഥം നിയതമായ ഒരു ഋഗ്വേദ മന്ത്രം ജപിച്ചു ശംഖില്‍ സ്വീകരിക്കുന്നു.) ആ തീര്‍ത്ഥം തന്നെ ഗുരുവിനും ദേവന്മാര്ക്കും അസുരന്മാര്ക്കും തനിക്കും മറ്റ് ഭക്തന്മാര്ക്കും നല്കുന്നു (തളിക്കുന്നു). ക്ഷേത്രങ്ങളില്‍ നട തുറന്ന് കര്പ്പൂരാരതികള് ഉഴിയുന്നത് ഈ സമയത്താണ്. അതോടൊപ്പം തീര്‍ത്ഥം പുറത്തുനില്‍ക്കുന്ന ഭക്തന്മാര്ക്കുവേണ്ടി പുറത്തേക്ക് തളിക്കുന്നു. തദനന്തരം മൂര്‍ത്തിയിങ്കല്‍ സമസ്താപരാധങ്ങള്‍ക്കും ക്ഷ യാചിച്ചുകൊണ്ട് (ബ്രഹ്മാര്‍പ്പണം മാതിരി) ‘പൂര്‍ണ്ണപുഷ്പാഞ്ജലി’യും അവസാന അര്‍ഘ്യവും നല്കുന്നു. തുടര്‍ന്ന് ദേവങ്കല്‍ മൂല മന്ത്രം കൊണ്ട് വ്യാപകം, അംഗം, ഛന്ദസ്സ് ഇവകള്‍ നല്കി ദേവപാദത്തുങ്കല് തൊഴുതു നമസ്കരിക്കുകയും പ്രസാദമായി പാദത്തിലെ പൂക്കളെടുത്തു താന്‍ ചൂടുകയും ഭക്തന്മാര്ക്ക് നല്‍കുകയും ചെയ്യുന്നു. തുടര്‍ന്ന് ഗുരുവിനും ഗണപതിക്കും ‘അമൃതാപിധാന മസി’ എന്ന് ഓരോ അര്്ഘ്യം നല്കി വിസര്‍ഗ്ഗം നിര്‍വഹിച്ചതിനു ശേഷം ‘പാഞ്ചജന്യായ നമഃ’ എന്ന് ശംഖു കമഴ്ത്തിവയ്ക്കുന്നു. (ബിംബപൂജയില് ഉദ്വാസനമില്ല. എന്നാല്‍ വിളക്കുവച്ചുള്ള പൂജ യില്‍ (ആവാഹന പോലെ) ദേവചൈതന്യത്തെ തന്നിലേക്കുതന്നെ ഉദ്വസിച്ചതിനു ശേഷമാണ് ഗുരുഗണപതികള്ക്ക് അര്‍ഘ്യം നല്കി വിടര്‍ത്തി ശംഖു കമഴ്ത്തി പൂജ മുഴുമിപ്പിക്കുന്നത്. വിളക്കുവച്ചു ള്ള പൂജയാണെങ്കില് പത്മത്തില്‍ നിന്ന് വിളക്കു നീക്കി കൂര്‍ച്ചം അഴിച്ചു കളഞ്ഞ് ദീപങ്ങളെല്ലാം ഒരുമിച്ചാക്കി ലോകാഗ്നിയാക്കി പുറത്തേക് വീശി കെടുത്തുന്നു.) തുടര്‍ന്ന് പവിത്രം ഊരി അഴിച്ചുകളയുകയും തനിക്ക് പന്ത്രണ്ട് ഉരു പ്രാണായാമവും മൂലമന്ത്രം കൊണ്ട് വ്യാപകവും അംഗവും ഛന്ദസ്സും നല്കി സ്വന്തം ഏകാഗ്രതയില്‍ നിന്ന് കൂര്‍മ്മാസനത്തില്‍ നിന്ന് (ആവണിപ്പലകയില് നിന്ന്) എഴുന്നേല്ക്കുകയും ചെയ്യുന്നു. ഇത് പൂജയുടെ സാമാന്യമായ ഏകദേശരൂപമാണ്. വിപുലമായ സപരിവാരം പൂജ വേറെയുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: