കഴിഞ്ഞ ദിവസം ഭാരതം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാമങ്കം കളിച്ചത് പാള്‍ നഗരത്തിലെ ബോളണ്ട് പാര്‍ക്ക് സ്റ്റേഡിയത്തിലാണ്. വേഗം കുറഞ്ഞ ഈ പിച്ചില്‍ ആവേശപൂര്‍വ്വം കളിച്ചാല്‍ അപകടം വിളിച്ചുവരുത്തുന്നത് പോലെയാകും. അത് കണ്ടറിഞ്ഞു കളിച്ച മലയാളിതാരം സഞ്ജു വി. സാംസണ് ഭാരതത്തെ നയിച്ചത് എന്നെന്നും ഓര്‍ത്തുവയ്ക്കാവുന്ന മികച്ച വിജയങ്ങളിലൊന്നിലേക്ക്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്യേണ്ടി വന്ന ഭാരതത്തിന് അഞ്ചാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നാം നമ്പര്‍ ബാറ്ററായി ക്രീസിലേക്കെത്തിയ സഞ്ജുവിനെ സാക്ഷിയാക്കി പത്ത് ഓവര്‍ തികയും മുമ്പേ ഭാരതത്തിന്റെ രണ്ടാം വിക്കറ്റും തെറിച്ചു. പൊതുവെ ആക്രമണോത്സുക ബാറ്റിങ്ങ് ആണ് സഞ്ജുവിന്റെ ശൈലി. അത് മാറ്റിവച്ച് ദുരിതത്തിലകപ്പെടുന്ന ടീമിന്റെ രക്ഷാദൗത്യം ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. അതും അത്യുഗ്രന്‍ സെഞ്ചുറി പ്രകടനത്തോടെ. വല്ലപ്പോഴും മാത്രം വിരുന്നുണ്ണാന്‍ ക്ഷണം കിട്ടുന്നവന്റെ കൈയയഞ്ഞ സംഭാവന. അതില്‍ ഭാരതത്തിന് നേടാനായത് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നേടുന്ന ചരിത്രത്തിലെ രണ്ടാം ഏകദിന പരമ്പര.
ബാറ്റര്‍മാരെ കുഴപ്പിക്കുന്ന ബോളണ്ട് പാര്‍ക്കിലെ പിച്ചില്‍ ഇതിന് മുമ്പ് രണ്ട് ഭാരത താരങ്ങളേ സെഞ്ചുറി നേടിയിട്ടുള്ളൂ. ഇതിഹാസതാരം സച്ചിന് ടെണ്ടുക്കല്‍ക്കറും ലോകം കണ്ട മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരില് ഒരാളായ സൗരവ് ഗാംഗുലിയും.
ഭാരതത്തെ വളരെ കുറഞ്ഞ സ്കോറില്‍ ഒതുക്കി വിജയം പിടിച്ചെടുക്കാം എന്ന കണക്കുകൂട്ടലിലാണ് ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് എയ്ദന്‍ മാര്‍ക്രം ബൗളിങ് തെരഞ്ഞെടുത്തത്. ആദ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തും വരെ അവരുടെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. പക്ഷെ പാറപോലെ ഉറച്ചുനിന്ന സഞ്ജു എല്ലാം തകിടം മറിച്ചു. ഇടയ്ക്ക് അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി തിലക് വര്‍മയും അവസാന ഓവറുകളില്‍ തട്ടുപൊളിപ്പന്‍ പ്രകടനവുമായി റിങ്കു സിങ്ങും തകര്‍ത്തുകളിച്ചു. ഭാരത ടോട്ടല്‍ 250ന് മേല്‍ ഉയരുമെന്ന് ഉറപ്പാക്കിയാണ് സഞ്ജു കളം വിട്ടത്. 114 പന്തുകള്‍ നേരിട്ട് ആറ് ഫോറും മൂന്ന് സിക്സറും സഹിതം 108 റണ്‍സെടുത്തു. ഈയിടെ ആഭ്യന്തര ക്രിക്കറ്റില്‍ വിജയ്ഹസാരെ ട്രോഫിയുടെ പല മത്സരങ്ങളിലും സഞ്ജു ആക്രമണോത്സുകത വെടിഞ്ഞ് പക്വമായ ബാറ്റിങ് പുറത്തെടുത്തിരുന്നു. കേരളത്തിന്റെ നായകനായ താരം ദേശീയ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട ശേഷമാണ് ടീം വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും തോറ്റ് പുറത്തായത്.
പ്രതിഭ തെളിയിച്ചവര്‍ പലരും കരിയറില്‍ തിളങ്ങി നിന്നത് സ്ഥിരം അവസരം കിട്ടയതിന്റെ ബലംപറ്റിയാണ്. ആ കണക്ക് പരിശോധിച്ചാല്‍ 2021 ജൂണില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയത് തന്റെ 16-ാം മത്സരത്തിലാണ്. ഇതിഹാസ തുല്യമായി വാഴ്ത്തപ്പെടുന്ന പലതാരങ്ങളും ആദ്യ സെഞ്ചുറി കടമ്പ താണ്ടാന്‍ 50നുമേല്‍ മത്സരങ്ങള്‍ വേണ്ടിവന്നിട്ടുണ്ടെന്നത് എടുത്തുപറയേണ്ടതാണ്. ഇനി അടുത്ത ഏത് കാലത്തായിരിക്കും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുക- അതില്‍ ആര്‍ക്കും ഒരു ഉറപ്പും ഇല്ല. എന്നെങ്കിലും കാണാനായെങ്കില്‍ കാണാം അത്രമാത്രം. സീനിയര്‍ കേമന്മാര് വിശ്രമത്തിലിരിക്കുമ്പോള്‍ ആളെ തികയ്ക്കാന്‍ ടീമിലെത്തിക്കുന്ന സെലക്ടര്‍മാര്‍ക്ക് മുന്നില്‍ സഞ്ജുവിന്റെ നൂറഴക് ഉയര്‍ത്തുന്നൊരു ചോദ്യം ഒന്നുമാത്രം- ഇതു മതിയാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: