Categories: Kerala

ഭാര്യയേയും മകളേയും വെട്ടിപരിക്കേല്‍പിച്ച് യുവാവ് ആത്മഹത്യ ചെയ്തു

Published by

പത്തനാപുരം: ഭാര്യയേയും മകളെയും വെട്ടി പരിക്കേല്‍പിച്ച ശേഷം യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂര്‍ ലതീഷ്ഭവനില്‍ രൂപേഷാ(38)ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ അഞ്ജു (27), മകള്‍ അരുഷ്മ (10) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ പത്തനാപുരം നെടുംപറമ്പിലുള്ള വാടക വീട്ടിലായിരുന്നു സംഭവം. ഒന്നര വര്‍ഷമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു രൂപേഷും കുടുംബവും.

പോലീസ് പറയുന്നതിങ്ങനെ, ഓട്ടോ ഡ്രൈവറായ രൂപേഷിന്റേയും പിറവന്തൂര്‍ അലിമുക്ക് സ്വദേശിയായ അഞ്ജുവിന്റേയും പ്രണയ വിവാഹമായിരുന്നു. രൂപേഷിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. കരുതിക്കൂട്ടി കഴിഞ്ഞ ദിവസം രാത്രിയില്‍ ഭാര്യയേയും മകളേയും അപായപ്പെടുത്താന്‍ ഒരു കന്നാസ് പെട്രോളുമായാണ് രൂപേഷ് വീട്ടില്‍ എത്തിയത്. ഇതുകണ്ട മകള്‍ പൊട്രോള്‍ ഒളിപ്പിച്ച് വെച്ചു. പൊട്രോള്‍ കാണാതായതോടെ പ്രകോപിതനായ രൂപേഷ് ഭാര്യ അഞ്ജുവിനേയും മകള്‍ അരിഷ്മയേയും വെട്ടിപരിക്കേല്‍പ്പിച്ചു. വെട്ടേറ്റ് പ്രാണരക്ഷാര്‍ത്ഥം റോഡില്‍ കയറി അവശയായി നിന്ന അമ്മയേയും മകളേയും അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് പോലീസിനെ വിവരമറിച്ച ശേഷം ആശുപത്രിയില്‍ എത്തിച്ചത്.

ഇതിനിടെ ഭാര്യയും മകളും മരിച്ചെന്ന് കരുതിയ രൂപേഷ് ഒളിപ്പിച്ച് വെച്ച പെട്രോള്‍ കണ്ടുപിടിച്ച് ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by