ന്യൂദല്‍ഹി: കോഴിക്കോട് സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവെച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
ചാന്‍സലര്‍ക്ക് സെനറ്റില്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ വിവേചനാധികാരമുണ്ട്. കാഴ്ചപരിമിതി നേരിടുന്ന പദ്മശ്രീ ജേതാവ് ബാലന് പൂതേരിയെയടക്കം എസ്എഫ്ഐക്കാര്‍ അപമാനിച്ചു. ജനാധിപത്യ നിഷേധവും പൗരാവകാശ ലംഘവനവുമാണ് കോഴിക്കോട് സര്‍വകലാശാലയില്‍ ഉണ്ടായത്. പോലീസ് എസ്എഫ്ഐക്കാരുടെ ചെയ്തികള്‍ കൈയുംകെട്ടി നോക്കിനിന്നു.
സര്‍വകലാശാലകളുടെ നിയന്ത്രണം സിപിഎം ക്രിമിനലുകളുടെ കൈയിില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പുതിയ അംഗങ്ങളെ അനുവദിച്ചാല്‍ സര്‍വകലാശാലയിലെ സ്വജനപക്ഷപാതവും അഴിമതിയും പുറത്തുവരുമെന്ന് സിപിഎം ഭയക്കുന്നു. എല്ലാക്കാലത്തും ഇതുപോലെ തുടരാനാകുമെന്ന് കരുതേണ്ടെന്നും ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തുമെന്നും വി. മുരളീധരന് പറഞ്ഞു.
കേരളത്തിലെ ക്രമസമാധാനപാലനം നോക്കുക്കുത്തിയായെന്നും ഗുണ്ടകളെ കൂട്ടി മുഖ്യമന്ത്രി യാത്ര നടത്തുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരാണ് സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ജനത്തിന് അറിയാം. ഗവര്‍ണര്‍ക്കെതിരെ മുന്‍കൂട്ടി കത്തയച്ചതുകൊണ്ട് കാര്യമില്ല. വിഐപി സംസ്കാരം മാറ്റിവച്ച് ജനങ്ങളിലേക്ക് ഇറങ്ങുകയാണ് ആരിഫ് മുഹമ്മദ് ഖാന് ചെയ്തത്. പിണറായി വിജയന് അതിനുള്ള ധൈര്യം കാണില്ല. മുഖ്യമന്ത്രി ചിലതൊന്നും കാണുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: