തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസ് എടുത്തതില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
ഞാന്‍ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം എന്ന ഒരുവരിയിലൂടെ മാത്രമാണ് സതീശന് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വി.ഡി.സതീശനു പുറമേ ഷാഫി പറമ്പില്‍, എം.വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി 30 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേര്‍ക്കും.
പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എആര്‍ ക്യാംപില്‍നിന്നു ചാടിപ്പോയതിനടക്കം അഞ്ച് കേസുകളുമുണ്ട്. നവകേരള സദസ്സില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പോലീസും ഡിവൈഎഫ്ഐയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തിയത്. അത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: