ശബരിമല: മണ്ഡലപൂജയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ അഞ്ഞൂറോളം പോലീസുകാര്‍ കൂടുതലായി എത്തും. മണ്ഡലപൂജാ സമയത്ത് ആകെ 2700 ഓളം പേരെയാണ് ശബരിമലയില്‍ മാത്രമായി വിന്യസിക്കുക. നിലവില്‍ പോലീസ്, ആര്‍എഎഫ്, ബോംബ് സ്ക്വാഡ്, സിആര്‍പിഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയില്‍ ഉള്ളത്.
ഇതിന് പുറമെയാണ് പമ്പയിലും നിലയ്ക്കലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം. ഇതില്‍ ശബരിമലയിലെ 750 പേരുടെ ഡ്യൂട്ടി കഴിഞ്ഞ ദിവസം അവസാനിക്കുകയും പകരം പുതിയ ഉദ്യോഗസ്ഥര്‍ ചുമതല ഏല്ക്കുകയും ചെയ്തു. സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡിഐജി രാഹുല്‍ ആര്.നായര്‍ പുതിയ സേനാംഗങ്ങളെ സ്വാഗതം ചെയ്തു. തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരോട് ഏറ്റവും അനുഭാവത്തോടെ പെരുമാറണം. ഡ്യൂട്ടി പോയിന്റുകളില്‍ കൃത്യസമയത്ത് തന്നെ പോലീസുകാര്‍ ജോയിന്‍ ചെയ്യണം. അടുത്തയാള്‍ വന്നശേഷം മാത്രമേ ഡ്യൂട്ടി അവസാനിപ്പിക്കാന്‍ പാടുള്ളൂ. നിലവില്‍ ശബരിമലയിലെത്തുന്ന ഭക്തരില്‍ 40 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. അതുകൊണ്ട് പോലീസിന്റെ ഉത്തരവാദിത്തം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 10 ഡിവിഷനുകള്‍ തിരിച്ചാണ് ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 10 ഡിവൈഎസ്പിമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍, 105 എസ്ഐ, എഎസ്ഐമാര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള ആസൂത്രണമാണ് പോലീസ് നടത്തിവരുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ്. സുദര്ശനന് പറഞ്ഞു. മണിക്കൂറില്‍ നാലായിരത്തോളം ഭക്തജനങ്ങളാണ് പതിനെട്ടാം പടി കയറി ദര്‍ശനത്തിന് എത്തുന്നത്. എല്ലാവര്ക്കും സുഗമമായാ ദര്‍ശനം ഉറപ്പുവരുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പമ്പാനദിയില്‍ തീര്‍ത്ഥാടകര്‍ക്ക് സ്നാനത്തിന് വെള്ളത്തിന് കുറവ് ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുമായി ജലസേചനവകുപ്പ്. ആറാട്ട് കടവിലെ തടയണയില്‍ വെള്ളം തടഞ്ഞ് നിര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍ മഴ ഉള്ളതിനാല്‍ പമ്പയാറ്റില്‍ ആവശ്യത്തിന് ജലലഭ്യത ഉണ്ട്. എന്നാല്‍, ജനുവരി ആകുമ്പോഴേയ്ക്കും വെള്ളത്തിന്റെ അളവില്‍ കുറവ് സംഭവിക്കാന്‍ സാധ്യത ഏറെയാണ്. മകരവിളക്കിനോട് അടുക്കുന്തോറും ശബരീശ സന്നിധിയിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്കും വര്‍ദ്ധിക്കും. ഇത് മുന്നില്‍ കണ്ടുള്ള നടപടികളാണ് ജലസേചന വകുപ്പ് ആരംഭിച്ചിരിക്കുന്നത്.
പമ്പയില്‍ ത്രിവേണിക്ക് മുകളില്‍ ഉള്‍വനത്തില്‍ പണ്ടാരക്കയത്തിലാണ് ഒരു വലിയ തടയണയുള്ളത്. പണ്ടാരക്കയത്തെയും വാട്ടര്‍ അതോറിറ്റിയുടെയും രണ്ട് തടയണകള്‍ തുറന്ന് വിട്ട് വെള്ളം ക്രമീകരിക്കും. ജലനിരപ്പ് കൂടുതല്‍ തന്നാല്‍ കെഎസ്ഇബിയ്ക്ക് കത്ത് നല്കി കുള്ളാര്‍ ഡാമില്‍ നിന്നും ആവിശ്യത്തിന് വെള്ളം തുറന്ന് വിടാനും അതുവഴി പമ്പയിലെ ജലക്ഷാമം പരിഹരിക്കാനും നടപടി സ്വീകരിക്കും.
ആറാട്ട് കടവിലെ വലിയ തടയണ അടയ്ക്കുന്നതോടെ ത്രിവേണി ചെറിയപാലം വരെ തീര്‍ത്ഥാടകരുടെ സ്നാനത്തിനാവശ്യമായ വെള്ളം ലഭിക്കും. കക്കി നദിയില്‍ ശ്രീ രാമപാദം, ചക്കുപാലം എന്നി വിടങ്ങളിലെ തടയണകളില്‍ സംഭരിക്കുന്ന വെള്ളം തുറന്ന് വിട്ട് നദിയില്‍ ജലം ക്രമീകരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: