കോഴിക്കോട്: ഇടതുപക്ഷം ദുര്‍ബലമായെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനേയും വലതുപക്ഷത്തിനേയും വേര്‍തിരിക്കേണ്ട അതിര് എവിടെയാണെന്ന് പോലും ഇപ്പോള്‍ മനസിലാകുന്നില്ലെന്നും എം.മുകുന്ദന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷ മനോഭാവമുണ്ടെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പിന്തുടരുന്നത് മൂലധന വ്യവസ്ഥിതിയുടെ നിയമങ്ങളും സ്വഭാവങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് ഇവിടെ ഇടതുപക്ഷം ദുര്‍ബലമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരിന്റെ പക്ഷത്ത് നിന്ന് സത്യത്തെ സംരക്ഷിക്കുക എന്ന കടമ നിര്‍വഹിക്കുന്ന ഗണ്‍രഹിത ഗണ്‍മാന്മാരാണ് മാധ്യമപ്രവര്‍ത്തകരെന്നും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഒരേ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടവരാണെന്നും മുകുന്ദന്‍ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ അധ്യക്ഷനായി. ഐസിജെ ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍, കമാല്‍ വരദൂര്‍, ഒന്നാം റാങ്ക് നേടിയ എന്‍. ഗോപിക, പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറര്‍ പി.വി. നജീബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: