ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഇതില്‍ രണ്ടുപേര്‍ മുങ്ങിയും രണ്ടുപേര്‍ മതില് ഇടിഞ്ഞുവീണും ഒരാള്‍ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് പ്രളയ സമാന സാഹചര്യം.
തൂത്തുക്കുടി വിമാനത്താവളത്തില്‍ നിന്നുള്ള എട്ട് സര്‍വീസുകള്‍ റദ്ദാക്കി. നാല് ജില്ലകളില്‍ നിന്ന് 12650 പേരെ മാറ്റിപാര്‍പ്പിച്ചു. തൂത്തുക്കുടി- മധുര ഹൈവേയില്‍ ആന്റണിപുരത്ത് പാലം തകര്‍ന്നു. വസായ്പുരത്ത് കുടുങ്ങിക്കിടന്ന 118 പേരെ സൈന്യം രക്ഷപ്പെടുത്തി. തിരുനെല്‍വേലി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ടെങ്കിലും റോഡ് വെള്ളത്തിലായതിനാല്‍ വിതരണത്തിന് തടസം നേരിടുന്നുണ്ട്. അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. വെള്ളത്തിനടിയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ വിതരണത്തിനുമായി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യമാണ്.
കൂടുതല്‍ ഹെലികോപ്റ്ററുകള്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. നിലവില്‍ 230 ദുരന്തനിവാരണ സേനാംഗങ്ങളെയും 160ലധികം സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: