കൊച്ചി: സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പെന്ഷന് മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ‘ഭിക്ഷ തെണ്ടല്’ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനിയായ മറിയക്കുട്ടി അഞ്ചു മാസത്തെ വിധവ പെന്ഷന് കുടിശിക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി 21 ന് വീണ്ടും പരിഗണിക്കും.
1600 രൂപ വീതം പെന്ഷന് കഴിഞ്ഞ ജൂലൈ വരെ ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് ലഭിച്ചില്ലെന്നും മരുന്ന് വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കും ആകെയുള്ള വരുമാനം ഈ പെന്‍ഷനാണെന്നും മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നു. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്‍കാനുള്ള ഫണ്ട് സ്വരൂപിക്കാനായി സര്‍ക്കാര്‍ മദ്യത്തിനും പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിരുന്നു.
ഈ വകയില്‍ ലഭിക്കുന്ന തുക പെന്ഷന് നല്കാന് മതിയാവുമെങ്കിലും തുക വകമാറ്റി ചെലവഴിക്കുകയാണെന്ന് ഹര്‍ജിക്കാരി ആരോപിക്കുന്നു. വിധവാ പെന്‍ഷനടക്കമുള്ളവ നല്കാന് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ലഭിച്ചിട്ടില്ലെങ്കില്‍ ഉടന്‍ നല്കാന് നിര്‍ദേശിക്കണം. പെന്ഷന് കുടിശിക ലഭ്യമാക്കണം.
ഭാവിയില്‍ കുടിശിക ഉണ്ടാവരുതെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. പെന്ഷന് കുടിശികയ്ക്കു വേണ്ടി തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സാമൂഹ്യ ക്ഷേമ പെന്ഷന് മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തിയതിനെത്തുടര്‍ന്ന് ചിലര്‍ തനിക്ക് ഭൂസ്വത്ത് ഉണ്ടെന്ന തരത്തില്‍ പ്രചരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിനെതിരെ കേസ് നിലവിലുണ്ടെന്നും ഹര്‍ജിക്കാരി വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: