ഗവര്‍ണര്‍ സര്‍വകലാശാലകളുടെ സര്‍വാധിപനാണ്. അതറിയാത്തവരല്ല കേരളം ഭരിക്കുന്നത്. എന്നാല്‍ സിപിഎം വിദ്യാര്‍ഥി സംഘടനയ്ക്കതറിയുമോ എന്തോ? അറിയാമായിരുന്നെങ്കില്‍ അത്തരം ആക്രോശം നടത്തുമോ? ഗവര്‍ണറെ സര്‍വകലാശാലകളില്‍ കാലുകുത്താന്‍ അനുവദിക്കില്ല. കയറിയാല്‍ തീര്‍ത്തുകളയും എന്നതായിരുന്നു ഭീഷണി. അത് കേട്ടിട്ടാകണം, ‘അതൊന്നു കാണണമല്ലൊ’ എന്ന മട്ടില്‍ ഗവര്‍ണറും. കോഴിക്കോട് സര്‍വകലാശാലയിലായിരുന്നു ആദ്യം ചെന്നത്. ഗവര്‍ണര്‍ എത്തുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് ഏതാനും പേര് മുദ്രാവാക്യവും ബാനറുമായിചെന്നു. പോലീസ് നല്ല സൗഹൃദത്തില്‍ അവരെയൊക്കെ നീക്കി. സൗഹൃദത്തിലാണെങ്കിലും പോലീസിനെ കണ്ടാല്‍ ചൊറിച്ചില്‍ വരുന്നവരല്ലെ. ഞങ്ങളെ തൊടാന്‍ വരേണ്ടെന്ന ഭീഷണി. പിന്നെ ഒരു ഉപദേശവും ‘ഗവര്‍ണറുടെ ചന്തി കഴുകി കൊടുക്കൂ’. ഏതായാലും ഗവര്‍ണര്‍ കോഴിക്കോടെത്തും മുന്‍പ് പിള്ളേരുടെ ശല്യം ഒഴിവായി. അല്ലെങ്കില്‍ ഒഴിവാക്കി.
പിറ്റേ ദിവസം സര്‍വകലാശാലയില്‍ നിന്നും ഗവര്‍ണര്‍ ഇറങ്ങിയപ്പോഴും തിരിച്ചെത്തിയപ്പോഴും പിള്ളേരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. അന്ന് ചെത്താനും പിടിക്കാനുമൊന്നും ചെന്നില്ല. കാരണമെന്തെന്നല്ലേ. പാണക്കാട്ടെ തങ്ങളുടെ മകന്റെ കല്യാണമായിരുന്നു. അതിനായി പോകാനും തിരിച്ചുവരാനും ഒരു കുഴപ്പവുമുണ്ടായില്ല. നല്ല മര്യാദക്കാരായ വിദ്യാര്‍ഥികള്‍, ആ മര്യാദ എന്തെ തിരുവനന്തപുരത്ത് കണ്ടില്ല. അതാരും ചോദിച്ചേക്കരുത്. ദന്തല്‍ കോളജിലേക്ക് പോകുന്ന വഴിക്കെല്ലാം കരിങ്കൊടിയും പിടിച്ച് സഖാക്കള്‍, അത് സ്വകാര്യപരിപാടിയായിരുന്നില്ലെ. പക്ഷേ, കല്യാണം പോലെയല്ലല്ലൊ പല്ല് കാണിക്കല്‍. ലീഗ് നേതാവിന്റെ മകന്റെ കല്യാണത്തിനെത്തുമ്പോള്‍ അലങ്കോലമാകുന്നതിന്റെ അലോസരം സിപിഎം നേതാക്കള്‍ തിരിച്ചറിഞ്ഞു. പിള്ളേരെയും അതറിയിച്ചിരിക്കണമല്ലൊ.
ഗവര്‍ണര്‍ കാവിവല്‍ക്കരിക്കുന്നു എന്നാണ് ആക്ഷേപം. കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണറുടെ സഹായം ബിജെപി ആവശ്യപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ഭാരതത്തിന്റെ ഭൂപടമെടുത്താല്‍ സിംഹഭാഗവും കാവിയാണ്. അത് ഏതെങ്കിലും ഗവര്‍ണര്‍ ഉണ്ടാക്കിയതല്ല. കേരളത്തേക്കാള്‍ കടുകട്ടി കമ്മ്യൂണിസ്റ്റുകാരുണ്ടായിരുന്നതല്ലെ പശ്ചിമബംഗാള്‍. അവിടെ 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചതല്ലെ. അവിടെ തരിപോലുമില്ല നിയമസഭയില്‍ സിപിഎമ്മിന്. അതുപോലെയല്ലെ ത്രിപുര. അവിടുത്തെ സ്ഥിതിയും അതുതന്നെയല്ലെ. ഏതെങ്കിലും ഗവര്‍ണര്‍മാരുടെ എന്തെങ്കിലും കഴിവോ കരുത്തോ അതിനുണ്ടോ?
ഇവിടെ ക്രിമിനലുകളെ ഉപയോഗിച്ച് സിപിഎം കാണിക്കുന്നത് തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയലാണ്. ഇവിടത്തെ എല്ലാ മന്ത്രിമാര്‍ക്കെതിരായും മുഖ്യമന്ത്രിക്കെതിരായും ഇത്തരം അനാവശ്യങ്ങള്‍ ആരെങ്കിലും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ. ഇതൊന്നും ശരിയായ നടപടിയല്ല. ഭീഷണിയും കൈയ്യൂക്കും കായബലവും കൊണ്ട് രാജ്ഭവനെ ഭീഷണിപ്പെടുത്താം എന്ന് വിചാരിച്ചാല്‍ അത് നടപ്പില്ല. സെനറ്റില്‍ നാമനിര്‍ദ്ദേശം ചെയ്തതല്ലെ ഗവര്‍ണര്‍ ചെയ്ത കുറ്റം. ഇപ്പോള്‍ ഒരു സെനറ്റിന്റെ നിയമനം മാത്രമാണ് നടന്നിരിക്കുന്നത്. ഇനി എല്ലാ സെനറ്റിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വരും. നിങ്ങളുടെ കൈപിടിയില്‍ നിന്ന് കേരളത്തിലെ സര്‍വകലാശാലകളെ മോചിപ്പിക്കും. സ്വയംഭരണം കൊണ്ടുവരും. അവിടെ ബിജെപി ഇല്ല, ആര്‍എസ്എസ് ഇല്ല. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഇല്ല. എകെജി സെന്ററില്‍ നിന്ന് കത്ത് കൊടുത്തയയ്ക്കുന്നതുപോലെ, മാരാര്‍ജി ഭവനില്‍ നിന്ന് ആ സ്വഭാവമില്ല.
മാരാര്‍ജി ഭവനില്‍ നിന്നോ, മാധവ നിവാസില്‍ നിന്നോ ആര്‍ക്കും കത്തുകൊടുക്കുന്ന സ്വഭാവമില്ല. സര്‍വകലാശാലകളുടെ സ്വയംഭരണം പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. അതാണ് നടപ്പാവുന്നത്. ഈ ഗവര്‍ണറെ ഉടനെ മാറ്റണം, തിരിച്ചുവിളിക്കണം എന്നൊക്കെയാണ് ചില ആളുകള്‍ പറഞ്ഞിരിക്കുന്നത്. ഗവര്‍ണര്‍ അഞ്ചു കൊല്ലം കൂടി കേരളത്തില്‍ വേണമെന്നാണ് ബിജെപിക്കാര്‍ ആഗ്രഹിക്കുന്നത്. ഒരു അഞ്ചു കൊല്ലം കൂടി കേരളത്തില്‍ ഇരുന്നാല്‍ നിങ്ങളൊക്കെ ആപ്പീസ് പൂട്ടി പേകേണ്ടി വരും. ഇത്രയും കാലം വിദ്യാര്‍ഥികളുടെ പേര് പറഞ്ഞ് കൊള്ളയടിച്ച്, സര്‍വകലാശാലകളെ മുഴുവന്‍ പാര്‍ട്ടി ആപ്പീസുകളാക്കി നടത്തിയ പരിശ്രമം ഇനി വിജയിക്കില്ല എന്നാണ് വ്യക്തമാകുന്നത്.
കോഴിക്കോട് മിഠായിത്തെരുവില്‍ അപ്രതീക്ഷിതമായി ഇറങ്ങിയ ഗവര്‍ണറുടെ നടപടിയും സര്‍ക്കാറിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു. ജനങ്ങളെ കൈയിലെടുത്ത ഗവര്‍ണറുടെ നടപടി കോഴിക്കോട്ടുകാര്‍ക്ക് വലിയ മതിപ്പാണുണ്ടാക്കിയത്. അതും മുഖ്യമന്ത്രിയെ വല്ലാതെ സങ്കടപ്പെടുത്തി. കേരളത്തിലെ ക്രമസമാധാനത്തിന്റെ ഉദാഹരണമെന്ന പൊങ്ങച്ചവും മുഖ്യമന്ത്രിവച്ചുകാച്ചി. കണ്ണൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തിറങ്ങിയതും വല്ലാതെ ക്ഷുഭിതനാക്കി. ”കണ്ണൂരിനെക്കുറിച്ച് ഞാന്‍ മോശമായി പറഞ്ഞുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. കണ്ണൂരിലെ സിപിഎം ഫാസിസത്തെയാണ് എതിര്‍ത്തത്. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് ഉത്തരവാദിയായ ആള് അവിടെ ജനങ്ങളെ ഭീഷണിപ്പെടുത്തിയ പോലെ എന്നെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഞാന്‍ ഭയപ്പെടില്ല”. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നിന്ന് നാടകീയമായി പുറത്തിറങ്ങി കോഴിക്കോട്ടേക്ക് തിരിക്കുന്നതിനു മുന്‍പ് മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും, സേന നിഷ്ക്രിയമായിരിക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. കേരള പൊലീസ് രാജ്യത്തെ മികച്ച പൊലീസ് സേനകളില്‍ ഒന്നാണ്. എന്നാല്‍ പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. പൊലീസ് നിഷ്ക്രിയമായിരിക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണ്. പൊലീസ് നീക്കിയ ബാനര്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനേയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍വകലാശാലാ ഭരണത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഇടപെടുക? രാഷ്ട്രീയ നേതാക്കളില്‍നിന്ന് വൈസ് ചാന്‍സലര്‍ നിര്‍ദേശം സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശമില്ലേ? സര്‍വകലാശാലയുടെ ഭരണം നടത്താന്‍ എനിക്ക് ഉദ്ദേശ്യമില്ല. അത് എന്റെ കര്‍ത്തവ്യമല്ല. എന്നാല്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കുട്ടിസഖാക്കള്‍ക്കും കലിപ്പിറങ്ങാതിരിക്കുന്നതെങ്ങിനെ.
ഗവര്‍ണര്‍ കോഴിക്കോടുള്ളപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ‘സിപിയെ വെട്ടിയ നാടാണേ’ എന്നെഴുതിയ ബാനറുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സിപിയെ വെട്ടിയ നാടു തന്നെ, പക്ഷേ അതില്‍ സിപിഎമ്മിന് എന്തുണ്ട് അഭിമാനിക്കാന്‍ എന്നാരും ചോദിച്ചേക്കരുത്. ‘മിസ്റ്റര്‍ ചാന്‍സലര്‍ ഡോന്‍ഡ് സ്പിറ്റ് പോയിസന്‍ ആന്‍ഡ് പാന്‍ പരാഗ് ഓണ്‍ യൂണിവേഴ്സിറ്റീസ്’ എന്നും കറുത്ത നിറത്തിലുള്ള ബാനറില്‍ എഴുതിയിട്ടുണ്ട്. ക്യാമ്പസില്‍ ഗവര്‍ണറുടെ കോലവും കത്തിച്ചാണവര് മടങ്ങിയത്. ഏഴുവര്‍ഷമായി മടക്കിവച്ച മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും അവസരം കിട്ടിയല്ലോ എന്ന സന്തോഷത്തിലാണവര്‍. ഇതിനേക്കാള്‍ വാശിയോടെ മുദ്രാവാക്യം വിളിച്ച പലരും കേരളത്തിലെ അതിഥി തൊഴിലാളികളാണെന്ന സത്യം മറന്നുപോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: