കൊച്ചി: അടിയന്തിരാവസ്ഥയെക്കുറിച്ച് എസ്. എഫ്.ഐ നടത്തുന്ന വീരവാദത്തിന്റെ മുന ഒടിച്ച് എം എല്‍ രമേശ്. അടിയന്തരാവസ്ഥ കാലത്ത് എറണാകുളം മഹാരാജാസ് കോളേജില്‍ തോമസ് ഐസക്ക്, ബിനോയ് വിശ്വം എന്നിവര്‍ക്കൊപ്പം പഠിച്ചിരുന്ന രമേശ് അന്നത്തെ സംഭവങ്ങള്‍ വ്യക്തമാക്കി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. അറിയപ്പെടുന്ന കലാകാരനായ രമേശിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ എസ്. എഫ്.ഐ വീരവാദം മുഴക്കുന്നത്. വീരവാദം മുഴക്കുന്നവര്‍ പലരും അന്നു ജനിച്ചിട്ടു പോലും ഇല്ല. അന്നത്തെ സ്ഥിതിയെന്തായിരുന്നുവെന്ന് ഒന്നു നോക്കാം.
ഞാന്‍ അന്നു എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ തോമസ് ഐസക്കും ബിനോയ് വിശ്വവും എം.എ വിദ്യാര്‍ത്ഥികളായിരുന്നു. ബിനോയ് വിശ്വം ഏ ഐ എസ് എഫ് നേതാവായിരുന്നു. അവര്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ പിന്തുണച്ചവരായിരുന്നു. അതിനാല്‍ കെ.എസ്.യു കൂടാതെ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഒരേ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം അവരായിരുന്നു. ബിനോയ് വിശ്വവും ഏതാനും പേരും മാത്രമെ അതിലുണ്ടായിരുന്നുള്ളൂ.
തോമസ് ഐസക് എസ് എഫ് ഐ നേതാവായിരുന്നു. വലിയ തടിച്ച പുസ്തകങ്ങളും കയ്യിലേന്തി ഒരു ബുജി ജാടയില്‍ എപ്പോഴും മുറുക്കി അവിടെ സ്വന്തം ക്ലാസ്സിലിരുന്നതല്ലാതെ ഒന്നും ചെയ്തിരുന്നില്ല. എസ് എഫ് ഐ ക്കാരുടെ സമരവീര്യമെല്ലാം വട്ടപ്പൂജ്യമായിരുന്നു. അന്ന് മഹാരാജാസ് കോളേജ് ചെങ്കോട്ടയുമായിരുന്നില്ല.
കെ എസ് യുക്കാരുടെ കാലമായിരുന്നു അത്. അവര്‍ വിലസി നടന്ന കാലം. അവരുടെ ഗുണ്ടായിസം നടന്നിരുന്ന കാലം. അവരുടെ നേതാവ് ഒരു ജോണായിരുന്നു.
എന്റെ ക്ലാസ്സില്‍ ഒരു ഹരിജന്‍ വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. അയ്യപ്പന്. അയാള്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഒരു സാധുവായിരുന്നെങ്കിലും എസ് എഫ് ഐ ക്കാരനായിരുന്നു. ഈ കെ എസ് യുക്കാരുടെ ഹോബി രാത്രി മദ്യപിച്ചിട്ട് പോയി ഈ അയ്യപ്പനെ മര്‍ദ്ദിക്കുന്നതായിരുന്നു. ആ പാവം ആ മര്‍ദ്ദനം മുഴുവന്‍ സഹിക്കുകയായിരുന്നു.
ഒരു ദിവസം അയാള്‍ എന്നോട് ഈ വിവരങ്ങള്‍ പറഞ്ഞു. ഞാന്‍ അയാളോടു ചോദിച്ചു എന്തിനാണ് ഇങ്ങനെ സഹിക്കുന്നത്. നിങ്ങളുടെ പാര്‍ട്ടി അങ്ങനെയല്ലല്ലോ? എവിടെ പോയി നിങ്ങളുടെ വീര്യമെല്ലാം എന്ന്. അതിന് അയാളുടെ മറുപടി ഒന്നും ചെയ്യരുതെന്നാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നതെന്ന്. എനിക്ക് അയാളോട് സഹതാപം തോന്നി. അതായിരുന്നു ഈ ചോരച്ചാലുകള്‍ നീന്തി കയറിയ എസ് എഫ് ഐ യുടെ അന്നത്തെ അവസ്ഥ. വെറും ഭീരുക്കളായിരുന്നു.
ഞങ്ങള്‍ സംഘ സ്വയംസേവകര്‍ കുറച്ചുപേര്‍ മഹാരാജാസില്‍ ഉണ്ടായിരുന്നു. ഏബിവിപി പ്രവര്‍ത്തനമൊന്നുമുണ്ടായിരുന്നില്ല. കെ.ആര്. ഉമാ കാന്തന്, എന്‍.സി. ഇന്ദുചൂഡന്, അശോക് പിന്നെ ഞാനും. പക്ഷെ, അടിയന്തിരാവസ്ഥയ്ക്ക് എതിരെയുള്ള ലഘുലേഖകള്‍ പ്രചരിപ്പിക്കുന്ന പണി ഞങ്ങള്‍ കോളേജില്‍ ചെയ്തിരുന്നു. ഇന്ദുചൂഡന്റെ കെമിസ്ട്രി ക്ലാസ്സില്‍ ഉച്ചഭക്ഷണത്തിനായി ഞങ്ങള്‍ കൂടുമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റു സ്വയംസേവകരെയും മറ്റും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം ഞങ്ങള്‍ രഹസ്യമായി ചെയ്തിരുന്നു. വിവേകാനന്ദ വിദ്യാര്‍ത്ഥി സമിതി എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി. ചില പരിപാടികളും നടത്തി. വന്ദേ മാതരം ഗാനത്തിന്റെ ശതാബ്ദി വരെ ഞങ്ങള്‍ ആഘോഷിച്ചു. രഹസ്യമായി.
ഒരിക്കല്‍ ഒരു രഹസ്യ ലഘുലേഖ ഉമാകാന്തന്‍ ഐസക്കിനു കൈമാറുന്നത് കെ എസ് യുവിന്റെ ജോണ്‍ കണ്ടുപിടിച്ചു. ആ രഹസ്യ ലഘുലേഖ, കുരുക്ഷേത്രം വാങ്ങിക്കാന്‍ പോലും ഐസക്കിനു ഭയമായിരുന്നു. പക്ഷെ, രണ്ടു പേരും ജോണിന്റെ കയ്യില്‍ പെട്ടു. അയാളും കൂട്ടരും രണ്ടു പേരേയും തടഞ്ഞുവച്ചു. പോലീസില്‍ അറിയിച്ചു. പോലീസ് വന്നു രണ്ടു പേരേയും പിടിച്ചു കൊണ്ടുപോയി. അതിനിടയില്‍ ഫീസ് കൊടുക്കാനായി ഉമാ കാന്തന് പോക്കറ്റില്‍ വച്ചിരുന്ന 100 രൂപ ജോണ്‍ തട്ടിയെടുത്തു. ഐസക്കിനെ പോലീസ് ഒന്നും ചെയ്തില്ല. പക്ഷെ, ഉമാകാന്തനെ അവര്‍ ചെറുതായി ഒന്നു പെരുമാറി. രണ്ടു പേരയും അന്നത്തെ രീതിയനുസരിച്ച് ഉകഞ തടവുകാരാക്കി. ഇങ്ങനെ അബദ്ധത്തിലാണ് തോമസ് ഐസക് തടവിലായത്.
കുറെ നാള് മുമ്പുള്ള ഒരു മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്ന അഭിമുഖത്തില്‍ തോമസ് ഐസക് പറഞ്ഞത് അദ്ദേഹത്തെ ചായക്കടയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു വഴി നീളെ മര്‍ദ്ദിച്ചു വലിച്ചിഴച്ചു കൊണ്ടുപോയിയെന്നു പറഞ്ഞു. അങ്ങനെ ഒന്നു നടന്നതായിട്ട് അറിവില്ല. അന്നത്തെ കോടതി, ജയില്‍, പോലീസ് രേഖകള്‍ പരിശോധിച്ചാല്‍ വിവരങ്ങള്‍ കിട്ടുന്നതാണ്.
ഉമാകാന്തനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞതും ഞാനും ഇന്ദുചൂഡന് കോളേജില്‍ നിന്നു മാറി. അതുകൊണ്ട് ഞങ്ങള്‍ കോളേജില്‍ നടത്താന്‍ നിശ്ചയിച്ച സത്യാഗ്രഹം റദ്ദു ചെയ്തു.
രണ്ടു മാസം കഴിഞ്ഞു ഉമാകാന്തന്‍ ജയില്‍ മോചിതനായി. ആ സമയം മഹാരാജാസിന്റെ ശതാബ്ദി ആഘോഷ സമയമായിരുന്നു. ഞാന്‍ ഒരു കലാകാരനായതിനാല്‍ ചരിത്ര വിഭാഗത്തിന്റെ പ്രദര്‍ശനം ഒരുക്കുന്ന ചുമതല എന്നിലേക്കു വന്നു. കുറെ ചിത്രങ്ങള്‍ വരയ്ക്കാനുണ്ടായിരുന്നു. അതിന്റെ കൂട്ടത്തില്‍ ഞാന്‍ വരച്ച ഛത്രപതി ശിവജിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചു. കെ എസ് യുക്കാരായിരുന്നു മേല്‍നോട്ടം. അതിനാല്‍ അവരുമായി ചങ്ങാത്തത്തിലായി. അവരെ കാണുമ്പോഴൊക്കെ എന്റെ പുസ്തകത്തിനിടയില്‍ രഹസ്യ ലഘുലേഖയുണ്ടാകുമായിരുന്നു. അവര്‍ക്ക് എന്നെ സംശയമില്ലാത്തതിനാല്‍ ഞാന്‍ അതും കൊണ്ട് അവരുടെ കൂടെ ധൈര്യമായിട്ടു നടന്നു. ഒരു തരത്തിലും അവര്‍ അതു ശ്രദ്ധിക്കാതെ ഞാന്‍ നോക്കിയിരുന്നു.
ഉമാകാന്തനില്‍ നിന്നും ജോണ്‍ പിടിച്ചു പറിച്ച നൂറു രൂപ തിരികെ വാങ്ങിക്കണമെന്നു ഞങ്ങള്‍ തീരുമാനിച്ചു. ശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ ജോണിനെ ഒരു ദിവസം ഒറ്റയ്ക്കു കിട്ടി. ഉമാകാന്തനും ഇന്ദുചൂഡനും പിന്നെ അവരുണ്ടെന്ന ധൈര്യത്തില്‍ ഞാനും ചേര്‍ന്ന് ജോണിനെ വളഞ്ഞു. മറ്റാരും ആ ഭാഗത്തുണ്ടായില്ല. അയാള്‍ ഞങ്ങളെ കണ്ടതും ഭയന്നു പോയി. മഹാരാജാസിനെ വിറപ്പിച്ചു കൊണ്ടിരുന്നയാളാണെന്നോര്‍ക്കണം. ഉമാകാന്തന്‍ ജോണിനോട് കാശു ചോദിച്ചു. ജോണ്‍ ഒന്നും പറയാതെ പോക്കറ്റില്‍ നിന്നും നൂറു രൂപയെടുത്തു കൊടുത്തു. ഭയന്ന അയാള്‍ പറഞ്ഞു നിങ്ങള്‍ക്ക് എന്റെ ഒരു രോമത്തില്‍ തൊടാന്‍ പറ്റില്ലയെന്ന്. എന്തിനും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന ഉമാകാന്തന്‍ പറഞ്ഞു ആ പണി ഞങ്ങള്‍ക്കില്ല ജോണേ എന്ന്.
ഉമാകാന്തന്‍ പിന്നീട് സംഘ പ്രചാരക്കായി. ബി ജെ പിയുടെ സംസ്ഥാന സംഘടന സെക്രട്ടറിയായി. ഇന്ദുചൂഡന് ഡി.എഫ്. ഓ ആയി വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: