വീടുപണി തുടങ്ങുന്നതിനു മുമ്പായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
വീടുവയ്‌ക്കാന്‍ ഭൂമി കണ്ടെത്തിയാല്‍ ആ സ്ഥലം വെട്ടി നിരപ്പാക്കി ആവശ്യമില്ലാത്ത മരങ്ങള്‍ മുറിച്ചുമാറ്റി കെട്ടിടസാമഗ്രികള്‍ ഇറക്കുന്നതിനുവേണ്ടി ഒരു ഭാഗം ഒഴിവാക്കി മറ്റ് മൂന്നു ഭാഗവും മതില്‍ കെട്ടണം. ഇങ്ങനെ ചെയ്താല്‍ അവിടെ പണിയുന്ന ഗൃഹം പെട്ടെന്ന് പൂര്‍ത്തിയാകും. കൂടാതെ പ്രകൃതിയുടെ അദൃശ്യമായ ചില ദുഷ്ടശക്തികളുടെ കടന്നുകയറ്റം ഒഴിവാക്കാനും ഈ മതില്‍ കൊണ്ട് സാധിക്കും.
അടുത്തതായി കിണറിന് സ്ഥാനം കാണണം. വടക്കുകിഴക്ക് ഭാഗം മീനം രാശിയില്‍ കിണര്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഭൂമിക്ക് അനുസൃതമായി പ്ലാന്‍ തയാറാക്കുക. അതില്‍ കിഴക്കുഭാഗവും വടക്കുഭാഗവും കൂടുതല്‍ സ്ഥലം വരത്തക്കവിധം ക്രമീകരിക്കുക. തെക്കുപടിഞ്ഞാറുഭാഗം ഭൂമി അല്‍പ്പമെങ്കിലും ഉയര്‍ന്നിരിക്കുന്നതു നല്ലതാണ്. വീടിന്റെ ദര്‍ശനം ഗൃഹനായികയുടെ ജന്മനക്ഷത്രം പരിശോധിച്ച് ഏതു ദിക്കാണ് ഭാഗ്യദിക്ക് എന്നു കണ്ടെത്തി കൊടുക്കുന്നത് നല്ലത്. നല്ല ഒരു ദിവസം നോക്കി തെക്കുപടിഞ്ഞാറ് (കന്നിമൂല) ഭാഗത്തു തറക്കല്ലിടണം.
വീട്ടിലെ പൂജാമുറിക്ക് പ്രത്യേകമായി അളവുകള്‍ കല്‍പ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അളവുകള്‍ പറയാമോ?
വീട്ടിലെ പൂജാമുറിക്ക് പ്രത്യേകമായ അളവുകള്‍ ഒന്നും തന്നെ കല്‍പ്പിച്ചിട്ടില്ല. ഗൃഹാന്തരീക്ഷത്തിന് അനുസരിച്ച് പൂജാമുറി പണിയുകയാണ് വേണ്ടത്. സ്ഥലം ഉണ്ടെങ്കില്‍ മുറിയായിട്ടും അതല്ലെങ്കില്‍ വിളക്ക് കത്തിക്കുവാന്‍ ഒരു സുരക്ഷിതമായ സ്ഥാനവും കണ്ടെത്തുക. വീടിന്റെ കിഴക്ക് ഭാഗത്ത് വരുന്നതാണ് നല്ലത്. വടക്ക് കിഴക്ക് മൂല ഏറ്റവും ഉത്തമമാണ്.
പതിനഞ്ച് വര്‍ഷം മുമ്പ് ഒരു വീട് വിലയ്‌ക്ക് വാങ്ങി താമസിക്കുകയായിരുന്നു. പ്രസ്തുത വീടിന് രണ്ട് പുമുഖമുണ്ട്. വടക്കും കിഴക്കും. കിഴക്ക് ദര്‍ശനമാണെങ്കില്‍ പുതിയ റോഡ് വന്നത് കാരണം വീടിന്റെ വടക്ക് ഭാഗത്ത് ചെറിയ ഒരു മാറ്റം വരുത്തി. അതിനുശേഷം വീട്ടില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങളാണ്. വാസ്തുശാസ്ത്രം അറിയാവുന്ന ഒരാളെക്കൊണ്ട് വീട് പരിശോധിപ്പിച്ചപ്പോള്‍ പുതുതായി വടക്ക് പണികഴിപ്പിച്ച ഭാഗം ദോഷത്തിലാണ് നില്‍ക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് വിദഗ്ധ ഉപദേശം തേടുന്നു.
ഇതില്‍ നിന്നും മനസ്സിലാകുന്നത് നേരത്തെ കിഴക്ക് ദര്‍ശനമായി നിന്നിരുന്ന വീട് വാസ്തുശാസ്ത്രപരമായി ശരിയായിരുന്നു. വടക്ക് ഭാഗത്ത് വിധിപ്രകാരമല്ലാത്ത രീതിയില്‍ പൂമുഖം വന്നതോടെ വീടിന്റെ സന്തുലനാവസ്ഥയ്‌ക്ക് മാറ്റം വന്നു. അതാണ് നിങ്ങളുടെ ഇപ്പോഴത്തെ ദുരിതത്തിന് കാരണം. വിദഗ്ധനായ വാസ്തുതുപണ്ഡിതനെക്കൊണ്ട് വീട് പരിശോധിപ്പിച്ച് വേണ്ട മാറ്റങ്ങള്‍ ചെയ്താല്‍ ഇതിന് പരിഹാരമാകും.
പത്ത് സെന്റിനകത്ത് ഒരു ചെറിയ കോണ്‍ക്രീറ്റ് വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ആ സ്ഥലവും വീടും വിലയ്‌ക്ക് വാങ്ങി. കുറച്ച് മാറ്റം വരുത്തി. പിന്നീട് വടക്ക് പടിഞ്ഞാറായി ഒരു കിണര്‍ പുതുതായി എടുക്കുകയും അതിനടുത്ത് ടോയ്‌ലറ്റ് പണിയുകയും ചെയ്തു. കൂടാതെ ഹാള്‍ മുറിയില്‍നിന്നും കയറത്തക്കരീതിയില്‍ കോമണ്‍ ടോയ്‌ലറ്റും പണിതു. പ്രസ്തുത പണികളെല്ലാം ചെയ്തതിനുശേഷം മനസ്സമാധാനമില്ലാത്ത അവസ്ഥയാണ്. എന്നും അസുഖങ്ങളാണ് ഫലം. എന്താണിതിന് കാരണം?
പുതുതായി വടക്ക് പടിഞ്ഞാറ് ഭാഗത്ത് കുഴിച്ച കിണറാണ് ദുരിതത്തിന് കാരണം. ഇതിന് പരിഹാരമായി, കഴിയുമെങ്കില്‍ വീടും കിണര്‍ നില്‍ക്കുന്ന ഭാഗവുമായി ഒരു മതില്‍കെട്ടി വേര്‍തിരിക്കുക. അതുപേലെ വീടിനകത്ത് ഹാളില്‍നിന്നും കയറത്തക്ക രീതിയിലുള്ള ടോയ്‌ലറ്റ് ഒഴിവാക്കുക. വീടിന് സത്യനാരായണ പൂജ ചെയ്യുന്നത് ഒരു പരിധിവരെ ദോഷങ്ങള്‍ ഇല്ലാതാകുവാന്‍ സഹായിക്കും.
വീടു പണിയുന്നതിനു മുമ്പായി വാസ്തുദേവന് എന്തൊക്കെ
പൂജകളാണ് ചെയ്യേണ്ടത്?
വീടു പണിയുന്നതിനു മുമ്പ് ഭൂമി വെട്ടിത്തെളിച്ചു നിരപ്പാക്കിയ ശേഷം നല്ലൊരു ദിവസം നോക്കി വടക്കുകിഴക്കു ഭാഗത്തിരുന്ന് ഭൂമിപൂജ ചെയ്യേണ്ടതാണ്. തറരക്ഷ ചെയ്യുന്നതിനു വേണ്ടി ഭൂമിയുടെ നാലു മൂലയ്‌ക്കും പൂജ ചെയ്ത്, തകിടുകളോ രത്‌നങ്ങളോ സ്ഥാപിക്കുന്നത് നല്ലതാണ്. വാസ്തുപൂജ ചെയ്യുന്നത് വാസ്തു ദേവനേയും അമ്പത്തിമൂന്നു ദേവഗണങ്ങളേയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക