തിരുവനന്തപുരം: നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിളിച്ച് ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഡസന്‍ കണക്കിന് അനധികൃത നിര്‍മാണങ്ങളുടെ കണക്ക് നിരത്തി ബിജെപി. പോത്തീസ് തുണിക്കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പെര്‍മിറ്റില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ സ്ഥലത്ത് നിർമാണം നടത്തി. മാത്രമല്ല പാര്‍ക്കിംഗ് സ്ഥലവും കെട്ടിയടച്ച് വ്യാപാര കേന്ദ്രമാക്കി നിയമലംഘനവും നടത്തിയിരിക്കുകയാണ്. പോത്തീസിന്റെ നിയമലംഘനം മൂലം നികുതിയിനത്തില്‍ വന്‍ തുകയാണ് നഗരസഭയ്‌ക്ക് നഷ്ടമാകുന്നതെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍ പറഞ്ഞു.
അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിക്ക് സാധിച്ചിട്ടില്ലെന്നും എം.ആര്‍ ഗോപന്‍ ആരോപിച്ചു. പൊതുജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ കൈയ്യേറ്റ സ്ഥലത്ത് ആദ്യം ഗ്രന്ഥശാല എന്ന ബോര്‍ഡ് വയ്‌ക്കുകയും ക്രമേണ സിഐടിയു ഓഫീസോ പാര്‍ട്ടി ഓഫീസോ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഫോര്‍ട്ട് വാര്‍ഡിലെ തെക്കേകോട്ട മില്‍മയ്‌ക്ക് സമീപത്ത് പൊതുസ്ഥലം കൈയ്യേറി നിര്‍മ്മിച്ച കൃഷ്ണയ്യര്‍ ഗ്രന്ഥശാല ഇപ്പോള്‍ സിപിഎം ഓഫീസാണ്, കാലടി വാര്‍ഡിലെ മരുതൂര്‍ക്കടവിന്റെ ഇരുവശത്തും കൈയ്യേറ്റം നടത്തിയിരിക്കുന്നത് ഇതേ രീതിയിലാണ്. ഒരു വശത്ത് എകെജി ഗ്രന്ഥശാല എന്ന പേരില്‍ കെട്ടിടം കെട്ടി. അതിന്റെ സമീപത്ത് മറ്റൊരു കെട്ടിടം നിര്‍മിച്ച് പാര്‍ട്ടി ഓഫീസാക്കി മാറ്റി. ഈ നിര്‍മാണങ്ങള്‍ കരമനയാറ്റിലേക്കുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസമുണ്ടായിട്ടുണ്ട്. വലത് വശത്ത് പാര്‍ട്ടി പ്രവര്‍ത്തകനായ സ്വകാര്യ വ്യക്തി സ്ഥലം കൈയ്യേറി നിരവധി കടമുറികള്‍ നിര്‍മിച്ച് അനധികൃത ടിസി സമ്പാദിച്ച് വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണെന്നും എം.ആര്‍ ഗോപന്‍ പറഞ്ഞു.
കിള്ളിപ്പാലം ബണ്ട് റോഡില്‍ കിള്ളിയാര്‍ കൈയ്യേറി അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരായതിനാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബണ്ട് റോഡില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിട്ടും ഇന്നുവരെ അതിന് സാധിച്ചിട്ടില്ലെന്ന് കരമന അജിത്ത് ആരോപിച്ചു. ആറ് തവണ സ്‌റ്റോപ് മെമ്മോ നല്‍കിയ അനധികൃത കെട്ടിടം ഉദ്ഘാടനം ചെയ്തത് പാര്‍ട്ടിയുടെ ഏര്യാ സെക്രട്ടറിയാണെന്നും കരമന അജിത്ത് പറഞ്ഞു.
അവധി ദിനത്തിലാണ് അനിധികൃത നിര്‍മാണം നടക്കുന്നതെന്നും ഇത് കൈയ്യേറ്റങ്ങള്‍ക്ക് ഇടയാക്കുന്നു. അതിനാല്‍ കൂടുതല്‍ ഹോളിഡെ സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് തിരുമല അനില്‍ പറഞ്ഞു. പി. അശോക്കുമാര്‍, മധുസൂദനന്‍ നായര്‍ തുടങ്ങിയവരും സംസാരിച്ചു. ഠൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ്.സുജാദേവി തങ്ങളുടെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പ് സംസാരിക്കാന്‍ ആരംഭിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. കൈയ്യേറ്റം നടത്തിയവരുടെ രാഷ്‌ട്രീയം നോക്കാതെ, ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ ആര്യാരാജേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: