അയോധ്യ: അയോധ്യയില്‍ പുതുതായി നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ ആറ് ദര്‍ശനങ്ങളിലെ ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും പങ്കെടുക്കും. നാലായിരത്തോളം പുരോഹിതരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ആത്മീയ നേതാവ് ദലൈലാമ, യോഗ ഗുരു ബാബാ രാംദേവ്, മാതാ അമൃതാനന്ദ മയി,
സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന് വാസുദേവ് കാമത്ത്, ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് ദേശായിയെയും മറ്റു നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.പ്രാണ പ്രതിഷ്ഠയ്ക്കുള്ള പൂജ ജനുവരി 16ന് ആരംഭിച്ച് ജനുവരി 22 വരെ തുടരും.
.പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ജനുവരി 24 മുതല്‍ 48 ദിവസത്തേക്ക് ആചാരാനുഷ്ഠാനങ്ങളനുസരിച്ച് ‘മണ്ഡലപൂജ’ നടക്കും. ജനുവരി 23ന് ക്ഷേത്രം ഭക്തര്‍ക്കായി തുറക്കും..അതിഥികള്‍ക്ക് അയോധ്യയില്‍ മൂന്നിലധികം സ്ഥലങ്ങളില്‍ തങ്ങാന്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുകൂടാതെ വിവിധ മഠങ്ങളും ക്ഷേത്രങ്ങളും വീട്ടുകാരും ചേര്‍ന്ന് 600 മുറികള്‍ ലഭ്യമാക്കിയിട്ടുണ്ട്.പ്രതിഷ്ഠ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അയോധ്യ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതരും അറിയിച്ചു. ഭക്തര്‍ക്കായി ഫൈബര്‍ ശുചിമുറികള്‍ സ്ഥാപിക്കുമെന്നും സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള മുറികള്‍ സജ്ജീകരിക്കുമെന്നും മുനിസിപ്പല്‍ കമ്മിഷണര്‍ വിശാല്‍ സിങ് പറഞ്ഞു. രാമന്റെ ജീവിതത്തില്‍ നിന്നുള്ള 108 സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ടേബിളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ‘രാം കഥ കുഞ്ച്’ ഇടനാഴി രാമജന്മഭൂമി സമുച്ചയത്തില്‍ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: