ശബരിമല: ശബരീശദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടര്‍ക്ക് പരീക്ഷണമായി പതിനെട്ടാം പടികയറ്റം. തീര്‍ത്ഥാടകരെ കൈയിലും കഴുത്തിലും പിടിച്ച് പോലീസുകാര്‍ വലിച്ചെറിയുകയാണ്. നൂറ് കണക്കിന് തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേല്‍ക്കുന്നത്.
മണിക്കൂറുകള്‍ കാത്തുനിന്ന് ശബരീശ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നേരെയാണ് സോപാനത്ത് പോലീസിന്റെ മൂന്നാം മുറ. പതിനെട്ടാംപടിയിലും തിരുനടയ്ക്ക് മുന്നിലുമടക്കം ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ മനുഷ്യത്വരഹിതമായ ബലപ്രയോഗമാണ് നടത്തുന്നത്. സന്നിധാനത്ത് പോലീസിന്റെ മൂന്നാം ബാച്ച് ഇക്കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പരാതികള്‍ ഏറിയത്.
പ്രായാധിക്യമുള്ള അയ്യപ്പന്മാരോടുപോലും ഒരു മയവും ചിലര്‍ കാട്ടാറില്ല. ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് നേരെയാണ് ബലപ്രയോഗങ്ങള്‍ ഏറെയും. പടി കയറുന്നതിനിടെ തീര്‍ത്ഥാടരുടെ പുറത്ത് ശക്തിയായി അടിക്കും. പടിക്ക് മുകളില്‍ നില്ക്കുന്ന എസ്ഐമാര്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളുന്നത് മൂലം കുട്ടികള്‍ അടക്കമുള്ളവര്‍ കൊടിമരച്ചുവട്ടിലേക്ക് നില തെറ്റി വീഴാറുണ്ട്. വീഴ്ചയില്‍ പരിക്കേല്ക്കുന്നവര്ക്കൊപ്പമെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രതിഷേധിക്കുന്നത് പതിവാണ്.
മണിക്കൂറുകള്‍ ക്യൂവില്‍പ്പെട്ട് അവശരായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു നിമിഷം പോലും ദര്‍ശനത്തിന് അനുവദിക്കാതെ തിരുനടയുടെ മുന്നില്‍ നിന്നും അരക്കെട്ടിലും ഇരുമുടിയിലും പിടിച്ച് ബലമായി തള്ളുന്നതും പതിവാണ്. ഫ്ളൈ ഓവര്‍ ഒഴിഞ്ഞു കിടക്കുന്ന സമയങ്ങളില്‍ പോലും മതിയായ ദര്‍ശന സൗകര്യമൊരുക്കാന്‍ പോലീസ് തയാറാകുന്നില്ലെന്ന പരാതിയും ഉയരുന്നു.
മണ്ഡലകാലം ആരംഭിച്ച ശേഷം സന്നിധാനത്ത് ചുമതലയേറ്റ ആദ്യ പോലീസ് ബാച്ചിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പരാതികള്‍ ഉയര്‍ന്നിരുന്നില്ല. പക്ഷേ രണ്ടും മൂന്നും ബാച്ചുകളെക്കുറിച്ച് രൂക്ഷമായ പരാതികളാണ് ഉയരുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് സമാന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അത്തരക്കാരെ സോപാന ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: