ന്യൂദല്‍ഹി: സംഭാവന സ്വീകരിക്കാനായി ബിജെപി കാലങ്ങളായി ഉപയോഗിക്കുന്ന വെബ്സൈറ്റിന്റെ അതേ പേരില്‍ സംഭാവനാ പ്രചാരണവുമായി കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി രാജ്യത്താകെ പണം പിരിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡൊണേറ്റ് ഫോര്‍ ദേശ് ക്യാമ്പയിന് ആണ് വിവാദമായത്. പ്രായപൂര്‍ത്തിയായവരില്‍ നിന്ന് 138 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ് സംഭാവനയായി പിരിക്കുകയെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഡൊണേറ്റ് ഫോര്‍ ദേശ് എന്ന പേരില്‍ ഹാഷ് ടാഗുകളും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ നിറച്ചാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. ഡൊണേറ്റ് ഫോര്‍ ദേശ് ഡോട്ട് ഓആര്‍ജി എന്ന വെബ്സൈറ്റിലൂടെയാണ് ബിജെപി നിരവധി വര്‍ഷങ്ങളായി രാഷ്ട്രീയ സംഭാവനകള്‍ സ്വീകരിക്കുന്നത്. സമാനമായ പേരുപയോഗിച്ച് ബിജെപിക്ക് ജനങ്ങള്‍ നല്കാന് ആഗ്രഹിക്കുന്ന പണം കൂടി തട്ടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നാണ് ആരോപണം.
ഡൊണേറ്റ് ഫോര്‍ ദേശ് എന്ന് സേര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ലിങ്കിലൂടെ ഡൊണേറ്റ് ഐഎന്‍സി ഡോട്ട് ഇന്‍ എന്ന ലിങ്ക് ഓപ്പണാക്കി കോണ്‍ഗ്രസിലേക്ക് പണം പോകുന്നതാണ് പുതിയ നീക്കം. ഡൊണേറ്റ് ഫോര്‍ ദേശ് ഡോട്ട് കോം എന്ന വെബ്സൈറ്റ് വിലാസവും ഡൊണേറ്റ് ഫോര്‍ ദേശ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ് വിലാസവും ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന് ധനസമാഹരണത്തിനായി ഉപയോഗിക്കുന്ന ലിങ്കുകളാണ്. ഇത്തരത്തില്‍ സമാനമായ പേരുപയോഗിച്ച് ധനസമാഹരണത്തിനാണ് കോണ്‍ഗ്രസിന്റെയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: