കൊല്ലം: യൂത്ത് കോണ്‍ഗ്രസുകാരെ തന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍ തല്ലിച്ചതയ്‌ക്കുന്നത് ഇതുവരെ കണ്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബസിനു മുന്നിലേക്ക് ചാടിയവരെ യൂണിഫോം ഇട്ട പോലീസുകാര്‍ പിടിച്ചുമാറ്റുന്നതാണ് കണ്ടത്. തന്റെ കണ്‍മുന്നില്‍ കണ്ടതാണ് താന്‍ പറഞ്ഞത്, വേറൊന്നും കണ്ടിട്ടില്ല. മുഖ്യമന്ത്രി കൊട്ടാരക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനില്‍കുമാര്‍ മര്‍ദിക്കുന്നത് പത്ര-ദൃശ്യമാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായ സംഭവം കണ്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഞായറാഴ്ച രാത്രി വൈകിയും ഗവര്‍ണറുമായി ബന്ധപ്പെട്ടു നടന്ന വിഷയങ്ങള്‍ കൃത്യമായി കാണുകയും, വാര്‍ത്താ സമ്മേളനത്തില്‍ വിശദമായി പ്രതികരിക്കുകയും ചെയ്തു.
ഇതോടെ, മുഖ്യമന്ത്രി പറയുന്നതെല്ലാം കളവാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ ചെടിച്ചട്ടികൊണ്ട് തല്ലിച്ചതച്ചിരുന്നു. ബസിനു മുന്നിലേക്ക് ചാടിയവരെ ഡിവൈഎഫ്‌ഐക്കാര്‍ രക്ഷിക്കുന്നതാണ് കണ്ടതെന്നും, ഈ രക്ഷാപ്രവര്‍ത്തനം ആവര്‍ത്തിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും, മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഈ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും, റിമാന്‍ഡിലായ പ്രതികള്‍ ജയില്‍ മോചിതരായിട്ടും ‘ചെടിച്ചട്ടി മര്‍ദനം’ കണ്ടതായി ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അണികള്‍ ചെയ്യുന്ന ഗുണ്ടാ പ്രവത്തനങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ച്, ന്യായീകരിക്കുന്ന മുഖ്യമന്ത്രി നവകേരള സദസുകളില്‍ നുണ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വാസ്യത ഓരോ ദിവസവും നഷ്ടമാവുകയാണ്.
ഗവര്‍ണറെ വീണ്ടും അധിക്ഷേപിച്ച് മുഖ്യമന്ത്രി
ഗവര്‍ണര്‍ നില വിട്ട മനുഷ്യനാണ്. കയറൂരി വിടുന്നവര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ ഓടിക്കളഞ്ഞെന്ന് വീരവാദം മുഴക്കുകയാണ് ഗവര്‍ണര്‍. അവരവിടെ നിന്നെങ്കില്‍ നിങ്ങളെന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഞാനിരിക്കുന്ന സ്ഥാനത്തെ മാനിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്തും കാണിക്കാമെന്ന് വിചാരിക്കരുത്. ഇത്തരം ആളുകളോട് എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് നന്നായറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ചില വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കുകയാണ്. അങ്ങേയറ്റം പ്രകോപനം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുണ്ട്. ശാന്തമായി പോകുന്ന കേരളത്തില്‍ കലുഷിത അന്തരീക്ഷം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുകയാണ്. ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
ഗവര്‍ണര്‍ക്ക് വേറെ എന്തോ ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്നും ഇതു പോലൊരു വ്യക്തിയെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ ആവുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യങ്ങളൊക്കെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: