വാരാണസി: സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് പിന്നാലെ ജനങ്ങള്‍ നടക്കേണ്ട സാഹചര്യം ഉണ്ടാവരുതെന്നും ക്ഷേമ പദ്ധതികള്‍ ഗുണഭോക്താക്കളിലേക്ക് പൂര്‍ണ്ണമായും എത്തുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഓരോ പൗരനും ലഭ്യമാക്കുന്നതുറപ്പാക്കാന്‍ ലക്ഷ്യമിട്ട് നഗര-ഗ്രാമങ്ങളിലൂടെ നടക്കുന്ന വികസിത ഭാരത സങ്കല്‍പ്പ യാത്രയുടെ കാശിയിലെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി സംവദിച്ചു. 19,000 കോടി രൂപയുടെ 37 വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു.
വികസിത ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ വിത്തു മുളച്ചുകഴിഞ്ഞാല്‍ അടുത്ത 25വര്‍ഷത്തെ രാജ്യത്തിന്റെ പുരോഗതി നമ്മുടെ ഭാവിതലമുറ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നുമുള്ള മോചനമാണ് വികസിത ഭാരതം. വിജയകരമായ ക്ഷേമ പദ്ധതികള്‍ പൗരന്മാരില്‍ അഭിമാനബോധം സൃഷ്ടിക്കും.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തടസ്സങ്ങളില്ലാതെ ശരിയായ സമയത്ത് ജനങ്ങളില്‍ എത്തുക എന്നതാണ് ആവശ്യം. പ്രധാനമന്ത്രി ആവാസ് യോജന ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായത്തോടെ വീടുകള്‍ ജനങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെടുക തന്നെ വേണം. അതിനായി സര്‍ക്കാരിന് പിന്നാലെ ജനം പോകേണ്ടതില്ല.
ജനത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാവണം സര്‍ക്കാര്‍ സംവിധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരത സങ്കല്‍പ്പ യാത്രയുടെ വാനില്‍ സന്ദര്‍ശനം നടത്തിയ മോദി, ക്വിസ് മത്സരവേദിയിലും എത്തി. വികസിത ഭാരത സങ്കല്‍പ്പയാത്ര പ്രദര്‍ശനം ഒരുക്കിയ കട്ടിങ് മെമ്മോറിയല്‍ ഇന്റര്‍ കോളജിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: