ന്യൂദല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആറാമന്‍ മഹേഷ് കുമാവതാണ് ഡിസംബര്‍ 13ലെ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ്.
കഴിഞ്ഞ ദിവസം ഒളിവില്‍ പോയി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച ശേഷം പൊലീസിന് പിടികൊടുത്ത ലളിത് മനോഹര്‍ ജാ ആണ് മുഖ്യആസൂത്രകന്‍ എന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴാണ് ശനിയാഴ്ച പൊലീസില്‍ കീഴടങ്ങിയ മഹേഷ് കുമാവതാണ് പാര്‍ലമെന്‍റ് ആക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ എന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. മാത്രമല്ല, മഹേഷ് കുമാവതിന്റെ നിര്‍ദേശപ്രകാരമാണ് ലളിത് മനോഹര്‍ ജാ എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ തെളിവുകള്‍ നശിപ്പിക്കാനായി കൂട്ടിയിട്ട് കത്തിച്ചത്. പൊലീസ് ഏതാണ്ട് പൂര്‍ണ്ണമായും കത്തിയ ഈ മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ ബന്ധപ്പെട്ടവര്‍ ആരൊക്കെ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചോരാതിരിക്കാനാണ് മൊബൈല്‍ ഫോണുകള്‍ കത്തിച്ചത്.
മഹേഷ് കുമാവത് കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ലമെന്‍റ് സുരക്ഷ ഭേദിച്ച് ആക്രമണം നടത്തുന്നതിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതോടെ വന്‍ ആസൂത്രണത്തോെടെ നടന്ന പാര്‍ലമെന്‍റ് ആക്രമണം സങ്കീര്‍ണ്ണമായ ഒരു കേസാണെന്നും വമ്പന്‍ സ്രാവുകള്‍ ഇതിന് പിന്നിലുണ്ടെന്നും പൊലീസ് കരുതുന്നു.
ആക്രമണം നടത്തിയ നാല് യുവാക്കള്‍ അംഗങ്ങളായ ഭഗത് സിങ്ങ് ക്ലബ്ബില്‍ മഹേഷ് കുമാവതും അംഗമാണ്. ആക്രമണത്തിന് ശേഷം പ്രതികളായവരുടെ മുഴുവന്‍ മൊബൈല്‍ ഫോണുകളും കത്തിച്ചു കളയാന്‍ അഞ്ചാമനായ ലളിത് മനോഹര്‍ ജായോടെ നിര്‍ദേശിച്ചത് മഹേഷ് കുമാവതാണ്. ഛത്രപതി ശിവജിയുടെയും ഭഗത് സിംഗിന്റെയും ആരാധകനാണ് താനെന്ന് മഹേഷ് കുമാവത് അവകാശപ്പെടുന്നു.
ഇദ്ദേഹം രാജസ്ഥാനിലെ നഗോര്‍ സ്വദേശിയാണ്. ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം അവിടെ രഹസ്യയോഗം ചേര്‍ന്നിരുന്നു. പൊലീസ് കൂടുതലായി മഹേഷ് കുമാവതിനെ ചോദ്യം ചെയ്യുകയാണ്. പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണറിയുന്നത്.
മഹേഷ് കുമാവതിനെ കൂടാതെ അഞ്ച് പേരാണ് പിടിയിലായത്. മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ, ലളിത് കുമാര്‍ ജാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ രാവിലെ സസ് പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: