Categories: Article

തകരുന്ന ചൈനീസ് തന്ത്രങ്ങള്‍; പ്രതിസന്ധി തരണം ചെയ്യാന്‍ നയങ്ങള്‍ മാറ്റുമോ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍?

മുന്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ പറഞ്ഞതു പോലെ ചൈനയുടെ സമ്പദ്‌വ്യവസ്ഥ അസ്ഥിരവും അസന്തുലിതനുമായി തീര്‍ന്നു.

Published by

ഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ സമാനതകളില്ലാത്ത വളർച്ചയാണ് ചൈനയുടേത്. അത് രാഷ്‌ട്രീയത്തിലായാലും സാമ്പത്തിക്ര്യകങ്ങളില്‍ ആയാലും. മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഒരു പോരാട്ടം കാഴ്ചവയ്‌ക്കാനും ചൈനയ്‌ക്ക് സാധിച്ചു. രാജ്യത്തിന്റെ പല ഘടകങ്ങളും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങളും ഇന്ന് കാണുന്ന ചൈനയുടെ വേഗതയേറിയതും തുടര്‍ച്ചയുള്ളതുമായ മുന്നേറ്റത്തിന് കാരണമായി. എന്നാല്‍ ആ കുതിപ്പ് അല്‍പ്പം മങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ പ്രകടമാകുന്നത്. തിരിച്ചുവരാന്‍ രാജ്യത്തിന് സാധിക്കുമോ എന്ന ചിന്തയിലാണ് രാഷ്‌ട്രീയ നിരീക്ഷകരും.

30 വര്‍ഷത്തിലേറെയായി, ചൈനീസ് മോഡല്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച, നഗരവല്‍ക്കരണം, ദാരിദ്ര്യം കുറയ്‌ക്കല്‍ എന്നിവ സൃഷ്ടിച്ചു. എന്നാല്‍ ഇത് വന്‍തോതിലുള്ള പാരിസ്ഥിതിക തകര്‍ച്ച, അഴിമതി, വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങള്‍, ഭീമമായ കടബാധ്യത, യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തല്‍ എന്നിവയിലേക്ക് നയിച്ചു. ഒരു വശത്ത് കയറ്റുമതി മിച്ചവും മറുവശത്ത് മൂലധന രൂപീകരണവും ലക്ഷ്യമിട്ട് ഗാര്‍ഹിക ഉപയോക്താക്കളുടെ ഉപഭോഗം ബോധപൂര്‍വം അടിച്ചമര്‍ത്തപ്പെട്ടു. ഇത് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് നയിച്ചു. അന്നത്തെ പ്രധാനമന്ത്രി വെന്‍ ജിയാബോ പറഞ്ഞതു പോലെ ചൈനയുടെ സമ്പദ്‌വ്യവസ്ഥ അസ്ഥിരവും അസന്തുലിതവുമായി തീര്‍ന്നു. 2007ല്‍ നേരിട്ട ഈ അവസ്ഥ മറികടക്കാനാണ് രാജ്യം ശ്രമിച്ചത്.

ഇതിന്റെ ഭാഗമായി ചൈന കേന്ദ്രീകരിച്ചത് ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലായിരുന്നു. അത് മികച്ച രീതിയില്‍ നടപ്പിലാക്കുന്നതാണ് പിന്നീട് ലോകരാജ്യങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടത്. തത്ഫലമായി ഏറ്റവും മൂല്യവത്തായ 25 സാങ്കേതിക കമ്പനികളില്‍ ഒമ്പതും ചൈനയുടെ ഉടമസ്ഥതയിലാണ്. ഗ്രീന്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ ഉയര്‍ന്നുവരുന്ന മേഖലകളില്‍ ചൈന മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ സ്ഥായിയായ കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തൽ ചിന്തകളാല്‍ ശാസ്ത്ര സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിന് അത് വഴി വച്ചില്ല. ഉദാഹരണത്തിന്, വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൗലികമായ ചിന്താഗതിയല്ല, ചിട്ടയായ പഠനമാണ് വളര്‍ത്തിയെടുത്തത്. അതുപോലെ, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കൂടുതലായ സ്വയംഭരണാധികാരം ഇല്ലായിരുന്നു, അതിനാല്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ ഒരിക്കലും ആഗോള ശാസ്ത്ര സമൂഹത്തിന്റെ ഭാഗമാകുകയും സൗഹൃദ തലത്തില്‍ ആശയങ്ങള്‍ കൈമാറുകയും ചെയ്തില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ‘മറ്റുള്ളവരോടുള്ള അവിശ്വാസം’ മൂലമാകാം ഇതെന്ന് മറ്റു രാജ്യങ്ങള്‍ വിലയിരുത്തി.

സമാനമായ അവസ്ഥയാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും കാണാന്‍ സാധിച്ചത്. പുറത്തു നിന്നുള്ള നിക്ഷേപക സൗഹൃദ വിനിമയങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഇക്വിറ്റി, ബോണ്ട് മാര്‍ക്കറ്റുകള്‍ ഇന്നും വേണ്ടത്ര വികസിതമല്ല. സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ തുറന്നു കൊടുക്കാത്തതുകൊണ്ടു തന്നെ രാജ്യത്തിന് ആവശ്യമായ നേട്ടങ്ങള്‍ അതില്‍ നിന്ന് ഉണ്ടാക്കാനും സാധിച്ചില്ല. കറന്‍സി മുല്യത്തില്‍ വര്‍ധനവും സാധ്യമല്ലാതായി. സാമ്പത്തിക വ്യവസ്ഥയുടെ ഈ ദൗര്‍ബല്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് സമ്പ്രദായത്തോടുള്ള അവിശ്വാസത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്. ലോക സമ്പദ്‌വ്യവസ്ഥയെ പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന ചൈന തങ്ങളുടെ മാര്‍ക്കറ്റുകള്‍ ഒരു ഘട്ടത്തിനപ്പുറം ആഗോള സജ്ജീകരണവുമായി സംയോജിപ്പിക്കുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം.

ചൈന തീര്‍ച്ചയായും വളരെ സ്വാധീനമുള്ളതും ലോക വേദിയില്‍ ഗണ്യമായ പ്രകടനം കാഴ്ചവക്കാനും സാധിക്കുന്ന ഒരു കളിക്കാരനുമാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങള്‍ ചൈനയുടെ മാത്രമല്ല. ലിബറല്‍ പാശ്ചാത്യ സാമ്പത്തിക വികസന മാതൃകയോട് മുഖം തിരിക്കുകയാണെങ്കിൽ അതിന് ഒരു പുതിയ മാര്‍ഗം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ യഥാര്‍ത്ഥ ഗ്ലോബല്‍ വില്ലേജ് എന്ന സങ്കല്‍പ്പം ഉപേക്ഷിക്കപ്പെടുകയാണ്, പല രാജ്യങ്ങളും (ഭാരതം ഉള്‍പ്പെടെ) തങ്ങളുടെ വ്യാവസായിക നയങ്ങള്‍ (ഭാരതത്തിലെ ആത്മനിര്‍ഭാരത് പോലെ) പുനര്‍രൂപകല്‍പ്പന ചെയ്യുകയും വിപണികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെക്കാള്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ഇതെല്ലാം രാജ്യത്തെ ജനങ്ങളുടെ വളര്‍ച്ചയ്‌ക്കും ക്ഷേമം ഉറപ്പാക്കാനും നിശ്ചിത വേഗതയിലുള്ള സാമ്പത്തിക വളര്‍ച്ചക്കും വേണ്ടിയാണ്.

എന്നാല്‍ വിവിധ വിഷയങ്ങളിലുള്ള ചൈനയുടെ നിലപാടുകളും പ്രതികരണങ്ങളും ലോകരാജ്യങ്ങളില്‍ നിന്ന് അവരെ ഒറ്റപ്പെടുത്തുകയാണ്. ഭൗമരാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ (റഷ്യ പോലുള്ളവ ഉക്രൈൻ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം), കാലാവസ്ഥാ വ്യതിയാനം (ആഗോള താപനം), വിനാശകരമായ സാങ്കേതികവിദ്യകള്‍ (നിര്‍മിത ബുദ്ധി) എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് സംഭവവികാസങ്ങള്‍ ലോകം നേരിടുമ്പോള്‍ സോഷ്യലിസത്തിലേക്കോ കമ്മ്യൂണിസത്തിലേക്കോ ഒരു തിരിച്ചുവരവ് പ്രായോഗികമോ അഭികാമ്യമോ അല്ലെന്ന് പലരും മനസിലാക്കുന്നു. എന്നാല്‍ ലോക രാജ്യങ്ങള്‍ തങ്ങൾക്ക് ഒരു ഭീഷണിയല്ലെന്ന് ചൈന തെളിയിക്കേണ്ടിയിരിക്കുന്നു. അതിനര്‍ത്ഥം അവരെ മറ്റുരാജ്യങ്ങള്‍ ഒഴുമാക്കുമെന്നല്ല. ഭാരതം ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ചൈന ഇപ്പോഴും മികച്ച ഒരു ഇറക്കുമതിക്കാരനാണ്. അത് സെമികണ്ടക്റ്റര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തിലായാലും വില കുറച്ചുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ ആയാലും ചൈനയ്‌ക്ക് ഇപ്പോഴും മാര്‍ക്കറ്റില്‍ അംഗീകാരമുണ്ട്.

അതേസമയം നിരവധി വലിയ കമ്പനികള്‍ ചൈന വിട്ട് ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ അവരുടെ നിലനില്‍പ്പ് ചോദ്യത്തിലാകുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by