ദുബായ്: വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഭാരതവും, ഒമാനും ഒപ്പ് വെച്ചു. വിവരസാങ്കേതികവിദ്യ, ആശയവിനിമയം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാ പത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വച്ചതായി ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഭാരത സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ഈ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചത്. സാമ്പത്തിക വിവരങ്ങൾ പരസ്‌പരം കൈമാറുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും ഈ ധാരണാപത്രങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
അതേ സമയം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഭാരതത്തിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ന്യൂദൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച്ച. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധങ്ങൾ, ഇവ കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികൾ എന്നിവ ഇരുവരും ചർച്ചയിൽ വിശകലനം ചെയ്‌തു.
വിവിധ മേഖലകളിൽ ഇന്ത്യയും, ഒമാനും ചേർന്ന് പ്രവർത്തിക്കുന്നതിന്റെ സാധ്യതകളും ഇരുവരും ചർച്ച ചെയ്‌തു. ഈ ചർച്ചയ്‌ക്ക് മുന്നോടിയായി ഒമാൻ ഭരണാധികാരിയ്‌ക്ക് ഭാരതത്തിന്റെ പ്രസിഡന്റ് ദ്രൗപതി മുർമു രാഷ്‌ട്രപതി ഭവനിൽ വെച്ച് ഔദ്യോഗിക സ്വീകരണം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: