രാജ്യത്തെ തടവുകാരുടെ എണ്ണം ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലും അധികമെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. 2022 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തുള്ള 1,330 ജയിലുകളിലായി ഏകദേശം 5,73,220 തടവുകാരാണ് ഉള്ളത്.
4,36,266 തടവുകാരെയാണ് ജയിലുകളിൽ ഉൾക്കൊള്ളാനാകുന്നത്. എന്നാൽ ഇതിലും ഒരു ലക്ഷത്തിൽ അധികം തടവുകാരാണ് നിലവിൽ ജയിലുകളിൽ കഴിയുന്നത്. ജയിലിൽ അനുവദനീയമായ തടവുകാരുടെ എണ്ണത്തിൽ 31.4 ശതമാനം അധികമാണിത്. തടവുകാർ നേരിടുന്ന പ്രധാന പ്രശ്നമെന്നത് അന്തേവാസികൾ വർദ്ധിക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെടുന്നുവെന്നതാണെന്ന് എൻസിആർബിയുടെ റിപ്പോർട്ടിൽ പറയുന്നു.
8,369 തടവുകാരെ പാർപ്പിക്കുന്നതിനുള്ള ശേഷിയാണ് നിലവിൽ കേരളത്തിലെ ജയിലുകളിലുള്ളത്. എന്നാൽ 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 8,883 അന്തേവാസികളാണ് ജയിലിൽ കഴിയുന്നത്. ഇത് അനുവദിച്ചിട്ടുള്ളതിലും 6.1 ശതമാനം കൂടുതലാണെന്ന് പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ജയിലിൽ അന്തേവാസികൾക്കായി ചിലവഴിച്ചത് 48.25 കോടി രൂപയാണ്. ഇതിൽ ഭക്ഷണത്തിന് വേണ്ടി ചിലവഴിച്ചത് 30.96 കോടി രൂപയാണ്. വസ്ത്രത്തിന് വേണ്ടി ചിലവഴിച്ചത് 81 ലക്ഷം രൂപയും ആരോഗ്യം ചികിത്സ എന്നിവയ്‌ക്ക് വേണ്ടി ചിലവാക്കിയത് 1.28 കോടി രൂപയുമാണ്. വിദ്യാഭ്യാസ ചിലവുകൾക്ക് വേണ്ടി 41 ലക്ഷം എന്നിങ്ങനെയാണ് ചിലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: