തൃശൂര്‍: വണ്ടിപ്പെരിയാറില്‍ ക്രൂരമായി വേട്ടയാടപ്പെട്ട പിഞ്ചുകുഞ്ഞിന് നീതി തേടി മാതൃ പ്രതിഷേധം സംഘടിപ്പിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ തടവിലാക്കിയ പോലീസ് നടപടി അപലപനീയമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യന് വ്യക്തമാക്കി.
ശിശുഘാതകന് രക്ഷപ്പെടാന്‍ പാകത്തില്‍ അന്വേഷണത്തില്‍ വീഴ്ച്ചവരുത്തി കേസ് അട്ടിമറിച്ച പോലീസിനെതിരെയാണ് മഹിളാമോര്‍ച്ചയുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ സമാനതകളില്ലാത്ത അതിക്രമവും കൈയേറ്റവുമാണ് പോലീസ് നടത്തിയത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച നീതികേടിനെതിരെ പ്രതികരിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കാനും പോലീസ് ശ്രമിക്കുന്നതായി അവര്‍ കുറ്റപ്പെടുത്തി.
അധികാരത്തിന്റെ കരിങ്കോട്ടയില് വാഴുന്നവര്‍ നീതി തേടിയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ മാതൃശക്തി സമാഹരിച്ച് പ്രതിരോധം തീര്‍ക്കാന്‍ ഏതറ്റം വരെ പോകാനും മഹിളാമോര്‍ച്ച തയ്യാറാകും. പോലീസ് അതിക്രമത്തിനെതിരെ മഹിളാമോര്‍ച്ച ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് കരിദിനമാചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: