കാസര്‍കോട്: ഒഡീഷയിലെ മദ്യരാജാവും കോണ്‍ഗ്രസ് നേതാവുമായ ഡി.പി. സാഹു, റോബര്‍ട്ട് വദ്രയുടെ ബിനാമിയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. എന്‍ഡിഎ കാസര്‍കോട് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് രാജ്യസഭാ അംഗത്തിന്റെ മടയില്‍ ചെന്ന് 300 കോടിയില്‍പരം കള്ളപ്പണം റെയ്ഡ് ചെയ്ത് പിടിച്ചത് മോദിയുടെ അഴിമുക്ത ഭാരതം എന്ന ഗ്യാരണ്ടിയാണ്. രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസ് നടത്തിയ അഴിമതി പണം യുഎഇയിലെ മദ്യരാജാവ് തൃശ്ശൂര്‍ സ്വദേശിയായ തമ്പിയെ ഏല്പിച്ചവരാണ് സോണിയയുടെ കുടുംബം. കള്ളപ്പണ വേട്ടയെപറ്റി രാഹുലും സോണിയയും മൗനം പാലിക്കുന്നത് ഇവരുടെ അവിഹിത ബിസിനസ് വിവരങ്ങള്‍ പുറത്തുവരുമെന്ന് ഭയന്നിട്ടാണ്. പിണറായി വിജയനും മകള്‍ വീണയും സിപിഎമ്മിന് എന്നും ബാധ്യതയാണ്. സ്വാശ്രയസമരം കത്തിനില്ക്കുമ്പോള് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരയില്‍ ചവിട്ടി സ്വാശ്രയ കോളജില്‍ ചേര്‍ന്നതാണ് വീണ. ഭരണം കിട്ടിയപ്പോള്‍ ബെഗളൂരുലെ കമ്പനി പൂട്ടി ക്ലിഫ് ഹൗസില്‍ വന്നിരുന്ന് മാസപ്പടി പിരിക്കുകയാണ്. മുഖ്യമന്ത്രിയേയും മകള്‍ വീണയേയും ഒഴിവാക്കുന്നില്ലെങ്കില്‍ സിപിഎമ്മിന് ബംഗാളിലെ ഗതിവരും, അബ്ദുള്ളക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചിട്ടും രക്ഷയില്ലാത്ത സിപിഎം ഹമാസിനെ മുന്നണിയില്‍ എടുത്തിരിക്കുകയാണ്. സിപിഎമ്മിന്റെ ദുര്‍ഭരണത്തില്‍ മനം മടുത്ത ജനം രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുകയാണ്. ഈ രാഷ്ട്രീയ ധ്രുവീകരണം കേരളത്തില്‍ മാറ്റമുണ്ടാക്കുമെന്നും അത് എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്നും അബ്ദുളള കുട്ടി പറഞ്ഞു.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം അധ്യക്ഷനായി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ആര്‍എല്‍ജെപി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണന് വാഴുന്നോറടി, ജെഡിഎസ് ജില്ലാ സെക്രട്ടറി രാമചന്ദ്രന് ആചാരി, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വിജയന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്, വിജയകുമാര്‍ റൈ എന്നിവര്‍ സംസാരിച്ചു.
എന്‍ഡിഎ കാസര്‍കോട് ജില്ലാ കണ്വെന്ഷന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: