Categories: Kerala

തല്ലിച്ചതയ്‌ക്കാന്‍ ഗണ്‍മാന്‍; ന്യായീകരിച്ച് മുഖ്യമന്ത്രി

Published by

ആലപ്പുഴ: പ്രതിഷേധക്കാരെ ക്രൂരമായി തല്ലിച്ചതയ്‌ക്കുന്ന ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനത്തിനു മുന്നില്‍ ചാടിവീണവരെ പോലീസ് തടയുന്നതാണ് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയില്‍ യൂണിഫോമിട്ട പോലീസുകാര്‍ പ്രതിഷേധക്കാരെ തടയുന്നതാണ് ഞാന്‍ കണ്ടത്. അംഗരക്ഷകര്‍ മര്‍ദ്ദിക്കുന്നത് കണ്ടില്ല. വാഹനത്തിന് മുന്നിലേക്ക് ചാടുന്ന അവസ്ഥയുണ്ടായപ്പോഴാണ്‌പോലീസുകാര്‍ പിടിച്ചുമാറ്റിയത്. ഇന്നത്തെ നിലയ്‌ക്ക് കരിങ്കൊടി പ്രതിഷേധവുമായി വരാമോ എന്ന് അവര്‍ ചിന്തിക്കണം.

കഴിഞ്ഞദിവസം വൈകിട്ട് നവകേരള ബസ് ജനറല്‍ ആശുപത്രിക്കു സമീപമെത്തിയപ്പോഴാണ് ഗണ്‍മാന്‍ അനിലിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവര്‍ത്തകരെയാണ് തല്ലിയത്. ബസിനു സമീപമെത്തി മുദ്രാവാക്യം മുഴക്കുമ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഇവരെ പിടിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ, ബസിനു പിന്നാലെ വന്ന അകമ്പടി വാഹനത്തില്‍ നിന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാനും, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ലാത്തിയുമായി ചാടിയിറങ്ങി തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഗണ്‍മാന്റെ അടിയേറ്റ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിന്റെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേറ്റു. ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ഇടുക്കിയില്‍ നവകേരള സദസിനിടെ പത്ര ഫോട്ടോഗ്രാഫറെ ആക്രമിച്ചതിനെയും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ന്യായീകരിച്ചു. എന്റെ കൂടെയുള്ള അംഗരക്ഷകര്‍ എന്നു പറയുന്നത് എനിക്ക് വേറെ ഒന്നും സംഭവിക്കരുത് എന്നതിന്റെ ഭാഗമായിട്ട് നില്‍ക്കുന്നവരാണ്. ഒരാള്‍ ക്യാമറയും കൊണ്ട് തള്ളിയിങ്ങ് വരുകയാണ്. അതു സാധാരണയില്‍നിന്നു വ്യത്യസ്തമായാണ് വരുന്നത്. അയാളെ തള്ളിമാറ്റുന്നത് ഞാന്‍ കണ്ടിരുന്നു. എന്റെ തൊട്ടടുത്താണ് ഗണ്‍മാന്‍ അനില്‍ അപ്പോഴുള്ളത്. അതാണ് നിങ്ങള്‍ കഴുത്തിനു പിടിച്ചു തള്ളലായി മാറ്റിയതെന്നും മാദ്ധ്യമങ്ങളെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

താന്‍ മരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വാഹനാപകടം ഉണ്ടായിട്ടും ഇയാള്‍ മരിച്ചുകിട്ടാത്തത് എന്താണെന്ന് ചോദിച്ചവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. അങ്ങനെയെുള്ള വികാരത്തോടെ ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റുമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക