സ്വാതന്ത്ര്യലബ്ധിക്ക് മുന്നേ തന്നെ സാക്ഷരതയില്‍ ഏറ്റവും മുന്‍നിരയിലുണ്ടായിരുന്ന ഭാരതത്തിലെ ഭൂപ്രദേശമായിരുന്നു കേരളം. ദീര്‍ഘവീക്ഷണമുള്ള അക്കാലത്തെ ഭരണാധികാരികള്‍ വിദ്യാഭ്യാസത്തിന് വലിയ ഊന്നല്‍ നല്‍കിയിരുന്നു. കേരളത്തില്‍ ആദ്യമായൊരു സര്‍വ്വകലാശാല ആരംഭിക്കുന്ന സമയത്ത്, ആ സര്‍വ്വകലാശാലയുടെ തലപ്പത്തേക്ക് ലോക പ്രശസ്ത ശാസ്ത്രജ്ഞന് ഐന്‍സ്റ്റീനെ ക്ഷണിച്ച തീരുമാനം, വിദ്യാഭ്യാസത്തിന് കേരളം നല്‍കിയിരുന്ന പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്നതാണ്. അത്തരമൊരു ദീര്‍ഘവീക്ഷണത്തോടു കൂടി ആരംഭിക്കപ്പെട്ട കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് മികച്ച രീതിയില്‍ വളരുവാനും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഹബ്ബായി മാറുവാനുമുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അത്തരമൊരു അവസ്ഥയ്ക്ക് പകരം കേരളത്തിലെ സര്‍വ്വകലാശാലകളെ ഉപേക്ഷിച്ചു കൊണ്ട് മികച്ച വിദ്യാഭ്യാസത്തിനായി മലയാളി വിദ്യാര്‍ത്ഥി സമൂഹം മറ്റിടങ്ങളിലേക്ക് കുടിയേറുന്ന ദുരവസ്ഥയ്ക്കാണ് വര്‍ത്തമാന കേരളം സാക്ഷ്യം വഹിക്കുന്നത്. ഇത്രയേറെ അപചയത്തിലേക്ക് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല എങ്ങനെയെത്തിച്ചേര്ന്നുവെന്നത് ഗൗരവത്തോടെ വിലയിരുത്തേണ്ടതാണ്.
പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളെന്നു വിശേഷിപ്പിക്കുന്ന സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം ഇന്ന് വെറും കടലാസുകളില്‍ മാത്രമാണ്. അനാരോഗ്യപരമായ രാഷ്ട്രീയ അതിപ്രസരം, സ്വജനപക്ഷപാതത്തിന്റേയും കെടുകാര്യസ്ഥതയുടേയും കേന്ദ്രങ്ങളാക്കി സര്‍വ്വകലാശാലകളെ മാറ്റിയിരിക്കുന്നു. ബഹുസ്വരതയുടേയും ജനാധിപത്യത്തിന്റേയും വേദികളായി മാറേണ്ട സെനറ്റുകളും സിന്ഡിക്കേറ്റുകളും ഏകാധിപത്യത്തിന്റെ കൂത്തരങ്ങുകളാക്കി മാറ്റുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. സര്‍വ്വകലാശാലകളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ സ്വന്തം ഇഷ്ടക്കാരെ പ്രതിഷ്ഠിച്ച്, അവരെ റബ്ബര്‍ സ്റ്റാമ്പുകളാക്കി, പിന്‍സീറ്റിലിരുന്ന് സര്‍വ്വകലാശാലകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ മേധാവിത്വമാണ് സര്‍വ്വകലാശാലയുടെ ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. അന്ധമായ രാഷ്ട്രീയവൈരം, ദേശീയ വിദ്യാഭ്യാസ നയം പോലും ശരിയായ രീതിയില്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വിലങ്ങുതടിയായി നില്ക്കുന്ന അവസ്ഥയാണ്. ഭാരതം, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ മുന്നോട്ടുകുതിക്കുവാന്‍ ശ്രമിക്കുമ്പോള്‍, രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരില്‍ കേരളത്തെ പിന്നോട്ടടിക്കുവാന്‍ ശ്രമിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ വഞ്ചിക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെയാണ്. ഇത്തരം രാഷ്ട്രീയ ഇടപെടലുകളെ ചെറുത്തു തോല്‍പ്പിക്കാത്ത പക്ഷം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നതില്‍ തര്‍ക്കമില്ല.
അത്തരമൊരു സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനും നിലനില്‍പ്പിനുമായി, കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ശ്രദ്ധേയമാകുന്നത്. അനധികൃതമായി സ്വന്തം താല്പ്പര്യക്കാരേയും രാഷ്ട്രീയ പ്രതിനിധികളേയും സര്‍വ്വകലാശാലകളിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെ പലതവണ അദ്ദേഹം ശക്തമായി പ്രതികരിക്കുന്നത് കേരള സമൂഹം കണ്ടതാണ്. സെനറ്റുകളും സിന്ഡിക്കേറ്റുകളും ബഹുസ്വരതയുടേയും ജനാധിപത്യത്തിന്റേയും വേദികളാക്കി മാറ്റുവാന്‍ സ്വന്തം വിവേചനാധികാരം ഫലപ്രദമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ നടപടി തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ അത്തരം ശ്രമങ്ങള്‍, തങ്ങളുടെ ഏകാധിപത്യത്തിന് വിലങ്ങുതടിയായി മാറുമെന്ന് ബോധ്യപ്പെട്ടവര്‍, ഭരണഘടനാ സ്ഥാനത്തെ പോലും മാനിക്കാതെ, അദ്ദേഹത്തെ തെരുവില്‍ നേരിടാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്. അത്തരം പ്രവണതകള്‍ക്കു മുന്നില്‍ സാക്ഷര കേരളത്തിന്റെ തല കുനിക്കേണ്ടി വരും.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും സര്‍വ്വകലാശാലകളിലെ ഏകാധിപത്യ രാഷ്ട്രീയ പ്രവണതകള്‍ അവസാനിപ്പിക്കാനും ഗവര്‍ണര്‍ നടത്തുന്ന ശ്ലാഘനീയമായ ഇടപെടുകള്‍ക്ക് ഈ യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. കൂടാതെ ഭരണഘടനാ പദവിയിലുള്ള ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ അപചയം ഗൗരവത്തോടെ പരിഗണിക്കണമെന്നും ദേശീയ വിദ്യാഭ്യാസനയം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കേരളത്തില്‍ നടപ്പിലാക്കണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: