ബെംഗളൂരു: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ഇനി കര്‍ണാടകയ്ക്കും ഉപയോഗിക്കാം. ഇതിനുള്ള അവകാശം തങ്ങള്‍ക്ക് മാത്രം അനുവദിക്കണമെന്ന് കാണിച്ച് കേരള ഗതാഗത വകുപ്പ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലറ്റ് ട്രിബ്യൂണലിലായിരുന്നു കേരളം ഹര്‍ജി നല്‍കിയത്. ബൗദ്ധിക സ്വത്തവകാശത്തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിനുള്ള ട്രിബ്യൂണല്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ ഇവിടെ ലഭിച്ച ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.
2013ലാണ് കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍ ഔദ്യോഗികമായി ചേര്‍ത്തത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രി ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ 1.11.1973 മുതലുള്ള ഉപയോക്തൃ തീയതിയോടെയായിരുന്നു അനുവദിച്ചത്. ഇതിന് പുറമെ കെഎസ്ആര്‍ടിസി എന്ന പേരും ഗണ്ഡഭേരുണ്ട കലയും ലോഗോ ആയി ഉപയോഗിക്കുന്നതിന് രജിസ്ട്രാറില്‍ നിന്ന് പകര്‍പ്പവകാശവും കര്‍ണാടക നേടിയിട്ടുണ്ട്.
ഇതിനെതിരെ കേരള ഗതാഗത വകുപ്പ് രംഗത്തുവരികയായിരുന്നു. 2019-ല്‍ കേരളവും ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് നേടി. തുടര്‍ന്ന് കെഎസ്ആര്‍ടിസി എന്ന ചുരുക്കപ്പേര് കേരള ആര്‍ടിസിക്ക് മാത്രമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം കെഎസ്ആര്‍ടിസിയെ പൊതുവെ വിളിക്കുന്ന ആനവണ്ടി എന്ന പേരും കേരള ആര്‍ടിസിക്ക് മാത്രമാണെന്നും ഉത്തരവിട്ടിരുന്നു.
2014ല്‍ കെഎസ്ആര്‍ടിസി കര്‍ണാടകയുടേതാണെന്നും കേരള ആര്‍ടിസി ഇനി മുതല്‍ കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ട് കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് നോട്ടീസ് അയച്ചിരുന്നു.
ഇതോടെ രണ്ട് സംസ്ഥാനങ്ങളും കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്നും ചുരുക്കെഴുത്ത് തങ്ങള്‍ക്ക് മാത്രം നല്‍കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. ട്രേഡ് മാര്‍ക്ക് തങ്ങള്‍ക്ക് മാത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ഗതാഗത വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. 42 വര്‍ഷമായി കര്‍ണാടക ആര്‍ടിസി ഈ ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതായി കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അറിയാമെന്നും അതിനാല്‍ പിന്നീടുള്ള ട്രേഡ് മാര്‍ക്കിന്റെ രജിസ്ട്രേഷന് അസാധുവാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: