ഭാരതത്തിലെ ആത്മീയ ഗുരുക്കന്മാരില് അഗ്രഗണ്യനാണ് ഷിര്‍ദി സായിബാബ. സൂഫിവര്യനായും അദ്ദേഹം അറിയപ്പെട്ടു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ഷിര്‍ദി ഗ്രാമത്തില്‍ കൗമാരപ്രായത്തിലാണ് ബാബയെത്തുന്നത്. ഒരു ആര്യവേപ്പുമരച്ചുവട്ടില് ധ്യാനനിരതനായിരുന്ന അദ്ദേഹത്തിന്റെ ഊരും പേരുമൊന്നും ആര്ക്കുമറില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ വ്യക്തമായയൊരു മറുപടിയും ലഭിച്ചില്ല.
ബ്രാഹ്മണ ദമ്പതികള്‍ക്ക് പിറന്ന ബാബയെ ഒരു മുസ്ലിം കുടുംബമാണ് വളര്‍ത്തിയെതെന്ന് പറയപ്പെടുന്നു. പേരില്ലാത്ത ദിവ്യനെ ബാബയെന്നു വിളിച്ചതും ഷിര്‍ദിയിലെ ഗ്രാമീണരാണ്. ഭക്ഷണമില്ലാതെ ജലപാനമില്ലാതെ ചൂടും തണുപ്പുമറിയാതെ ധ്യാനം തുടര്‍ന്ന ദിവ്യപുരുഷന് ഗ്രാമീണര്‍ക്ക് കൗതുകമായിരുന്നു.
അതിനിടെ ചെറിയൊരു കാലയളവിലേക്ക് ഷിര്‍ദി വിട്ടുപോയെങ്കിലും അദ്ദേഹം തിരികെയെത്തി. ജീര്‍ണിച്ചൊരു കെട്ടിടത്തിലായിരുന്നു താമസം. പിന്നീട് അത് ദ്വാരകാമായി എന്ന് അറിയപ്പെട്ടു. ബാബയുടെ അന്ത്യവിശ്രമസ്ഥാനമായി, ഭക്തര്‍ക്ക് അനുഗ്രഹാശിസ്സുകളുമായി ദ്വാരകാമായി ഇന്നും ഷിര്‍ദിയുടെ മണ്ണിലുണ്ട്.
ജാതിമതഭേദമെന്യേ ഷിര്ദിവാസികള് ദ്വാരകാമായിയിലെത്തുമായിരുന്നു. അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു തീക്കുണ്ഡം ദ്വാരകാമായിയിലെ ബാബയുടെ ഇരിപ്പിടത്തിനരികെ സദാ എരിഞ്ഞു കൊണ്ടിരുന്നു. അതിലെ ചാരം, ബാബ തന്നെ കാണാനെത്തുന്നവര്‍ക്ക് നല്കി. രോഗങ്ങള്‍ക്ക് ശമനൗഷധമായി അവര്‍ അത് സ്വീകരിച്ചു. ചിലപ്പോഴവര്‍ക്ക് ബാബ ഭക്ഷണം വച്ചു വിളമ്പി. അങ്ങനെ അശരണര്‍ക്ക് ശരണം നല്കി ആധിയും വ്യാധിയുമകറ്റിയ ബാബ ഇന്നും ജനകോടികളുടെ പ്രാര്‍ഥനകളില്‍ അമൃതമായി നിറയുന്നു. 1918 ഒക്ടോബറിലായിരുന്നു ആ ദിവ്യ പുരുഷന്റെ ദേഹവിയോഗം.
ഗോവിന്ദ് ആര്. ധാബോല്കര് (ഹേമദ് പാന്ത്) എഴുതിയ ശ്രീസായ് സദ്ചരിതയാണ് ബാബയുടെ ജീവിതത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. ബാബയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബാബയുടെ ദിവ്യചരിതത്തില് വിവരിക്കപ്പെടുന്ന കഥകള്‍ അനവധിയാണ്. അവയിലൊന്ന് ഇങ്ങനെ:
ഒരിക്കല്‍ ഷിര്ദിയിലെങ്ങും കോളറ പടര്‍ന്നു പിടിച്ചു. ഷിര്ദിവാസികള് ആകെ പരിഭ്രാന്തിയിലായി. എങ്ങനെയിത് പ്രതിരോധിക്കും? നാട്ടുകാര്‍ ഒന്നടങ്കം ദ്വാരകാമായിയില്‍ ഷിര്ദിബാബയ്ക്കു മുമ്പിലെത്തി. ഈ വിപത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. നിസ്സംഗനായി, അവര്‍ പറയുന്നതെല്ലാം കേട്ട ശേഷം ബാബ പതുക്കെ എഴുന്നേറ്റ്, കൈയും മുഖവും കഴുകിത്തുടച്ച ശേഷം അകത്തു പോയി കുറച്ച് ഗോതമ്പെടുത്ത് വന്നു. പിന്നീട് അതെടുത്ത് കല്ലിലിട്ടു പൊടിക്കാന്‍ തുടങ്ങി. പൊടി വാരിയെടുത്ത് ഒരു പാത്രത്തിലാക്കി, തന്നെ കാണാന്‍ വന്നവര്‍ക്കു നല്കി. അവരോടു പറഞ്ഞു; ഇനി ഭയപ്പെടേണ്ടതില്ല. ഇതു കൊണ്ടു പോയി, ഗ്രാമത്തിന്റെ അതിരുകളിലെല്ലാം വിതറുക. കോളറ ശമിക്കും. നാട്ടുകാര്‍ സന്തോഷത്തോടെയത് സ്വീകരിച്ചു. ഗ്രാമത്തിന്റെ നാലതിരിലും വിതറി. അതോടെ, പടര്‍ന്നു പടര്‍ന്ന് ആളുകളെ കൊന്നൊടുക്കിയ കോളറ വേരറ്റു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: