ശബരിമല: പുല്ലുമേട് കാനനപാതയിലൂടെ ശബരീശ ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുതിച്ച് ഉയരുന്നു. പമ്പ- സന്നിധാനം പാതയില്‍ തീര്‍ത്ഥാടക തിരക്കും നിയന്ത്രണങ്ങളും ഏറിയതോടെ കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാതെ സന്നിധാനത്തേക്ക് നേരിട്ട് എത്താന്‍ കഴിയുന്നതിനാലാണ് തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ പുല്ലുമേട് പാത തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച കാലമായി പുലിമേട് താണ്ടി സന്നിധാനത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇരട്ടിയില്‍ അധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുല്ലുമേട് പാത വഴി അയ്യായിരത്തോളം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്ത് ഏറെ ഭക്തജനത്തിരക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്ന 7, 8, 9, 10, 11 തീയതികളില്‍ പമ്പയില്‍ എത്തിയ തീര്‍ത്ഥാടകര്‍ പോലും തിരികെ വണ്ടി പെരിയാറില്‍ എത്തി പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയിരുന്നു.
സത്രക്കടവില്‍ നിന്നും യാത്ര ആരംഭിച്ചാല്‍ വിശ്രമത്തിന് ഒഴികെ എങ്ങും തന്നെ തങ്ങേണ്ട ആവശ്യമില്ല. വനപാതയില്‍ ആകമാനം വനംവകുപ്പിന്റെ ശക്തമായ നിരീക്ഷണവും ഉണ്ട്. പുല്ലുമേട് പാത വഴി സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വലിയ നടപന്തലിന്റെ വലതുഭാഗത്ത് കൂടി താഴെ തിരുമുറ്റം കടന്ന് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം പൂര്‍ത്തിയാക്കുന്നതിന് ദേവസ്വം ബോര്‍ഡ് പോലീസും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ എല്ലാം തന്നെ പുല്ലുമേട് കാനനപാത തീര്‍ത്ഥാടകരുടെ ഇഷ്ടപാതയായി മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: