ശബരിമല: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകരുടെ എണ്ണം ഒന്നരലക്ഷത്തോളം കുറഞ്ഞിട്ടും എങ്ങനെ മണിക്കൂറുകള്‍ നീണ്ട ക്യൂ ഉണ്ടായി എന്നചോദ്യത്തിന് ഉത്തരമില്ലാതെ ദേവസ്വം ബോര്‍ഡും പോലീസും. തീര്‍ത്ഥാടനം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒന്നരലക്ഷത്തോളം തീര്‍ത്ഥാടകരുടെ കുറവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വരെ 17,56,730 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ തെറ്റാണെന്ന വാദവുമായി പോലീസും രംഗത്ത് എത്തി. ഒന്നരലക്ഷം തെറ്റായ കണക്കാണെന്നും ഒരുലക്ഷത്തോളം ഭക്തരുടെ കുറവേ സംഭവിച്ചിട്ടുള്ളുവെന്നുമാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തീര്‍ത്ഥാടകരുടെ കണക്കിനെ ചൊല്ലിദേവസ്വം ബോര്‍ഡും പോലീസും കൊമ്പുകോര്‍ക്കുകയാണ്. തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്ത്
നില്‍ക്കേണ്ടി വന്നത് പോലീസിന്റെ കാര്യക്ഷമത കുറവുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് കണക്കിനെ ചൊല്ലിയുള്ള പുതിയ വിവാദവും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തീര്‍ത്ഥാടക തിരക്കിനെ തുടര്‍ന്ന് വനത്തില്‍ അടക്കം ഭക്തരുടെ വാഹനങ്ങള്‍ പോലീസ് മണിക്കൂറുകള്‍ തടഞ്ഞിട്ടിരുന്നു.
ക്യൂ കോംപ്ലക്‌സുകളില്‍ അടക്കം മണിക്കൂറുകള്‍ തീര്‍ത്ഥാടകരെ പിടിച്ച് നിര്‍ത്തിയ ശേഷമാണ് സന്നിധാനത്തേയ്‌ക്ക് കടത്തി വിട്ടത്.
ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് ഉയരുമെന്നും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ദര്‍ശനം നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: