പരീക്ഷാപേപ്പര്‍ തയ്യാറാക്കാനായി വിളിച്ചുചേര്‍ത്ത അദ്ധ്യാപകരുടെ യോഗത്തില്‍ ഉയര്‍ന്നുകേട്ട സത്യപ്രസ്താവന അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്നു കരുതിയവര്‍ക്ക് തെറ്റി. അക്ഷരം കൂട്ടിവായിക്കാന്‍ പോലും അറിയാത്തവര്‍ക്ക് എ പ്ലസ് നല്‍കുന്ന ദുരവസ്ഥയിലേക്കാണ് വിദ്യാഭ്യാസഡയറക്ടര്‍ വിരല്‍ ചൂണ്ടിയത്. മുച്ചൂടും മുടിഞ്ഞുപോയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പുനഃപരിശോധന നടത്താന്‍പോലും മെനക്കെടാതെ വകുപ്പുമന്ത്രി ഡയറക്ടര്‍ക്ക് നേരെ വടിയെടുക്കുകയാണുണ്ടായത്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം അത്യാസന്ന നിലയിലായിട്ട് കാലമേറെയായി. ഇരുട്ടുകൊണ്ട് ഓട്ടയടച്ച് നമുക്ക് എത്രകാലം മുന്നോട്ടു പോകാനാവും. ഇവിടെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരമറിയാന്‍ പോന്ന നിലവാരമില്ലാത്ത വകുപ്പു മന്ത്രിയാണ് പ്രശ്‌നം. മലയാളത്തില്‍ തെറ്റുകൂടാതെ സംസാരിക്കാന്‍ പോലുമറിയാത്ത വിദ്യാഭ്യാസമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഒരു ശരാശരി മലയാളിക്കുപോലും സഹിക്കാനാവുന്നതിന്നപ്പുറമാണ്. വാതത്തിനു കുറുന്തോട്ടി നന്ന്, കുറുന്തോട്ടിക്ക് വാതം പിടിച്ചാലോ?
അക്ഷരമറിയാത്ത ബിരുദധാരികള്‍
കുറ്റമറ്റ പ്രൈമറി തലമാണ് വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറ. ഇവിടെ ഇല്ലാതെ പോയതും അതു തന്നെ. ഒരു കാലത്ത് പ്രൈമറി വിദ്യാഭ്യാസരംഗത്ത് ലോകത്തെ ഏറ്റവും വികസിതമായ നോര്‍വെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായ സൂചികകള്‍ കേരളം കൈവരിച്ചിരുന്നു. 8 വയസു കഴിഞ്ഞ എഴുത്തും വായനയുമറിയാത്ത ഒരു കുട്ടിയും തിരുവിതാംകൂറില്‍ ഉണ്ടാവാന്‍ പാടില്ലെന്ന സ്വാതിതിരുനാളിന്റെ പ്രഖ്യാപനത്തെ പ്രകീര്‍ത്തിച്ച് 1841ല്‍ ഇംഗ്ലണ്ടിലെ ഗാര്‍ഡനര്‍ മാസികയില്‍ വന്ന പരാമര്‍ശം കാണിക്കുന്നത് മറ്റൊന്നല്ല. അല്പം വൈകിയാണെങ്കിലും ബ്രിട്ടീഷ് മലബാറും അവിടേക്കുയര്‍ന്നു. പണ്ട് പത്താംക്ലാസ് പരീക്ഷാഫലത്തിലെ വിജയശതമാനം 50 മുതല്‍ പരമാവധി 60 വരെ ആയിരുന്നു. പരാജയപ്പെട്ടവര്‍ അവരവര്‍ക്ക് അഭിരുചിയുള്ള തൊഴിലിടങ്ങളിലെത്തി ഉപജീവനമാര്‍ഗം കണ്ടെത്തി. രാജഭരണം പ്രജാഭരണത്തിനുവഴിമാറിയപ്പോള്‍ വിജയശതമാനം ശരവേഗത്തിലുയര്‍ന്ന് 97.33ശതമാനമായി. കുട്ടി ജനിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ക്കിണങ്ങുന്ന വിദ്യാഭ്യാസപദ്ധതി അപ്രത്യക്ഷമായി. പരിഷ്‌ക്കാരത്തിന്റെ വേലിയേറ്റത്തില്‍ മുലപ്പാലിന്റെ മണമുള്ള അക്ഷരമാല പോലും വേരോടെ പിഴുതെറിയപ്പെട്ടു. കുട്ടി അവന്റെ ജീവിത പരിസരത്തുതന്നെ അന്യനായി. പരീക്ഷണത്തിനു വിധേയരായ കുട്ടികള്‍ ഗിനി പന്നികളായി. ഭരണകൂടത്തിന്റെ ഈ തുഗ്ലക്ക് പരിഷ്‌ക്കാരം അക്ഷരാര്‍ത്ഥത്തില്‍ ഒരു തലമുറയുടെ ഭാവിയാണ് പടിയടച്ച് പിണ്ഡം വെച്ചത്. മാതൃഭാഷയില്‍ ഒരു വാചകം പോലും തെറ്റുകൂടാതെ എഴുതാനറിയാത്ത ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയുമാണ് ഈ മാറ്റം സംഭാവന ചെയ്തത്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍ രക്തപുഷ്പമെടുത്തിട്ട്, നേതാക്കന്മാരുടെ മക്കള്‍ വിദേശ സര്‍വകലാശാലയില്‍ സീറ്റ് തരപ്പെടുത്തി ഭാവി ഭദ്രമാക്കിയപ്പോള്‍ പാവപ്പെട്ടവരുടെ മക്കളാണ് ഇവിടെ അനാഥരായത്.
മാര്‍ക്കിന്റെ മായാജാലം
2006വരെ എസ്എസ്എല്‍സി പരീക്ഷ പാസ്സാവാന്‍ 35% മാര്‍ക്ക് നിര്‍ബന്ധമായിരുന്നു. പരിഷ്‌ക്കരണത്തിന്റെ ഫലമായി ഇന്നത് 30% ആയി കുറച്ചു. 30%ത്തില്‍ 20 ശതമാനം നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ പേരില്‍ (കണ്ടിന്യൂസ് ഇവാലുവേഷന്‍) നല്‍കുന്ന മാര്‍ക്കാണ്. പരീക്ഷയ്‌ക്ക് ഹാജരായ അവസാനത്തെ വിദ്യാര്‍ത്ഥിക്കും സൗജന്യമായി 20% മാര്‍ക്ക് കൊടുക്കും. അവശേഷിക്കുന്ന വെറും 10% മാര്‍ക്കാണ് എഴുത്തു പരീക്ഷയിലൂടെ നേടുന്നത്. പലപ്പോഴും 8% മാര്‍ക്കു കിട്ടിയ കുട്ടികളാണ് പല പേരുകളിലറിയപ്പെടുന്ന സൗജന്യങ്ങളുടെ പിന്‍ബലത്തില്‍ 10 ശതമാനത്തിലേക്കുയരുന്നത്. ഈ കിട്ടുന്ന മാര്‍ക്കിന്റെ അളവുകോല്‍ എന്തെന്നറിയുമ്പോഴാണ് ഊതി വീര്‍പ്പിച്ച പരീക്ഷാ ഫലത്തിന്റെ സത്യാവസ്ഥ തിരിച്ചറിയുന്നത്. പണ്ട്, ചോദ്യത്തിന്റെ നിലവാരം ഉയര്‍ന്നതിന്റെ പേരില്‍ ഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷ വേണ്ടതുപോലെ എഴുതാന്‍ സാധിക്കാതെ വരുമ്പോഴാണ് മോഡറേഷന്‍ അനുവദിച്ച് ഉത്തരവിടുന്നത്. കര്‍ക്കശമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് അതുതീരുമാനിക്കുക. ഇന്ന് അടിമുടി മോഡറേഷനാണ്. ഉത്തരമെഴുതിയില്ലെങ്കിലും മാര്‍ക്ക് കിട്ടും. അവിശ്വസനീയമെന്നു തോന്നാം. എന്നാല്‍ സത്യമിതാണ്. ചോദ്യത്തിന്റെ നമ്പരെഴുതിയാല്‍ മാത്രം മതി, ഉത്തരമെഴുതാന്‍ ശ്രമിച്ചതിന്റെ പേരില്‍ അര മാര്‍ക്ക് കൊടുക്കും. ഇനി ഉത്തരത്തിന്റെ ആദ്യത്തെ അക്ഷരം കഷ്ടിച്ച് വരച്ചു വച്ചാല്‍ ലാബര്‍ മാര്‍ക്കുണ്ട്. കഷ്ടപ്പെട്ടതിനുള്ള കൂലി.
വിദ്യാഭ്യാസക്കച്ചവടം
ഇങ്ങനെ കുട്ടികളെ പാസ്സാക്കുന്നതിനേക്കാള്‍ വലിയ അന്യായം മറ്റെന്തുണ്ട്? മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ കൂട്ടക്കുരുതിയില്‍ കുറഞ്ഞ ഒന്നുമല്ല അത്. പണ്ട് പഠിച്ചവരാണ് പാസ്സാവുന്നത്. ഇന്ന് പരീക്ഷയ്‌ക്ക് പണമടച്ചവരെല്ലാം പാസ്സാവുന്നു. കഷ്‌പ്പെട്ടു പഠിച്ചു മാര്‍ക്കു വാങ്ങിയവര്‍ ഇവിടെ വഞ്ചിക്കപ്പെടുന്നു. സമൂഹത്തിന് എന്തുസന്ദേശമാണ് ഇതുനല്‍കുന്നത്? അശാസ്ത്രീയമായ ഗ്രേഡിംഗ് സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ തനിക്ക് ഏതു വിഷയത്തില്‍ എത്ര മാര്‍ക്ക് കിട്ടിയെന്നു പോലും കുട്ടി അറിയുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യന്‍ (എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്) എന്നു മുദ്രണം ചെയ്ത സര്‍ട്ടിഫിക്കറ്റുമായി കോളജ് അഡ്മിഷന് വേണ്ടിയുള്ള മരണപ്പാച്ചിലാണ് പിന്നെ നാം കാണുന്നത്. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ കച്ചവടക്കാരും സര്‍ക്കാരും ചേര്‍ന്നു വിരിച്ച വലയിലാണ് ഈ പാവങ്ങള്‍ വന്നു വീഴുന്നത്. മാനേജ്‌മെന്റ് ക്വാട്ടാ സീറ്റിനും അദ്ധ്യാപകനിയമനത്തിനും വന്‍തുക പിടിച്ചുപറിക്കുമ്പോള്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കാനായി സ്വകാര്യ മാനേജ്‌മെന്റില്‍ നിന്ന് സര്‍ക്കാരും കോടികള്‍ പിടിച്ചുപറിക്കുന്നു. രണ്ടുകൂട്ടരും ചേര്‍ന്നു നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിന് ഇരയായിത്തീരുന്നത് സാധാരണക്കാരും.
നാശത്തിന്റെ നാള്‍വഴികള്‍
ഭരണരംഗത്ത് മുഖ്യധാരാരാഷ്‌ട്രീയപാര്‍ട്ടികളുടെ സ്വാധീനം കുറഞ്ഞതോടെ പ്രാദേശിക പാര്‍ട്ടികള്‍ പിടിമുറുക്കാന്‍ തുടങ്ങി. വര്‍ഗ്ഗീയ-കച്ചവട താല്പര്യങ്ങളുമായി രംഗപ്രവേശം ചെയ്ത പ്രാദേശിക കക്ഷികള്‍ വിദ്യാഭ്യാസവകുപ്പ് കയ്യടക്കി. അതോടെ വിദ്യാഭ്യാസ മേഖല നിലവാരം തകര്‍ന്ന് നഗ്‌നമായ കച്ചവടവല്‍ക്കരണത്തിലേക്ക് കൂപ്പുകുത്തി. ഡിപിഇപിയുടെ കടന്നുവരവോടെ ദുരന്തചിത്രം പൂര്‍ണ്ണമായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ലോക ബാങ്കുമായി ഉണ്ടാക്കിയ കരാറിന്റെ ബാക്കിപത്രമായിരുന്നു ഡിപിഇപി. കരുണാകരനായിരുന്നു മുഖ്യമന്ത്രി. യുവാക്കളെ ലോകബാങ്കിന്റെ തുരുമ്പെടുത്ത അലമാരയ്‌ക്കകത്ത് പണയപ്പെടുത്താനനുവദിക്കില്ലെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ സമരത്തിനിറങ്ങി. അന്ന് നശിപ്പിച്ച പൊതുമുതലിന് കയ്യും കണക്കുമില്ല. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നില്‍ നിന്നു സമരം നയിച്ചു. എന്നാല്‍ 1996ല്‍ നായനാര്‍ മുഖ്യമന്ത്രിയായതോടെ ചിത്രമാകെ മാറി. നേതാക്കള്‍ കണ്ണുരുട്ടിയപ്പോള്‍ ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ നിന്ന നില്‍പ്പില്‍ നിലപാട് മാറ്റി. ഡിപിഇപിയുടെ നടത്തിപ്പു ചുമതല തന്നെ പരിഷത്ത് ഏറ്റെടുക്കുന്ന വിചിത്രമായ കാഴ്ചയാണ് കേരളം പിന്നീടുകണ്ടത്. അങ്ങനെ ലോക ബാങ്ക് കമ്യൂണിസ്റ്റുകാരെക്കൊണ്ടു തന്നെ പദ്ധതി നടപ്പാക്കി. ഡിപിഇപിക്കെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത് പരിഷത്തും കെഎസ്ടിഎയുമായിരുന്നു.
കോണ്‍ഗ്രസ് തുടങ്ങിവച്ചു; കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു
കോണ്‍ഗ്രസ്സ് തുടങ്ങിവച്ച കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു നടപ്പാക്കിയ ഈ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് കേരളത്തിനുവലിയ വില കൊടുക്കേണ്ടതായി വന്നു. നേടിയതെല്ലാം നഷ്ടപ്പെടുമെന്നും ഈ യാത്ര ഇരുട്ടിലേക്കാണെന്നും നിഷ്പക്ഷമതികള്‍ വിളിച്ചു പറഞ്ഞത് കേള്‍ക്കാന്‍ ആരുമുണ്ടായില്ല. കരിക്കുലത്തിന്റെ മൂലരൂപം ലോകബാങ്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന ജോണ്‍ മിഡില്‍റ്റണ്‍ ആണ് തയ്യാറാക്കിയത്. അക്ഷരങ്ങള്‍ കൊണ്ടല്ല, ആശയങ്ങള്‍ കൊണ്ടാണ് പഠിക്കേണ്ടതെന്നായിരുന്നു പരിഷ്‌ക്കരണവാദികളുടെ മുദ്രാവാക്യം. ഇന്നു നാം തെരഞ്ഞുനടക്കുന്നതും അക്ഷരം തന്നെ. കുട്ടികള്‍ അക്ഷരമെഴുതുമ്പോള്‍ തെറ്റിയാല്‍ തിരുത്തേണ്ട, ഗുണനപ്പട്ടിക മനഃപ്പാഠമാക്കണ്ട, ക്ലാസ്സ്മുറിയില്‍ നിലവാരമുള്ള ഭാഷ പഠിപ്പിക്കേണ്ട അദ്ധ്യാപകര്‍ പഠിപ്പിക്കണ്ട, ഫെലിസിറ്റേറ്റര്‍ ആയാല്‍ മതി. അങ്ങിനെ പോയി പരിഷ്‌ക്കാരങ്ങള്‍. ഒരു തലമുറയെ തകര്‍ത്ത് കുത്തുപാളയെടുപ്പിച്ച സഖാക്കള്‍ക്ക് ഇന്നും നേരം വെളുത്തിട്ടില്ല. സത്യം പറഞ്ഞ വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആക്രോശിച്ച ശിവന്‍കുട്ടിയുടെ നിലപാട് അതാണ് വിളിച്ചു പറയുന്നത്.
അനാഥമായ കേരള സിലബസ്
ഒരു കാലത്ത് അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തിയ കേരള ബിരുദങ്ങള്‍ക്ക് ഇന്ന് പുല്ലുവില പോലുമില്ല. ഇന്ത്യയിലെ സര്‍വകലാശാലകളിലെല്ലാം അന്ന് മലയാളികളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന പഴയരീതി ഉപേക്ഷിച്ച് പൊതുപരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ എന്ന സമ്പ്രദായം നിലവില്‍ വന്നതോടെ മലയാളി കൂട്ടത്തോടെ പുറത്തായി. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് പഠിച്ചുപാസ്സായി മികവു തെളിയിച്ചുവന്ന കുട്ടികള്‍ക്കുമുന്നില്‍ സര്‍ക്കാരിന്റെ സൗജന്യം കൊണ്ടുമാത്രം പാസ്സായ നമ്മളുടെ കുട്ടികള്‍ വൃത്തിയായി തോറ്റു പുറത്തായി. ഒരുദാഹരണം മാത്രം. പണ്ട് രാജ്യത്തിന്റെ അഭിമാനമായ ഐഐടിയില്‍ മലയാളികള്‍ക്ക് 9%വരെ സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നു. ഇന്നത് ഒരു ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. അതില്‍ത്തന്നെ ഭൂരിഭാഗവും സിബിഎസ്ഇക്കാരാണെന്നോര്‍ക്കുക. ആന്ധ്ര, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ പത്തു ശതമാനത്തിലേറെ സീറ്റു കരസ്ഥമാക്കുകയും ചെയ്യുന്നു. പരീക്ഷാഫലം പെരുപ്പിച്ചുകാണിക്കാന്‍ മാര്‍ക്ക് വാരിക്കോരിക്കൊടുത്തതിന്റെ അനന്തരഫലം. നമ്പര്‍വണ്‍ കേരള സിലബസ് ഇന്ന് ആര്‍ക്കും വേണ്ടാതെ അനാഥമായി. രക്ഷപ്പെടണമെങ്കില്‍ സംസ്ഥാനത്തിനു പുറത്തോ വിദേശത്തോ അഭയം തേടണമെന്ന ഗതികേടിലാണവര്‍. കഴിഞ്ഞ അദ്ധ്യയനവര്‍ഷം മാത്രം പതിനായിരങ്ങളാണ് വിദേശത്തു പോയത്.
വിദ്യാഭ്യാസമല്ല, ആഭാസം
ഹൈസ്‌ക്കൂള്‍ തലത്തിലെ കാറ്റു വീഴ്ച സര്‍വകലാശാല വിദ്യാഭ്യാസത്തെയും ബാധിച്ചു. വിവിധ ഏജന്‍സികള്‍ നല്‍കുന്ന ഫണ്ടുപയോഗിച്ച് പരിശീലന കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളായി യൂനിവേഴ്‌സിറ്റികള്‍ അധഃപതിച്ചു. ഗുണമേന്മയോ വൈദഗ്ധ്യമോ ഇല്ലാത്ത ബിരുദധാരികളെ പടച്ചുവിടുന്ന കേന്ദ്രങ്ങളായി സര്‍വകലാശാലകള്‍ മാറി. ഉദാഹരണത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യം കാണുക.
‘ഉരുള്‍പൊട്ടിയമാമല പോലെ
ഉലകാകെയുലക്കുംമട്ടില്‍
അലറി കാട്ടാളന്‍.’
അലറിയതാര്? അലര്‍ച്ച ഏതുപോലെ?
ഉത്തരം ഉദ്ധരണിയില്‍ത്തന്നെ പ്രകടമായിക്കാണാം. ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയില്‍ നിന്ന് അദ്ധ്യാപകന്‍ ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. കാരണം, അതാണവന്റെ നിലവാരം. അപ്പോഴും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് കുറവൊന്നുമില്ല. എല്ലാം വാഴക്കുല പ്രബന്ധങ്ങളാണെന്നു മാത്രം. കാലഹരണപ്പെട്ട കരിക്കുലവും സംഘടിത ശക്തിയുടെ പിന്‍ബലത്തില്‍ സ്വയം നവീകരണത്തിനു വിധേയരാവാതെ പുറംതിരിഞ്ഞു നില്‍ക്കുന്ന അദ്ധ്യാപകരും മറ്റൊരു തീരാശാപമാണ്. ഭരണകക്ഷികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വഴിമുടക്കികള്‍. കേരളത്തിന്റെ മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്താന്‍ ഉതകുന്ന സമഗ്രമായ പുത്തന്‍ വിദ്യാഭ്യാസ നയമാണ് നമുക്കു വേണ്ടത്. അതാണ് കേന്ദ്രം മുന്നോട്ടുവച്ച എന്‍ഇപി(ദേശീയ വിദ്യാഭ്യാസ നയം). അതംഗീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. വിദ്യാഭ്യാസ രംഗത്തു വന്നുചേര്‍ന്ന സുകൃതക്ഷയം തിരിച്ചറിയാതെ മാര്‍ക്ക് ദാനവുമായി മുന്നോട്ടു പോകുന്നത് പുതുതലമുറയെ കൊലയ്‌ക്കു കൊടുക്കുന്നതാണ്. ഇത് വിദ്യാഭ്യാസമല്ല. ആഭാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: