ന്യൂദല്‍ഹി: ലോക്സഭയില്‍ രണ്ട് യുവാക്കള്‍ ഗാലറിയില്‍ നിന്ന് ചാടിയ സംഭവത്തില്‍ രണ്ടാം ദിവസമായ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. തുടര്‍ന്ന് ഇരുസഭകളും തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
ആദ്യം പിരിഞ്ഞ ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ലോക്സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് നടത്തളത്തിലിറങ്ങി. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സഭ നിര്‍ത്തി വച്ചു.നേരത്തെ, രാവിലെ ലോക്സഭ സമ്മേളിച്ചപ്പോള്‍, കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ജെഡിയു തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. വിഷയത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ പാര്‍ട്ടി എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും ഇവര്‍ പ്രതിഷേധിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയും സഭയില്‍ ചര്‍ച്ചയും ആവശ്യപ്പെട്ടു. ബഹളത്തിനിടയില്‍, സ്പീക്കര്‍ സഭ ഉച്ചകഴിഞ്ഞ് 2 മണി വരെ നിര്‍ത്തിവച്ചു.
സമാന സംഭനങ്ങള് രാജ്യസഭയിലും ഉണ്ടായി. ഉച്ചയ്ക്ക് 2 മണിക്ക് ആദ്യം നിര്‍ത്തിവച്ച ശേഷം ഉപരിസഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം സൃഷ്ടിച്ചു. പിന്നാലെ സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: