തിരുവനന്തപുരം: നരേന്ദ്രമോദി പുരാണകഥാപാത്രമായ അംഗുഷ്ഠനെപ്പോലെ എതിര്‍ക്കുന്തോറും വളര്‍ന്നുവലുതാകുന്ന വ്യക്തിത്വമാണെന്ന് രാഷ്ട്രീയചിന്തകന്‍ ടി.ജി. മോഹന്‍ദാസ്.
“അംഗുഷ്ഠന്‍ എന്നയാള്‍ ഒരു രാക്ഷസനാണ്. അംഗുഷ്ഠന്‍ അയാളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ വലുതായി വലുതായി വരും. ആരും ഒന്നും ചെയ്തില്ലെങ്കില്‍ ചെറുതായി ചെറുതായിപ്പോകും. പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോദിയെ നിര്‍ദേശിക്കുന്നതിന് മുന്‍പ് മോദിയെക്കുറിച്ച് ഗുജറാത്തില്‍ പഠനം നടത്താന്‍ പോയി തിരിച്ചുവന്ന നാല് ആര്‍എസ് എസ് പ്രചാരകര്‍ പറഞ്ഞത് മോദി അംഗുഷ്ഠനെപ്പോലെയാണെന്നാണ്.” – ടി.ജി. മോഹന്‍ദാസ് പറയുന്നു. യൂട്യൂബില്‍ തന്റെ പ്രതിവാര രാഷ്ട്രീയപരിപാടിയിലാണ് മോഹന്‍ദാസ് ഇക്കാര്യം പറയുന്നത്.
“മോദി ഒരു അംഗുഷ്ഠനാണ് എന്ന് നിസ്സംശയം പറയാം. ആരൊക്കെ മോദിയെ എതിര്‍ത്തോ അതോടെ മോദി വലുതായി വലുതായി വരും. ഗുജറാത്തിലെ കലാപത്തെതുടര്‍ന്ന് മോദിക്ക് വിസ കൊടുക്കരുത് എന്ന് പറഞ്ഞ് ഇന്ത്യയിലെ 75 എംപിമാര്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റിനും വിദേശകാര്യസെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതേ അമേരിക്ക മോദിക്ക് ചുവപ്പുപരവതാനി വിരിച്ച് കൊടുത്തു. ഇപ്പോള്‍ നിങ്ങള്‍ മോദിയെ ഫാസിസ്റ്റെന്നും പൊട്ടനെന്നും ചായക്കാരനെന്നും എല്ലാം വിളിക്കുന്നുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍ അസ്ഥിക്ക് പിടിച്ച മോദി വിരോധമാണ്. എന്നാല്‍ മോദിയെ വെറുക്കുന്നതിന് തുല്യമായി മോദി വലുതായി വലുതായി വന്ന് ശത്രുക്കളുടെ ഉറക്കം കെടുത്തുകയാണ്”- ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
മോദിയ്ക്ക് തുല്ല്യനായി ഒരാള്‍ ഇന്നില്ല. മമതയ്ക്ക് ബംഗാളില്‍ മാത്രമാണ് സ്വാധീനം. ബീഹാറിന് പുറത്ത് നിതീഷ് കുമാറിനെ അറിയുന്നവര്‍ ചുരുങ്ങും. അരവിന്ദ് കെജ്രിവാളിനെ ഒരിയ്ക്കലും പ്രധാനമന്ത്രിയായി കാണാനാവില്ല. സ്ഥാനാര്‍ത്ഥി ആരായാലും മോദിക്ക് ഒരു വോട്ട് എന്നാണ് 2024ലെ തെരഞ്ഞെടുപ്പിലെ അജണ്ട. ഈ ശിഥിലമായ പ്രതിപക്ഷത്തിന് നരേന്ദ്രമോദിയെ വെറുതെ ചീത്തപറയാം എന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. – മോഹന്‍ദാസ് പറയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: