യുദ്ധമണികള്‍ മുഴങ്ങിയപ്പോള്‍, ആവേശഭരിതനായ അര്‍ജുന്‍, രണ്ട് സൈന്യങ്ങള്‍ക്കിടയില്‍ രഥം നിര്‍ത്താന്‍ ഭഗവാനോട് ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് കാഹളം മുഴങ്ങിയത്?
കൗരവ സേനാനായകനായ ഭീഷ്മര്‍ സിംഹഗര്‍ജ്ജനത്തിന് സമാനമായ ഗര്‍ജ്ജനത്തോടെ ശംഖ് ഊതിയപ്പോള്‍ കൗരവ സൈന്യത്തിന്റെ വാദ്യങ്ങള്‍ മുഴങ്ങി, പാണ്ഡവ സൈന്യത്തിന്റെ വാദ്യങ്ങളും മുഴങ്ങി.
എന്തുകൊണ്ടാണ് ദുര്യോധനന്‍ അസന്തുഷ്ടനായത്?
ദുര്യോധനന്‍ ഗുരു ദ്രോണാചാര്യരുടെ അടുത്ത് ചെന്ന് പറഞ്ഞു, ‘ഇതാ നോക്കൂ, അങ്ങേയ്‌ക്കെതിരെ പാണ്ഡവരുടെ സൈന്യം നിലകൊള്ളുന്നു, അതായത് അങ്ങേയ്‌ക്ക് സ്‌നേഹവും വാത്സല്യവും ഉള്ള പാണ്ഡവര്‍, അവര്‍ അങ്ങേയ്‌ക്ക് എതിരായി നില്‍ക്കുന്നു. അങ്ങയെ കൊല്ലാന്‍ വേണ്ടി മാത്രം ജനിച്ച ധൃഷ്ടദ്യുമ്‌നന്‍ പാണ്ഡവ സൈന്യാധിപനുമാണ്’. ഇങ്ങനെ ദുര്യോധനന്റെ കുടിലവും രാഷ്‌ട്രീയവും നിറഞ്ഞ മൂര്‍ച്ചയുള്ള വാക്കുകള്‍ കേട്ട് ഒന്നും മിണ്ടാതെ ദ്രോണാചാര്യന്‍ നിശബ്ദനായി. ദുര്യോധനന്‍ ഇതില്‍ അസന്തുഷ്ടനായി.
ദ്രോണാചാര്യന്‍ മൗനം പാലിച്ചത് എന്തുകൊണ്ടാണ്?
ദ്രോണാചാര്യരെ പ്രകോപിപ്പിക്കാന്‍ ദുര്യോധനന്‍ സമര്‍ത്ഥമായി പറഞ്ഞ രാഷ്‌ട്രീയകാര്യങ്ങളില്‍ ദ്രോണാചാര്യര്‍ക്ക് വിഷമം തോന്നി. താന്‍ ഈ കാര്യങ്ങള്‍ ഖണ്ഡിച്ചാല്‍, യുദ്ധസമയത്ത് തങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് അദ്ദേഹം കരുതി, അത് ഉചിതമല്ല. എന്നാല്‍ തനിക്ക് ഈ കാര്യങ്ങള്‍ അംഗീകരിക്കാനും കഴിയില്ല; കാരണം ദുര്യോധനന്‍ വളഞ്ഞ വഴിയില്‍ സംസാരിക്കുന്നു; സരളമായി പറയുന്നില്ല. അതുകൊണ്ടാണ് ദ്രോണാചാര്യന്‍ മൗനം പാലിച്ചത്.
എപ്പോള്‍, എന്തിനാണ് ദുര്യോധനന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞത്?
പാണ്ഡവരുടെ സൈന്യം അണിനിരന്ന് നില്‍ക്കുന്നത് കണ്ട ദുര്യോധനന്‍ ഗുരു ദ്രോണാചാര്യരെ പ്രകോപിപ്പിക്കാനാണ് ഇങ്ങനെ പറഞ്ഞത്. സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് ഇക്കാര്യം വിവരിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് ഈ വിവരണം നടത്തിയത്?
ധൃതരാഷ്‌ട്രര്‍ ആദ്യം മുതല്‍ യുദ്ധകഥ വിശദമായി കേള്‍ക്കാന്‍ ആഗ്രഹിച്ചു. അപ്പോഴാണ് സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
എന്താണ് ധൃതരാഷ്‌ട്രര്‍ സഞ്ജയനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചത്?
പത്ത് ദിവസത്തെ യുദ്ധത്തിന് ശേഷം സഞ്ജയന്‍ വന്ന് ധൃതരാഷ്‌ട്രരോട് പറഞ്ഞു, ”കൗരവരുടെയും പാണ്ഡവരുടെയും പിതാമഹനായ ശന്തനുവിന്റെ മകന്‍ ഭീഷ്മര്‍ കൊല്ലപ്പെട്ടു (രഥത്തില്‍ നിന്ന് വീഴ്‌ത്തപ്പെട്ടു). എല്ലാ യോദ്ധാക്കളിലും പ്രധാനിയും വില്ലാളികളില്‍ ഏറ്റവും മികച്ചവനുമായ പിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു.” ഈ വാര്‍ത്ത കേട്ട ധൃതരാഷ്‌ട്രര്‍ വലിയ ദുഃഖത്തിലായി, വിലപിക്കാന്‍ തുടങ്ങി. എന്നിട്ട് സഞ്ജയനോട് യുദ്ധത്തിന്റെ മുഴുവന്‍ കഥയും വിവരിക്കാന്‍ പറഞ്ഞു;
‘ഹേ സഞ്ജയ! കുരുക്ഷേത്രം എന്ന പുണ്യഭൂമിയില്‍ യുദ്ധം ചെയ്യാനുള്ള ആഗ്രഹവുമായി ഒത്തുകൂടിയ എന്റെ പുത്രമാരും പാണ്ഡുപുത്രന്മാരും എന്താണ് ചെയ്തത്?
സഞ്ജയന്‍ പറഞ്ഞു; പാണ്ഡവരുടെ സൈന്യം അണിനിരന്ന് നില്‍ക്കുന്നത് കണ്ട് ദുര്യോധന രാജാവ് ദ്രോണാചാര്യരുടെ അടുത്ത് ചെന്ന് അദ്ദേഹത്തോട് പറഞ്ഞു: ”ഹേ ആചാര്യ! ദ്രുപദന്റെ പുത്രനായ, അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരക്കപ്പെട്ട പാണ്ഡവരുടെ ഈ വലിയ സൈന്യത്തെ കണ്ടാലും.”
”പാണ്ഡവരുടെ സൈന്യത്തില്‍ ഞാന്‍ ആരെയാണ് കാണേണ്ടത്, ദുര്യോധനാ?” ”പാണ്ഡവരുടെ ഈ സൈന്യത്തില്‍ വലിയ വില്ലുകളുള്ള, ശക്തിയില്‍ ഭീമനെപ്പോലെയും ആയോധനകലയില്‍ അര്‍ജ്ജുനനെപ്പോലെയുമുള്ള മഹത്തായ യോദ്ധാക്കള്‍ ഉണ്ട്. ഇതില്‍ യുയുധാനന്‍ (സാത്യകി), വിരാട രാജാവ്, മഹാരഥനായ ദ്രുപദന്‍ എന്നിവരും ഉള്‍പ്പെടുന്നു. ധൃഷ്ടകേതു, ചേകിതാനന്‍, പരാക്രമി കാശിരാജാവ് എന്നിവരും ഉണ്ട്. പുരുജിത്തും കുന്തിഭോജനും ഈ രണ്ട് സഹോദരന്മാരും, മനുഷ്യരില്‍ ശ്രേഷ്ഠനായ ശൈബ്യനുമുണ്ട്, ശക്തനായ യുധാമന്യുവും ബലവാനായ ഉത്തമൗജസും ഉണ്ട്. സുഭദ്രയുടെ മകന്‍ അഭിമന്യുവും ദ്രൗപതിയുടെ അഞ്ച് മക്കളുമുണ്ട്. ഇവരെല്ലാം മഹാരഥന്മാരാണ്. ”
(തുടരും)
(ഗായത്രി പരിവാര്‍ പ്രസിദ്ധീകരിച്ച ‘ഗീതാമാധുര്യ’ത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: