തിരുവനന്തപുരം: കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ തിരുവനന്തപുരം മംഗലപുരത്ത് നാളെ നടക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസ് സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്‌ക്ക് 2.45ന് റാഷാജ് റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വൈകിട്ട് നാലു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം, വിവിധ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗം പരിചയപ്പെടുത്തല്‍, ഉജ്ജ്വല യോജനക്കു കീഴില്‍ പുതിയ പാചക വാതക കണക്ഷനുകള്‍ വിതരണം ചെയ്യല്‍, ഗുണഭോക്താക്കളുടെ അനുഭവം പങ്കിടല്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമാകും. ചടങ്ങില്‍ സങ്കല്‍പ് പ്രതിജ്ഞയുമെടുക്കും.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടത്തുന്നത്. രാവിലെ 11 മണിക്ക് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദദാന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ധനമന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് നിന്ന് ന്യൂദല്‍ഹിയിലേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: