Categories: India

മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് രാഷ്‌ട്രഭാവം ശക്തമാകണം: വി. ഭാഗയ്യ

വെല്ലുവിളികളുണ്ട് എന്നത് വാസ്തവമാണ്. അത് പരിഹരിക്കാന്‍ ഒരുമിച്ചുള്ള പരിശ്രമമാണ് ആവശ്യം. നമ്മള്‍ ഒരു കുടുംബമാണ് എന്ന ഭാവം സ്വീകരിക്കുകയാണ് അതിന് നല്ല വഴി

Published by

ഇംഫാല്‍: മണിപ്പൂരില്‍ ശാശ്വത സമാധാനമുറപ്പിക്കാന്‍ മനോഭാവത്തില്‍ രാഷ്‌ട്രഭാവം ശക്തമാകണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബുങ്ങില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ സേവാഭാരതി മണിപ്പൂരും മണിപ്പൂര്‍ സേവാ സമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളികളുണ്ട് എന്നത് വാസ്തവമാണ്. അത് പരിഹരിക്കാന്‍ ഒരുമിച്ചുള്ള പരിശ്രമമാണ് ആവശ്യം. നമ്മള്‍ ഒരു കുടുംബമാണ് എന്ന ഭാവം സ്വീകരിക്കുകയാണ് അതിന് നല്ല വഴി. നമ്മള്‍ ഭാരതമാതാവിന്റെ പുത്രരാണ്. സമാധാനവും സുസ്ഥിരതയും മടക്കിക്കൊണ്ടുവരാനും മേഖലയെ സമൃദ്ധിയിലേക്ക് നയിക്കാനും ഓരോ വ്യക്തിക്കും കടമയുണ്ട്, അദ്ദേഹം പറഞ്ഞു.

അഭയകേന്ദ്രത്തില്‍ കഴിയുന്ന രോഗികളുടെയും വയോജനങ്ങളുടെയും കാര്യത്തില്‍ സമാജത്തിന് ഉത്കണ്ഠ വേണം. ഭൗതിക ആവശ്യങ്ങളുടെ നിര്‍വഹണം മാത്രമല്ല, പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വൈകാരിക പിന്തുണയും നല്‌കേണ്ടതുണ്ട്. വിദ്യാഭ്യാസം ശാക്തീകരണത്തിനുള്ള ഉപകരണമാണ്. സ്വന്തം വീടുകളില്‍ നിന്ന് അഭയമന്ദിരത്തിലേക്ക് മാറേണ്ടിവന്നവര്‍ക്ക് കരുത്ത് പകരണം. സ്വന്തം കുട്ടികളുടെ അക്കാദമിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ പ്രേരിപ്പിക്കണം. മണിപ്പൂരിന്റെ ഭാവിയിലേക്ക് ക്രിയാത്മകമായി സംഭാവന ചെയ്യാന്‍ കഴിവുള്ള, വിദ്യാസമ്പന്നരും പ്രതിരോധശേഷിയുള്ളവരുമായ ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് പുലര്‍ത്തേണ്ടത്, ഭാഗയ്യ ചൂണ്ടിക്കാട്ടി.

532 പുതപ്പുകളും പഠനോപകരണങ്ങളും കേന്ദ്രത്തില്‍ വിതരണം ചെയ്തു. 75 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമഗ്രികള്‍ നല്കി. മണിപ്പൂര്‍ സേവാ സമിതിയും സേവാഭാരതി മണിപ്പൂരും ചേര്‍ന്ന് ലംബോ ഖോങ് നാങ് ഖോങ്ങില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹം സന്ദര്‍ശിച്ചു. അവിടെ 150 പുതപ്പുകളും അവശ്യവസ്തുക്കളും വിതരണം ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: RSSmanipur