ശബരിമല: സന്നിധാനത്ത് ഭക്തരെ അതിവേഗം പതിനെട്ടാംപടി കയറ്റിവിടാന്‍ തടസമാകുന്നത് പടികള്‍ക്കു താഴെ ഹൈഡ്രോളിക് മേല്‍ക്കൂരയ്‌ക്കു നിര്‍മിച്ച തൂണുകളെന്ന് പോലീസും.
ഇക്കാര്യം ഹിന്ദു സംഘടനകള്‍ നേരത്തേ മുതല്‍ ചൂണ്ടിക്കാട്ടുന്നതാണ്. മേല്‍ക്കൂരയുടെ തൂണുകള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സന്നിധാനത്തെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ച് ഉയരം കൂട്ടിയിരുന്നു. ഇത് തന്ത്രി അടക്കമുള്ളവരോട് ആലോചിക്കാതെയായിരുന്നു.
ഉയര്‍ന്നുനില്‍ക്കുന്ന തൂണുകള്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനും തലവേദനയായി. മേല്‍ക്കൂര സ്ഥാപിക്കാന്‍ പതിനെട്ടാംപടിയുടെ ഇരുവശവും നാലുവീതം എട്ട് തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടെണ്ണം പതിനെട്ടാംപടിയുടെ നടുഭാഗത്ത് നിന്നാണ് ആരംഭിക്കുന്നത്.
ബാക്കിയുള്ളവ വലിയ നടപ്പന്തലിലെ ബാരിക്കേഡ് തുറക്കുന്നിടത്ത് നിന്നും പതിനെട്ടാംപടി വരെയും. മധ്യഭാഗത്തെ തൂണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിരുന്നാണ് കഴിഞ്ഞ വര്‍ഷം വരെ പോലീസുകാര്‍ തീര്‍ത്ഥാടകരെ പടി കയറ്റിവിട്ടിരുന്നത്. ഇപ്പോള്‍ പോലീസിന് അവിടെ ഇരിക്കാന്‍ സാധിക്കില്ല. പടിയില്‍ ഇറങ്ങി നില്‍ക്കുകയും വേണം. പടികയറി വരുന്ന തീര്‍ത്ഥാടകര്‍ ഞെങ്ങിഞെരുങ്ങിയുള്ള അപകടങ്ങളും ഉണ്ടാകുന്നുണ്ട്.
ഹൈഡ്രോളിക് മേല്‍ക്കൂരയുടെ നിര്‍മാണം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മേല്‍ക്കൂരയുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ ഹൈക്കോടതിയുടെ മുന്നിലാണ്. കോടതിയുടെ നിര്‍ദേശം വരുമ്പോള്‍ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കും, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: