2021ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ യോഗസ്ഥലത്തിന് പുറത്ത് പുതിയ മുഖ്യമന്ത്രി ആരെന്നറിയാന്‍ ഗാന്ധിനഗറിന് സമീപനഗരമായ ഗഡ്ലോദയിലെ എംഎല്‍എയും ആകാക്ഷയോടെ ഉണ്ടായിരുന്നു. 2017ല്‍ ആദ്യവട്ടം നിയമസഭയിലേക്കെത്തിയ, പാര്‍ട്ടിയില്‍ താരതമ്യേന ജൂനിയറായ ഭൂപേന്ദ്ര രജനീകാന്ത് പട്ടേല്‍ എന്ന 59കാരന് തീരെ പ്രതീക്ഷിക്കാത്തതാണ് ആ യോഗശേഷം സംഭവിച്ചത്. ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ നിര്‍ദ്ദേശം. സമാനമായ കാഴ്ചകള്‍ക്കാണ് ഛത്തീസ്ഗഢില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഒടുവില്‍ രാജസ്ഥാനില്‍ നിന്നും കാണാനായത്. മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ എപ്പോഴും സര്‍പ്രൈസുകള്‍ സമ്മാനിക്കുന്ന ബിജെപി ഇത്തവണയും അതാവര്‍ത്തിച്ചു. രാജസ്ഥാനിലെ നിയുക്ത മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയും മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡോ. മോഹന്‍ യാദവും എംഎല്‍എമാരുടെ യോഗത്തിനുമുമ്പ് ഏറ്റവും പിന്നില്‍ ഫോട്ടോയ്ക്ക് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. തികച്ചും ആശ്ചര്യപ്പെടുത്തുന്ന തീരുമാനമാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായതെന്നായിരുന്നു അടുത്ത സുഹൃത്തുക്കളോടുള്ള ഇവരുടെ ആദ്യ പ്രതികരണങ്ങള്‍. പുതിയ നേതൃത്വത്തെ അതാതു സംസ്ഥാനങ്ങളില്‍ യഥാസമയം വാര്‍ത്തെടുക്കാനുള്ള ബിജെപിയുടെ പരിശ്രമവും ഇച്ഛാശക്തിയും വ്യക്തമാക്കുന്ന നടപടികളാണ് മൂന്നു സംസ്ഥാനങ്ങളിലും ദൃശ്യമായത്.
പട്ടികവര്‍ഗ്ഗ നേതാവ് വിഷ്ണുദേവ് സായി ഛത്തീസ്ഗഢിന്റെയും ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഡോ. മോഹന്‍ യാദവ് മധ്യപ്രദേശിന്റെയും രണ്ടുപതിറ്റാണ്ടോളം സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി പദവി വഹിച്ച, ആദ്യവട്ട എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മ രാജസ്ഥാനിലും മുഖ്യമന്ത്രിമാരാകുമ്പോള്‍ മൂന്നു സംസ്ഥാനങ്ങളിലും അനായാസം തലമുറമാറ്റം സാധ്യമാക്കാനും ബിജെപിക്കായി. മൂന്നു മുഖ്യമന്ത്രിമാരും അറുപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. മൂന്നുപേരും പഞ്ചായത്ത് ചുമതലകളില്‍ നിന്ന് പടിപടിയായി ഉയര്‍ന്നുവന്നവരുമാണ്. മാധ്യമങ്ങളുടേയും രാഷ്ട്രീയ വിശകലന വിദഗ്ധരുടേയും പ്രവചനങ്ങളില്‍ ഉള്‍പ്പെടാത്ത അപ്രതീക്ഷിത മുഖങ്ങളെ മുഖ്യമന്ത്രിമാരാക്കി മുമ്പും ബിജെപി ആശ്ചര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഹിന്ദി ഹൃദയഭൂമിയിലെ ജാതിസമവാക്യങ്ങളെ അതേപടി ഉള്‍ക്കൊണ്ട്, പ്രതിപക്ഷത്തിന്റെ ജാതിസെന്‍സസ് അടക്കമുള്ള വിഭജന ആശയങ്ങളെ തകര്‍ത്ത് നടത്തിയ ബിജെപിയുടെ മാസ്റ്റര്‍ സ്ട്രോക്ക് തന്നെയായി പുതിയ മുഖ്യമന്ത്രിമാരെന്ന് നിസ്സംശയം പറയാം. ആര്‍എസ്എസിലൂടെയും എബിവിപിയിലൂടെയും വളര്‍ന്നുവന്ന് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂവരും അതാതു സംസ്ഥാന രാഷ്ട്രീയത്തിന്റെ ഉള്ളറിഞ്ഞവര്‍ തന്നെയാണ്. മാസങ്ങള്‍ക്കിപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നും മുഴുവന്‍ ലോക്സഭാ സീറ്റുകളുടേയും വിജയം തന്നെയാണ് മൂന്നുപേര്‍ക്കും ദേശീയ നേതൃത്വത്തില്‍ നിന്നും ലഭിച്ചിരിക്കുന്ന ലക്ഷ്യമെന്നും വ്യക്തം.
ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ 59 കാരന് വിഷ്ണുദേവ് സായ് അജിത് ജോഗിക്ക് ശേഷം പട്ടികവര്‍ഗ്ഗ സമൂഹത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആളാണ്. ജോഷ്പൂര്‍ ജില്ലയിലെ ബാഗിയ ഗ്രാമത്തില്‍ ജനിച്ച വിഷ്ണുദേവ് സായ് ഗ്രാമപഞ്ചായത്ത് ചുമതലകളില്‍ നിന്നും 26-ാം വയസ്സില്‍ എംഎല്‍എയായി വിജയിച്ചു വന്നു. രണ്ടുവട്ടം എംഎല്‍എയും പിന്നീട് തുടര്‍ച്ചയായി നാലുതവണ ലോക്സഭാംഗവുമായി. റായ്പൂരില്‍ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരുമ്പോള്‍ ആരും പറഞ്ഞുകേള്‍ക്കാത്ത പേരായിരുന്നു വിഷ്ണുദേവ് സായിയുടേത്. മൂന്നുവട്ടം മുഖ്യമന്ത്രിയായ രമണ്‍സിങിനെയും മറ്റു സംസ്ഥാന നേതാക്കളെയും മറികടന്ന് എംഎല്‍എമാരുടെ ഐക്യകണ്ഠേനയുള്ള പ്രഖ്യാപനം വിഷ്ണുദേവ് സായിയുടെ പേരായിരുന്നു. വിജയ് ശര്‍മ്മ, അരുണ്‍ സാവു എന്നിവരെ ഉപമുഖ്യമന്ത്രിമാരായും പ്രഖ്യാപിച്ചു. ഇന്നലെ പ്രധാനമന്ത്രി അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ വിഷ്ണുദേവ് സായിയുടെ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റെടുക്കുകയും ചെയ്തു.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി പദത്തിലേക്ക് മുതിര്‍ന്ന നേതാവും നിലവില്‍ മുഖ്യമന്ത്രിയുമായിരുന്ന ശിവരാജ്സിങ് ചൗഹാന്, കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍, ജ്യോതിരാദിത്യസിന്ധ്യ തുടങ്ങി പലപേരുകളും ശക്തമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഭോപ്പാലില്‍ നിയമസഭാ കക്ഷി യോഗം അവസാനിക്കുംവരെ മാത്രമേ അഭ്യൂഹങ്ങള്‍ക്ക് അവസരമുണ്ടായിരുന്നുള്ളൂ. ഉജ്ജയിനിലെ സൗത്ത് മണ്ഡലത്തില്‍ നിന്ന് 2013 മുതല്‍ എംഎല്‍എയായ മോഹന്‍ യാദവ് രണ്ടുവര്‍ഷമായി ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു. രാജേന്ദ്ര ശുക്ല, ജഗ്ദീഷ് ദേവ്ദ എന്നിവരാണ് ഇവിടെ ഉപമുഖ്യമന്ത്രിമാര്‍. നിയമസഭാ കക്ഷി യോഗത്തിന് മുമ്പായി ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഏറ്റവും പിന്നിലെ അഞ്ചാം നിരയില്‍ നിന്നിരുന്ന മോഹന്‍ യാദവിന് യോഗശേഷം മുഖ്യമന്ത്രിപദത്തിലേക്ക് എത്താനായത് ബിജെപിക്ക് മാത്രം സാധ്യമായ കാര്യമാണ്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഒരുഘട്ടത്തിലും ഉയര്‍ന്നുവരാത്ത പേരാണ് ഭജന്‍ലാല്‍ ശര്‍മ്മ. ഇരുപത് വര്‍ഷമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് മത്സരിക്കാന്‍ ആദ്യമായി അവസരം ലഭിച്ചത് സ്വന്തം ജില്ലയായ ഭരത്പൂരില്‍ ആയിരുന്നില്ല. എന്നാല്‍ ജയ്പൂരിന് സമീപമുള്ള സംഗനേര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി എംഎല്‍എയായി വിജയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സംസ്ഥാന മുഖ്യമന്ത്രിയാവാനുള്ള അവസരമാണ് 55കാരനായ ഭജന്‍ലാല്‍ ശര്‍മ്മയ്ക്ക് പാര്‍ട്ടി നല്‍കിയത്. പി.കെ കൃഷ്ണദാസ് ചെയര്‍മാനായിരുന്ന റെയില്‍വേ പാസഞ്ചര്‍ അമിനിറ്റി കമ്മറ്റി അംഗമായും ഭജന്‍ലാല്‍ ശര്‍മ്മ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര ഷെഖാവത്ത്, അര്ജ്ജുന് മേഘ്വാള്, സ്വാമി ബാലക്നാഥ് എന്നിവരുടെയെല്ലാം പേരുകള്‍ സജീവമായിരുന്നിടത്താണ് ആദ്യവട്ടം എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. എംഎല്‍എമാരുടെ യോഗത്തില്‍ ഏറ്റവും പിന്നിലിരുന്ന ഭജന്‍ലാലിനെ മിനുറ്റുകള്‍ക്കകം മുന്നിലേക്കെത്തിക്കാനും സംസ്ഥാന ഭരണച്ചുമതല ഏല്‍പ്പിക്കാനും ബിജെപിക്കായി. ദിയാകുമാരിയും പ്രേംചന്ദ്ര് ഭൈരവയുമാണ് ഉപമുഖ്യമന്ത്രിമാര്‍. വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
പട്ടികവര്‍ഗ്ഗ സമൂഹത്തില്‍ നിന്നുള്ള നേതാവായ വിഷ്ണുദേവ് സായിയെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി പദത്തിലേക്കും ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഡോ. മോഹന്‍ യാദവിനെ മധ്യപ്രദേശിലും ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഭജന്‍ലാല്‍ ശര്‍മ്മയെ രാജസ്ഥാനിലും മുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ച ബിജെപി തീരുമാനം രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടേയും പ്രതിനിധികളെയും നേതൃസ്ഥാനത്തേക്ക് എത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും എന്നതിന്റെ തെളിവുകൂടിയായി മാറി. കുടുംബാധിപത്യവും സവര്‍ണ്ണാധിപത്യവും നിറഞ്ഞുനില്ക്കുന്ന കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത തീരുമാനങ്ങള്‍ അനായാസം സ്വീകരിക്കാനും നടപ്പാക്കി വിജയിപ്പിക്കാനും സാധിക്കുന്നു എന്നിടത്താണ് പുതിയ ഭാരതത്തിലെ ബിജെപി രാഷ്ട്രീയത്തിന്റെ മുന്നേറ്റം. നെഹ്രു കുടുംബത്തെ ആശ്രയിച്ച് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വപ്നം കാണാന്‍ പോലുമാവാത്ത നടപടികള്‍ അനായാസം സ്വീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നു എന്നത് ചെറിയകാര്യമല്ല. രാജ്യത്തെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഹിന്ദു സമൂഹത്തെ ജാതീയമായി വിഘടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേയും ഗൂഢനീക്കത്തെ മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനത്തിലെ സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെ മറികടക്കാന്‍ ബിജെപിക്കായി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വലിയ രാഷ്ട്രീയ വിജയം 2024ലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയുടെ വ്യക്തവും ശക്തവുമായ സന്ദേശം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: