ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വേദനാജനകമാണ്. തിക്കുംതിരക്കും കാരണം സന്നിധാനത്തെത്തി അയ്യനെ കണ്ട് തൊഴാനാവാതെ നിരവധി അയ്യപ്പന്മാര് മടങ്ങുകയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് വളരെ ദൂരം സഞ്ചരിച്ചെത്തുന്ന അയ്യപ്പന്മാര്ക്കാണ് ഈ ദുര്‍ഗതിയുണ്ടാവുന്നത്. വര്‍ഷംതോറും മലചവിട്ടുന്ന അയ്യപ്പന്മാര് നേരിടുന്ന പ്രശ്നങ്ങളും അവര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും നിരവധിയാണെങ്കിലും അയ്യനെ കാണാനാവാതെ മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തേങ്ങയുടച്ചും നെയ്യഭിഷേകം ചെയ്തുമൊക്കെ മടങ്ങേണ്ടി വരുന്ന കാഴ്ച ഇതിനുമുന്‍പ് കണ്ടിട്ടില്ല. അഭൂതപൂര്‍വമായ തിരക്കാണ് ഇതിന് കാരണമെന്ന് അധികൃതര്‍ക്ക് പറഞ്ഞൊഴിയാന്‍ കഴിയില്ല. തിരക്ക് മുന്‍കൂട്ടി കണ്ട് അത് നിയന്ത്രിക്കാനും, ദര്‍ശനം സുഗമമാക്കാനുമുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിക്കണമായിരുന്നു. ഈ പണിയെടുക്കാനാണ് ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്തരുടെ പണം ഉപയോഗിച്ച് ശമ്പളം നല്‍കുന്നത്. ഇക്കുറി പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടെന്നും, അതൊക്കെ പുറത്തുപറയാനാവില്ലെന്നുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏറ്റുപറയുന്നത് കുറ്റകരമായ അനാസ്ഥയാണ്. പ്രശ്നങ്ങളുണ്ടെന്നും പരിമിതികളുണ്ടെന്നും വീഴ്ചകളുണ്ടെന്നും ഇപ്പോഴല്ല വെളുപാടുണ്ടാവേണ്ടത്. തീര്‍ത്ഥാടനത്തിന് ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തണമായിരുന്നു. പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും, അവ എങ്ങനെയൊക്കെ പരിഹരിക്കാമെന്നും ഹൈന്ദവ സംഘടനകളും കോടതിയും മാധ്യമങ്ങളും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇതിനോട് ശത്രുതാപരമായ സമീപനം സ്വീകരിച്ച ശേഷമാണ് ദേവസ്വം അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുന്നത്.
അയ്യനെ ഒരുനോക്കു കാണാന്‍ മണിക്കൂറുകളോളം വരിനിന്ന ഒരു കുഞ്ഞുമാളികപ്പുറം ഹൃദ്രോഗബാധയെ തുടര്‍ന്ന് വെള്ളം കിട്ടാതെ മരിച്ചത് ഹൃദയഭേദകമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈ ദാരുണ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്നത് തീര്‍ത്ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ മറച്ചുപിടിക്കാനാണ്. ഭക്തിനിര്‍ഭരമായ മനസ്സുമായി മലചവിട്ടാനെത്തുന്ന അയ്യപ്പന്മാരെ അക്ഷരാര്‍ത്ഥത്തില്‍ പോലീസ് തല്ലിയോടിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ കാണാം. കുട്ടികളുമായെത്തുന്ന സ്വാമിമാര്‍ അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവുമൊക്കെ വാങ്ങാന്‍ വരിതെറ്റിച്ച് പുറത്തിറങ്ങുമ്പോള്‍ ആക്രോശവുമായെത്തുന്ന പോലീസുകാര്‍ വടികൊണ്ട് അടിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ കിട്ടുന്ന ബസ്സില്‍ കയറിക്കൂടുന്ന അയ്യപ്പന്മാരുടെ ദുരിതക്കാഴ്ചകളോട് അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നു. കൂടുതല്‍ പോലീസുകാരെയും കെഎസ്ആര്‍ടിസി ബസ്സുകളും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. മണ്ഡലകാലം അവസാനിക്കാറായപ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓര്‍ക്കണം. വിരമിച്ച പോലീസുകാരെയും മറ്റും നിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്ന് പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണ്. എന്‍എസ്എസിന്റെയും എന്‍സിസിയുടെയുമൊക്കെ സന്നദ്ധ ഭടന്മാരെ സേവനത്തിന് ഉപയോഗിക്കാമെന്ന കോടതിയുടെ നിര്‍ദേശം ദേവസ്വം ബോര്‍ഡ് കേട്ടില്ലെന്ന് നടിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നതിന് ഒരു ഉത്തരമേയുള്ളൂ. സംസ്ഥാനത്തെ ഇടതുമുന്നണി ഭരണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ രോഷം ഈ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് ഇനിയും ശമിക്കുന്നില്ല. അന്നും പോലീസിനെയാണ് ആചാരലംഘനത്തിന് ഉപയോഗിച്ചത്. ശബരിമല ക്ഷേത്രത്തിലെ വരുമാനം വേണം, പക്ഷേ തീര്‍ത്ഥാടനം സുഗമമായി നടക്കാന്‍ പാടില്ല. ഇതാണ് സര്‍ക്കാരിന്റെ നയം.
മനസ്സില്ലാമനസ്സോടെയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡുമൊക്കെ മണ്ഡലമകരവിളക്കിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. നിരീശ്വരവാദികളായ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യുന്നതിലുള്ള മടുപ്പും എതിര്‍പ്പും അവരുടെ ഓരോ പ്രവൃത്തിയിലും പ്രതിഫലിക്കുന്നുണ്ട്. ശബരിലയില്‍ അനിഷ്ടസംഭവങ്ങളുണ്ടാകുന്നതില്‍പ്പോലും ഇക്കൂട്ടര്‍ക്ക് വലിയ വിഷമമൊന്നുമില്ല. അത്രയെങ്കിലും അന്ധവിശ്വാസം തകരുമല്ലോ എന്നാണ് ഇവര്‍ വിചാരിക്കുന്നത്. മുന്‍കാലങ്ങളിലും തീര്‍ത്ഥാടനത്തിന് ഇപ്പോഴത്തേതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് തന്നെ പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. കാര്യങ്ങള്‍ നേരെയാക്കാന്‍ താല്‍പ്പര്യമില്ലെന്നര്‍ത്ഥം. അതുകൊണ്ടാണല്ലോ പമ്പയിലും സന്നിധാനത്തുമൊക്കെ കഠിനയാതനകളില്‍പ്പെട്ട് തീര്‍ത്ഥാടകര്‍ വലയുമ്പോള്‍ ശബരിമലയില്‍ വിമാനത്താവളം കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വാചാലനാവുന്നത്. ശബരിമലയില്‍ ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ എങ്ങനെ വിപുലപ്പെടുത്താമെന്നല്ല, വികസനത്തിന്റെ മറവില്‍ അഴിമതി നടത്താന്‍ കഴിയുമോയെന്നാണ് ഈ ഭരണാധികാരി നോക്കുന്നത് എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: