തിരുവനന്തപുരം: അഞ്ഞൂറു കോടി രൂപ വില മതിക്കുന്ന ദല്‍ഹി ട്രാവന്‍കൂര്‍ പാലസ് സിപിഎം നിയന്ത്രണത്തിലാക്കുന്നത് കുതന്ത്രത്തിലൂടെ. പാലസ് വളപ്പിലെ കേരള എജ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്ത്തനമുപയോഗിച്ചാണിത്. പാലസിലെ രണ്ടര ഏക്കര്‍ 1956ല്‍ സൊസൈറ്റിക്കു നല്‍കിയിരുന്നു. ഈ ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ആറു മാസം മുമ്പ് സിപിഎം നിയന്ത്രണത്തിലാക്കി. ഇതേ കുതന്ത്രമാണ് ഇവിടെയും പയറ്റുന്നത്.
ദല്‍ഹി സര്‍ക്കാര്‍ അധികാര പരിധിയില്‍ ചാരിറ്റബിള്‍ നിയമമനുസരിച്ചാണ് 15 അംഗങ്ങളടങ്ങുന്ന കേരള എജ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴു സര്‍ക്കാര്‍ പ്രതിനിധികളും പുറത്തുനിന്നുള്ള എട്ടു പേരും. മലയാളത്തിനു പ്രാധാന്യം നല്‍കിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സൊസൈറ്റി ലക്ഷ്യം. ഇതനുസരിച്ച് സൊസൈറ്റിക്കു കീഴില്‍ പ്ലസ്ടു വരെയുള്ള സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
തുടര്‍ ഭരണം കിട്ടിയതോടെ എജ്യൂക്കേഷന്‍ സൊസൈറ്റിയെ വരുതിയിലാക്കാന്‍ കുതന്ത്രം തുടങ്ങിയിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പല തീരുമാനങ്ങളും കൈക്കൊണ്ടു. ഇതോടെ സര്‍ക്കാര്‍ പ്രതിനിധികള്‍ പുറത്തായി. സര്‍ക്കാര്‍ പ്രാതിനിധ്യമില്ലാതായതോടെ രണ്ടര ഏക്കര്‍ പൂര്‍ണമായും സൊസൈറ്റിക്കായി. ചാരിറ്റബിള്‍ സൊസൈറ്റി നിയമമനുസരിച്ച് ഭൂമി സര്‍ക്കാരിനു വീണ്ടെടുക്കാനുമാകില്ല. ഇപ്പോള്‍ ദല്‍ഹിയിലെ പ്രമുഖ വ്യവസായിയുടെ നിയന്ത്രണത്തിലാണ് സ്കൂള്‍. ആറു മാസത്തെ ചരടുവലിയിലാണ് രണ്ടര ഏക്കറും സ്കൂളും സിപിഎമ്മിന്റെ ബിനാമി നിയന്ത്രണത്തിലായത്.
ഇതേ തരത്തിലാണ് പാലസും കൈക്കലാക്കുക. സര്‍ക്കാര്‍ നോമിനികളായി സിപിഎം അടുപ്പക്കാരായ വ്യവസായികളെ ട്രാവന്‍കൂര്‍ പാലസ് മാനേജ്മെന്റ് സൊസൈറ്റിയില്‍ കയറ്റുക. തീരുമാനങ്ങളില്‍ ഭൂരിപക്ഷാഭിപ്രായമെന്ന സാങ്കേതികത്വത്തിലൂടെ സിപിഎം നിയന്ത്രണത്തിലാക്കുക. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറിയതും ഇത്തരത്തിലാണ്. അതീവ സുരക്ഷ വേണ്ട രാഷ്ട്രപതി ഭവനു സമീപത്താണ് ട്രാവന്‍കൂര്‍ പാലസ്.
ഇവിടെ ഓപ്പണ്‍ ഓഡിറ്റോറിയമുണ്ടാക്കാനുള്ള നീക്കവുമുണ്ട്. അനുമതി ലഭിച്ചാല്‍ വിവാഹാവശ്യങ്ങള്‍ക്കും മറ്റും ഇത് വാടകയ്ക്കു നല്‍കും. ലക്ഷക്കണക്കിനു രൂപ ഇതിലൂടെ ലഭിക്കും. സര്‍ക്കാരിനാകട്ടെ ഒരു രൂപ പോലും വാടകയിനത്തില്‍ ലഭിക്കില്ല. എല്ലാം സിപിഎം നിയന്ത്രണത്തിലെ സൊസൈറ്റിക്കു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: