ചെങ്ങന്നൂര്‍: ഇത് വിജയന്, ഇഷ്ടിക നിര്‍മാണ യൂണിറ്റില്‍ നിന്നും മാറി പാറമണല്‍ യൂണിറ്റ് സംരംഭം സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച മലയാളി. എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള കടുത്ത അവഗണനയും മാനസിക പീഡനവും കാരണം ഈ 71 കാരന് തളര്‍ന്നു. നിസംഗതയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. കൊട്ടിഘോഷിച്ചെത്തുന്ന നവകേരള സദസില്‍ അവസാന ശ്രമമെന്ന നിലയില്‍ ഒരു പരാതി കൊടുക്കാനിരിക്കുകയാണ് ഈ വയോധികന്. അതിലും പരിഹാരമായില്ലെങ്കില്‍ എന്തു ചെയ്യണമെന്നും അദ്ദേഹം ഏറെക്കുറെ മനസിലുറപ്പിച്ചിട്ടുണ്ട്. 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് നവകേരളസദസ്.
വെണ്മണി പുന്തല മേലേപ്ലാക്കാട്ട് വീട്ടില്‍ എം.കെ. വിജയന് എന്ന സാധാരണക്കാരന് വാഹന മേഖലയിലാണ് യുവത്വം മുഴുവന്‍ ചെലവഴിച്ചത്. പാറമടകളിലും ഇഷ്ടികചൂളകളിലും ക്രഷറുകളിലും ഹെവി വാഹനങ്ങളുടെ ഡ്രൈവറായി പോയിട്ടുണ്ട്. അതിലൂടെ ലഭിച്ച പാഠങ്ങള്‍ ഉള്‍കൊണ്ടാണ് സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങിയത്. ആദ്യം ഇഷ്ടികനിര്മാണ യൂണിറ്റായിരുന്നു. ചെളിയുടെ ദൗര്‍ലഭ്യത്തിന് പിന്നാലെ രാഷ്ട്രീയക്കാരുടെ പിരിവുകളും ഭീഷണികളും കൊണ്ട് മടുത്തപ്പോള്‍ അത് നിര്‍ത്തി പാറമണല്‍ യൂണിറ്റിലേക്ക് കടന്നു. കെട്ടിടം നിര്‍മിച്ചു, പ്രവര്‍ത്തനത്തിനുള്ള വലിയ മെഷീനറികള്‍ മുതല്‍ ചെറിയ ഉപകരണങ്ങള്‍ വരെ വാങ്ങി. സ്ഥാപനം നടത്തുന്നതിനാവശ്യമായ വൈദ്യുതിക്കും വെള്ളത്തിനുമായി മുതല്‍മുടക്കി. പക്ഷേ ഈ യൂണിറ്റ് പൂര്‍ണതോതില്‍ ആകെ നടത്താനായത് നാല് മാസം, അതും ട്രയല്‍ റണ്‍.
കേരളത്തിലെ സംരംഭകന്റെ ഗതികേട് എന്താണെന്നതിന് തെളിവാണ് വിജയന്റെ ദുരവസ്ഥ. 2012 മുതല്‍ സ്ഥാപന നിര്‍മാണവുമായി ബന്ധപ്പെട്ടും മെഷിനുകള്‍, ജനറേറ്റര്‍, വയറിങ്, പ്ലംബിങ്, വിവിധ ഏജന്‍സികളുടെ എന്‍ഒസികള്‍, അവയുടെ പുതുക്കലുകള്‍, ഇന്സ്പെക്ഷന്, കേസുകള്‍ അടക്കം നിരവധി ആവശ്യങ്ങള്‍ക്കായി ഒന്നര കോടിയോളം രൂപ വിജയന് ചെലവായിക്കഴിഞ്ഞു. പല വ്യക്തികളില്‍ നിന്നും കടം വാങ്ങിയാണ് തുക കണ്ടെത്തിയത്. ഒടുവില്‍ തുക തിരികെ നല്‍കാനായി വസ്തുക്കളും വാഹനങ്ങളും വില്‍ക്കേണ്ടി വന്നു. സ്വന്തമായി ലഭിച്ച ഭൂമിയില്‍ ഭൂരിഭാഗവും സ്ഥാപനത്തിന്റെ ആവശ്യത്തിലേക്കാണ് വിറ്റഴിച്ചത്. യൂണിറ്റ് പ്രവര്‍ത്തിച്ച് ലാഭകരമായിരുന്നെങ്കില്‍ 25 പേര്‍ക്ക് പ്രത്യക്ഷമായും നൂറോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമായിരുന്നുവെന്ന് വിജയന് പറയുന്നു.
വെണ്മണി പഞ്ചായത്തില്‍ അപേക്ഷിച്ചതനുസരിച്ചാണ് 2012 ജൂണില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചതും കെട്ടിടം നിര്‍മിച്ചതും. യൂണിറ്റിന്റെ പ്രവര്‍ത്തനാനുമതിക്കായി കംപ്ലീഷന്‍ പ്ലാനും മറ്റ് പ്രമാണങ്ങളുടെ പകര്‍പ്പുകളും ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ സമര്‍പ്പിച്ച് എന്‍ഒസിക്ക് അപേക്ഷിച്ചു. എന്നാല്‍ അവിടെ നിന്നും ലഭിച്ച മറുപടി എം സാന്‍ഡ് യൂണിറ്റിന് ഏഴുമീറ്റര്‍ വീതിയുള്ള റോഡ് വേണമെന്നായിരുന്നു. അപാകത ആരോപിച്ച് അപേക്ഷ നിരസിച്ചതോടെ വിജയന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇതുപ്രകാരം ലഭിച്ച ലൈസന്‍സ് കാലാവധി പിന്നീട് പഞ്ചായത്ത് പുതുക്കി നല്കാന് കൂട്ടാക്കിയില്ല. വ്യവസായ ഗണത്തില്‍പെടുന്ന കെട്ടിടം റഗുലറൈസ് ചെയ്യുന്നതിന് തടസവാദങ്ങളും മുന്നോട്ടുവച്ചു.
2021-22 വര്‍ഷത്തെ ലൈസന്‍സ് പുതുക്കലിന് അപേക്ഷിച്ചപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി അന്വേഷണം നടത്തി ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചു. ഇതിനായി മഴക്കുഴിയും ഓഫീസ് ബില്‍ഡിങും നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നുലക്ഷം രൂപയോളം വിജയന് ചെലവാക്കി അതും ചെയ്തു. കേരള പഞ്ചായത്ത് കെട്ടിടനിര്മാണചട്ടമനുസരിച്ച് കല്ല് പൊടിക്കുന്ന യൂണിറ്റുകള്‍ ഗ്രൂപ്പ് ഐയിലാണ്. ഒക്യുപന്‍സി മാറ്റിനല്‍കാനായി സമര്‍പ്പിച്ച പ്ലാനില്‍ ഗണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയും അപേക്ഷ നിരസിച്ചു. മുഖ്യമന്ത്രിയും കൈവിട്ടാല്‍ പിന്നീട് തന്റെ സംരംഭം എന്നന്നേക്കുമായി അടച്ചുപൂട്ടാനും യന്ത്രങ്ങളടക്കം എല്ലാം ആക്രിവിലയ്ക്ക് തൂക്കിവില്ക്കാനുമാണ് തീരുമാനം.
കാട് മൂടിയാണെങ്കിലും ഈ കെട്ടിടം മറയട്ടെ എന്നാണ് എന്റെ ചിന്ത. എന്റെ ഭര്‍ത്താവിന്റെ സ്വപ്നമായിരുന്നു ഈ യൂണിറ്റ് നല്ല നിലയില്‍ നടത്തുകയെന്നത്. അതിനി നടക്കില്ലെന്നാണ് തോന്നുന്നത്. അദ്ദേഹം ഊണും ഉറക്കവുമില്ലാതെ ഇതിനായി കഷ്ടപ്പെട്ടതാണ്. രണ്ട് പെണ്മക്കളാണ് ഞങ്ങള്‍ക്ക്. ഈ വയസുകാലത്ത് അദ്ദേഹത്തിന് സമരം ചെയ്യാനൊന്നുമുള്ള ആരോഗ്യമില്ല. സഹായിക്കുമെന്ന് കരുതിയവര്‍ പോലും കൈവിട്ടു.
രാധമ്മ, വിജയന്റെ ഭാര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: