ഇത് ആളുവെറെ ഐറ്റമാണ് സര്, കരിങ്കൊടിയോ കറുത്ത കുപ്പായമോ കണ്ടാല്‍ ചുവപ്പുകണ്ട കാളയെ പോലെ വിളറിപിടിക്കുന്ന ഇനമല്ല. അത് തിങ്കളാഴ്ച തെളിയിച്ചു. മൂന്നുസ്ഥലത്തു വച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കരിങ്കൊടിയും വടിയുമായി ഗുണ്ടാസംഘം ഓടിയെത്തിയത്. മൂന്നാം തവണയും വന്നപ്പോള്‍ ഗവര്‍ണര്‍ക്ക് സഹികെട്ടു. കാറിനടുത്തുവരെ കരിങ്കൊടിക്കാര്ക്ക് എത്താന്‍ ഒരു തടസവുമുണ്ടായില്ല. കാറിന്റെ ചില്ലിനടിച്ചപ്പോഴാണ് ഗവര്‍ണര്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞത്. നിര്ത്തിയകാറിന്റെ വാതില്‍ തുറന്നിറങ്ങിയ ഗവര്‍ണര്‍ ‘ബ്ലഡി ക്രിമിനല്‍സ് കം…കം’ എന്ന് പറഞ്ഞ് സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. ഇത് ഐറ്റം വേറെയാണെന്ന് ബോധ്യപ്പെട്ട ഗുണ്ടകള്‍ ഓടിമറിഞ്ഞു.
വെടികൊള്ളാത്ത കാറിലും ബസ്സിലുമിരുന്ന് യാത്രചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രിപ്പടയും കരിങ്കൊടിക്കാരെ തല്ലി ഒതുക്കാന്‍ പോലീസിനേയും പാര്‍ട്ടിക്കാരെയും ആശ്രയിക്കുന്ന കാലം. കരിങ്കൊടി വീശുന്നവരെ തല്ലുന്നത് അവരെ വാഹനം ഇടിക്കാതിരിക്കാന്‍ ചെയ്യുന്നതാണെന്നും അത് ഇനിയും തുടരണമെന്നും അഭ്യര്‍ഥിക്കുമ്പോഴാണ് സമരക്കാരെ നേരിടാന്‍ പോലീസിനെ പോലും ആശ്രയിക്കാതെ ഗവര്‍ണര്‍ രണ്ടും കല്പിച്ചിറങ്ങിയത്. സമരക്കാരുടെ അടി കാറിനേ കൊണ്ടുള്ളൂ. അത് ഗവര്‍ണര്‍ക്ക് കൊണ്ടെങ്കിലോ എന്താകും സ്ഥിതി. അതെങ്ങാനും ഈ കൂപമണ്ഡൂകങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നെഞ്ചത്ത് കൈവച്ച് പറയുന്നകാലം കഴിഞ്ഞു. ഇവിടെ ആസൂരിക വിളയാട്ടമാണ്. ഹിരണ്യന്റെ നാടായി കേരളം മാറി. ഇവിടെ ഹിരണ്യായ നമഃ മാത്രമേ പാടാനൊക്കൂ. മറിച്ചൊരു നാമം ഉച്ചരിക്കാന്‍ പാടില്ല. അതങ്ങനെ വകവച്ചുകൊടുക്കാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ തെളിയിച്ചത്.
എങ്ങും രാക്ഷസവിളയാട്ടമാണ്. കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. അതിനെക്കാള്‍ ഭീകരമാണ് ആത്മഹത്യകള്‍. നെല്ല് നല്‍കിയതിന്റെ കാശ് കിട്ടാതെ നട്ടംതിരിയുന്ന കര്ഷകന്. ജീവിക്കാന്‍ വഴിമുട്ടിയ കര്‍ഷകരുടെ ആത്മഹത്യകളാണ് നാടാകെ. അതിനേക്കാള്‍ ഭീകരമാണ് സ്ത്രീപീഡനങ്ങള്‍. വനിത ഡോക്ടറാണെങ്കിലും വിടില്ല. കൊല്ലത്ത് ഡോ. വന്ദന കൊല്ലപ്പെട്ടിട്ട് അധികനാളായില്ല. ഒരു ഡോക്ടറാകാന്‍ എത്രമാത്രം കഷ്ടപ്പെടണം? വന്ദനയ്ക്ക് പിറകെ ഇതാ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഷഹ്നയ്ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നിരിക്കുന്നു. ഇതേ മെഡിക്കല്‍ കോളജിലെ ഡോ. റുവൈസാണ് വില്ലന്‍. സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ മനോവിഷമമാണ് കാമുകനോട് പകതീര്‍ത്ത് ഷഹ്ന മരണത്തെ വരിച്ചത്. അവരുടെ ആത്മഹത്യാക്കുറിപ്പ് മറച്ചുവച്ച് പ്രതിയെ സംരക്ഷിക്കാന്‍ പോലീസ് നടത്തിയ കള്ളക്കളിയും പൊളിഞ്ഞു.
കാസര്‍കോട് ബേഡകത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബമിറങ്ങി. മകള്‍ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും അവര്‍ ആരോപിച്ചു. പള്ളിക്കര സ്വദേശി മുര്സീനയാണ് തൂങ്ങി മരിച്ചത്. മകളുടെ മരണം വീട്ടില്‍ അറിയിക്കാന്‍ വൈകിയതായും കുടുംബം ആരോപിച്ചു. 2020ലായിരുന്നു അസ്കറുമായുള്ള മുര്‍സീനയുടെ വിവാഹം. ഇവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്.
കര്‍ണാടകയിലെ കുടകിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി ഏബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. വിനോദിനെയും ജിബിയെയും തൂങ്ങിയനിലയിലും മകളെ കട്ടിലില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. മരണത്തിന് വേറെയാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് കുന്നുമ്മക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെയാണ് പിടികൂടിയത്. പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ അരൂര്‍ സ്വദേശിനി ഷബ്നയെ (30)യെ ഭര്‍തൃവീട്ടില്‍ കയ്യേറ്റം ചെയ്ത താഴെ പുതിയോട്ടില്‍ ഹനീഫിനെ (53) ആണ് അറസ്റ്റ് ചെയ്തത്. ഷബ്നയുടെ ഭര്‍ത്താവ് തണ്ടാര്‍കണ്ടി ഹബീബിന്റെ അമ്മാവനാണ് പ്രതി. വനിതാസംവരണം പാസ്സാക്കിയതിന്റെ ആവേശത്തിലും ആഹ്ലാദത്തിലും കഴിയുന്ന ഭാരതത്തിലെ നമ്പര്‍വണ്‍ എന്നവകാശപ്പെടുന്ന ‘കൈരളി’യിലെ ഈ ആത്മഹത്യകളും കൊലപാതകങ്ങളും സ്ത്രീപീഡനവും എത്രമാത്രം ഭീകരം എന്നുപറയാതിരിക്കുന്നതെങ്ങിനെ.
സ്ത്രീശാക്തീകരണത്തിന്റെ യുഗമാണിതെന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നവരാണ് നമ്മളെല്ലാം. സ്ത്രീ ഇന്നു കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ലെന്നതും വാസ്തവം. പക്ഷേ, വിവാഹവേളയിലെ സ്ത്രീയുടെ മൂല്യം അവള് കൊണ്ടുചെല്ലുന്ന പണത്തെയും ആഭരണത്തെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഏറെപ്പേര്‍ ഇന്നും നമുക്കിടയിലുണ്ട് എന്നതു നിര്‍ഭാഗ്യകരമാണ്.
സ്ത്രീധനം നല്‍കാത്തതും കുറഞ്ഞുപോയെന്ന പരാതിയും പരിഭവവും ഏറിവരികയാണ്. ചോദിക്കാനാളില്ല. പറയാന്‍ വേദികളില്ല. കണ്ണുമടച്ച് ഇരിക്കുന്ന ഭരണകൂടം. ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഈ പൈശാചികം. സ്ത്രീധനം ചോദിക്കുന്നവനോട് താന്‍ പോടാ എന്നുപറയാനേ മുഖ്യമന്ത്രിക്ക് ഉപദേശിക്കാനൊക്കൂ. നടപടി സ്വീകരിക്കാന്‍ അല്പം ധൈര്യം വേണം. നട്ടെല്ലും അതുമല്ലെങ്കില്‍ ഉളുപ്പെങ്കിലും വേണ്ടെ. മൂന്നുവര്‍ഷം മുമ്പാണ് കൊല്ലത്ത് അഞ്ചലില്‍ ഉത്രയെന്ന പെണ്‍കുട്ടിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നത്. തൊട്ടുപിറകെ ബിഎഎംഎസ് വിദ്യാര്‍ഥിനിയും കൊല്ലം നിലമേല്‍ സ്വദേശിയുമായ വിസ്മയ സ്ത്രീധന പീഡനത്തെത്തുടര്‍ന്നു ജീവനൊടുക്കിയ സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.
സ്ത്രീധനം ദാമ്പത്യത്തിന്റെ ആധാരശിലയാക്കുന്ന സ്ത്രീവിരുദ്ധത ഇപ്പോഴും നിലനില്‍ക്കുന്നത് ആത്മാഭിമാനവും മൗലികാവകാശബോധവുമുള്ള നവവനിതയുടെ നേരെയുള്ള അപമാനം തന്നെയാകുന്നു. ഉപഭോഗാധിഷ്ഠിത ജീവിതശൈലി സ്ത്രീധനത്തെ മുന്‍പെന്നത്തെക്കാളും മഹത്വവല്‍ക്കരിക്കുകയാണെന്ന പൊള്ളുന്ന യാഥാര്‍ഥ്യത്തെ ഇതോടു ചേര്‍ത്തുവയ്ക്കുകയും വേണം.
സ്ത്രീധനം വേണ്ട എന്നു പറയുമ്പോഴും പ്രവൃത്തിയില്‍ അത് ഇനിയും അകലെയാണ്. നിയമം മൂലം ദശാബ്ദങ്ങള്‍ക്കുമുന്‍പേ നിരോധിച്ചിട്ടും സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ പീഡനങ്ങളില്‍ സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം അറുപതിലേറെയാണെന്ന കണക്കു പുറത്തുവന്നത് 2021ലാണ്. ഭര്‍തൃവീട്ടുകാരുടെ ഉപദ്രവത്തെത്തുടര്‍ന്നുള്ള കേസുകള്‍ സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്തത് പതിനയ്യായിരത്തിലേറെയാണെന്നും അതോടൊപ്പം നാം കേട്ടു.
വധുവിനു രക്ഷിതാക്കള്‍ നല്കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളോടെ സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി കേള്‍ക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികള്‍ നിസ്സഹായതയോടെ ഒടുങ്ങാതിരിക്കാന്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും നിരന്തര ജാഗ്രത ഉണ്ടായേതീരൂ. അതിനൊക്കെ നേരവും കാലവും നോക്കിയിരുന്നിട്ട് കാര്യമുണ്ടോ? സര്‍ക്കാറിന് അതിനൊരു നിശ്ചദാര്‍ഢ്യം വേണം. അതില്ലാത്ത കാലത്തോളം ഇങ്ങിനെയൊക്കെ തന്നെ. ക്രിമിനല്‍സ് നിയമം കയ്യിലെടുക്കുന്നനേരം. ബ്ലഡി ക്രിമിനല്‍സ് കരിങ്കൊടികളുമായി നിറഞ്ഞാടുന്ന സമയം. ഇടത് ഭരിച്ചാലും വലതുഭരിച്ചാലും മന്ത് മാറിമാറിവരും. ഇതിനൊരു അന്ത്യമാണ് അനിവാര്യമായി വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: