ന്യൂദല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ അനുമതി നല്കി ദല്‍ഹി ഹൈക്കോടതി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു.
മകളെ കാണാന്‍ യമനില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്കിയ ഹര്‍ജിയിലാണ് ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. മകളുടെ ജീവന് രക്ഷിക്കാന്‍ പോകാന്‍ അനുമതി ആവശ്യപ്പെടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അതേസമയം നിമിഷ പ്രിയയുടെ അമ്മ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
യാത്രാ തീയതിയും രാജ്യത്തേക്ക് മടങ്ങുന്ന തീയതിയും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. യമനില്‍ എയര്‍ലൈന്‍ സിഇഒ ആയി ജോലിയുളള തമിഴ്നാട് സ്വദേശി സാമുവല്‍ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമനിലേക്ക് പോകുക. കൊല്ലപ്പെട്ട യമന്‍ പൗരന്റെ വീട്ടുകാര്‍ക്ക് പണം നല്കി നിമിഷ പ്രിയയുടെ മോചനത്തിന് ശ്രമിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: