പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് അനിയന്ത്രിതമായതോടെ മലചവിട്ടാതെ പല ഭക്തരും മടങ്ങുന്നു .പന്തളം ക്ഷേത്രത്തിലെത്തി നെയ്ത്തേങ്ങ ഉടച്ച് മാലയൂരി മടങ്ങുന്നവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരാണ്.
തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുളള തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ മടങ്ങുന്നവരില്‍ അധികവും. ദര്‍ശനം കിട്ടാതെ മടങ്ങുന്നവരില്‍ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും മല ചവിട്ടാനാകാതെ വന്നതോടെയാണ് ഭക്തര്‍ മടങ്ങുന്നത്.
നിലയ്ക്കലിലും പമ്പയിലും വന്‍ ഭക്തജന തിരക്കാണ് .കെഎസ്ആര്‍ടിസി ബസുകളില്‍ കയറിപ്പറ്റാനും വന്‍ തിരക്ക്. അധിക സര്‍വീസ് വേണമെന്ന് ആവശ്യം പരിഗണിച്ചില്ല. പൊലീസ് വിന്യാസം ഫലപ്രദമല്ലെന്നും കുറ്റപ്പെടുത്തലുണ്ട്.
വാഹനങ്ങള്‍ മണിക്കൂറുകളോളം കാനന പാതയില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഇന്ന് 89,981 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ഭക്തരുടെ പ്രതിഷേധം ഉണ്ടായി. ശബരിമല തിരക്ക് പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ ഉന്നയിച്ചു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: