കണ്ണൂര്‍: 2024 ല്‍ ഒരോ തസ്തികയിലും വരാന്‍ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ എല്ലാ ഒഴിവുകളും 2023 നവംമ്പര്‍ 30 നകം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നിര്‍ദ്ദേശം പാഴ്വാക്കായി. കെഎസ്ഇബിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷം. 2022 ജൂണ്‍ 16 ന് ശേഷം കെഎസ്എഇബിയില് സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) ഉള്‍പ്പെടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ നിലവില്‍ ഇത്തരം തസ്തികകളിലേക്കുള്ള പരീക്ഷ പാസായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലായി.
പിഎസ്സി വിജ്ഞാപന പ്രകാരം കെഎസ്ഇബിയിലേക്ക് സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയും കഴിഞ്ഞ നവംബറില്‍ മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 941 പേര് മെയിന്‍ ലിസ്റ്റിലും 888 പേര് സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുകയുണ്ടായി. കെഎസ്ഇബിയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖപ്രകാരം സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് 411 ഒഴിവുകള്‍ ഉള്ളതായി പറയുന്നു. എന്നാല്‍ 217 ഒഴിവുകള്‍ മാത്രമാണ് ഇതുവരെ പിഎസ്സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 194 എണ്ണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള അനീതിയാണ്. കൂടാതെ എഞ്ചിനീയറിംഗ് തസ്തികയില്‍ നിന്നും നിരവധി പേര് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ റിട്ടയര്‍ ചെയ്യാനിരിക്കുകയാണ്. സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ നിന്നു മാത്രം മൂന്ന് വര്‍ഷത്തിനുള്ളില്‍ 656 പേര് വിരമിക്കാനിരിക്കയാണെന്നും ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
നിയമനം നടക്കാത്തത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചിരുന്നു. 2013 മുതല്‍ കെഎസ്ഇബിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കാരണം ജീവനക്കാരുടെ പുനര്‍ ക്രമീകരണം നടക്കുന്നതിനാലാണെന്ന് കെഎസ്ഇബിയിലെ നിയമനാധികാരിയായ എച്ച്ആര്‍എം ചീഫ് എഞ്ചിനീയര്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നാളിതുവരെ കെഎസ്ഇബിയിലെ ജീവനക്കാരുടെ പുനര്‍ക്രമീകരണം സാധ്യമായിട്ടില്ല. എന്നാല്‍ എന്ന് പൂര്‍ത്തിയാകുമെന്ന് കെഎസ്ഇബിക്ക് പറയാന്‍ സാധിക്കുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
സബ് എഞ്ചിനീയര്‍ തസ്തികയിലേക്ക് പ്രമോഷന് നടക്കുന്നുണ്ടെന്നും ഇതിനര്‍ത്ഥം നിയമനം നടന്നാലും പ്രസ്തുത തസ്തികയുടെ എണ്ണത്തില്‍ മാറ്റംവരില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അതിനാല്‍ തന്നെ ഒഴിവുള്ള തസ്തികയില്‍ നിയമനം നടത്താവുന്നതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 2013 മുതല്‍ ഇലക്ട്രിക്കല്‍ ഡിപ്ലോമ/ഡിഗ്രി പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ 10 വര്‍ഷത്തോളം കാത്തിരുന്നാണ് 2022 ല്‍ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. ജോലി പ്രതീക്ഷിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലിടം നേടിയവരും ഇനിയൊരു നിയമന സാധ്യതയില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികളോട് തസ്തികകള്‍ യഥാക്രമം റിപ്പോര്‍ട്ട് ചെയ്യാതെ കെഎസ്ഇബി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല എഞ്ചിനീയറിംഗ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാട്ടില്‍ ജോലി ചെയ്യാനുളള അവസരം കൂടിയാണ് നിയമനം നടക്കാത്തതിനാല്‍ നഷ്ടമാകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
കെഎസ്ഇബിയിലെ എച്ച്ടി സൂപ്പര്‍വൈസര്‍മാര്‍ കൂടിയായ സബ് എഞ്ചിനീയര്‍ തസ്തികയില്‍ നിയമനം നടക്കാത്തത് അപകടങ്ങളുടെ തോത് കൂടാനും കാരണമാകുമെന്ന് ഇവര്‍ പറയുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും നടപ്പിലാക്കിയിരിക്കുന്ന നിയമന നിരോധനങ്ങളുടെ തുടര്‍ച്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: