കൊച്ചി: “കശ്മീരികള്‍ക്ക് പണ്ട് രണ്ട് പതാകയുണ്ടായിരുന്നു, രണ്ട് പാസ്പോര്‍ട്ടും…അവര്‍ ഇന്ത്യന്‍ പതാകയേക്കാള്‍ കൂടുതല്‍ സ്നേഹിച്ചത് കശ്മീര്‍ പതാകയെയായിരുന്നു. എന്നാല്‍ മോദി ഭരണത്തില്‍ വന്നതോടെ കാര്യങ്ങള്‍ എല്ലാം മാറി. 70 വര്‍ഷത്തോളമാണ് കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴില്‍ പ്രത്യേകം രാജ്യമായി നിന്നത്. എത്ര പേരാണ് അവിടെ വെടിയേറ്റ് മരിച്ചത്? ഏകദേശം രണ്ടരലക്ഷം ജനങ്ങളാണ് തീവ്രവാദം കൊണ്ട് അവിടെ കൊല്ലപ്പെട്ടത്.” – കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീംകോടതി ഭരണഘടനാബെഞ്ച് അനുകൂലിച്ച പശ്ചാത്തലത്തില്‍ തന്റെ യുട്യൂബ് ചാനലില്‍ ജേണലിസ്റ്റ് മാത്യു സാമുവല്‍ പറയുന്നു.
“മോദിയുടെ ഭരണത്തിന് കീഴില്‍ ലോകത്തിലെ ഒരു പറുദീസയായി കശ്മീര്‍ മാറി. എത്രയോ പേര് അവിടെ ടൂറിസ്റ്റുകളായി എത്തുന്നു. കേരളത്തില്‍ നിന്നു തന്നെ എത്രയോ പേര് കശ്മീരില്‍ പോകുന്നു. കശ്മീരിനെ ഇത്രയും വഷളാക്കിയത് ഇത്രയും കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ആണ്. ഞാന്‍ മോദി ഫാന്‍ ആയത് 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെയാണ്”-. മാത്യു സാമുവല്‍ പറയുന്നു.
ഞാന്‍ കശ്മീരില്‍ കുറെ ജോലി ചെയ്തിട്ടുണ്ട്. അവിടെ കുറെ കുടുംബങ്ങളുണ്ട്. ഫറൂഖ് അബ്ദുള്ള, അയാളുടെ മകന് ഒമര്‍ അബ്ദുള്ള, മുഫ്തി മുഹമ്മദ് സെയ്ദ്, അയാളുടെ മകള്‍ മെഹ്ബൂബ മുഫ്തി തുടങ്ങിയ കുടുംബങ്ങള്‍. അവരാണ് കശ്മീരിലെ സമ്പത്ത് മുഴുവന്‍ ധൂര്‍ത്തടിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ ടെററിസ്റ്റ് (തീവ്രവാദി)എന്ന പദവി ഞാന്‍ നല്‍കുന്നത് മെഹ് ബൂബ മുഫ്തിയ്ക്കാണ്. അവരുടെ അച്ഛന് മുഫ്തി മുഹമ്മദ് സെയ്ദ് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് മെഹ്ബൂബ മുഫ്തി ഒരു ബന്ദി നാടകം നടത്തിയത്. (മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ റുബയ്യയെ തീവ്രവാദികള്‍ ബന്ദികളാക്കി. 1989 ഡിസംബറിലായിരുന്നു ഈ സംഭവം. അന്ന് കശ്മീര്‍ ഭരിച്ചിരുന്നത് ഫറൂഖ് അബ്ദുള്ളയാണ്. റുബയ്യയെ വിട്ടുകൊടുക്കണമെങ്കില്‍ ജയിലില്‍ കിടക്കുന്ന അഞ്ച് ജെകെഎല്‍എഫ് ഭീകരരെ വിട്ടയയ്ക്കണം എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. അന്ന് കശ്മീരിലേക്ക് ദല്‍ഹിയില്‍ നിന്നും ചര്‍ച്ചയ്ക്ക് പോയത് മുഫ്തി മുഹമ്മദ് സെയിദാണ്. അന്ന് അദ്ദേഹം ഒരു നുണ പറഞ്ഞു. അഞ്ച് ജെകെഎല്‍എഫ് തീവ്രവാദികളെ വിട്ടയയ്ക്കാന് മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ള സമ്മര്‍ദ്ദം ചെലുത്തുന്നു എന്നായിരുന്നു ഈ കള്ളം. വാസ്തവത്തില്‍ തീവ്രവാദികളെ ജയില്‍മോചിതരാക്കിയാല്‍ കശ്മീരില്‍ തീവ്രവാദം വര്‍ധിക്കും എന്ന അഭിപ്രായക്കാരനായിരുന്നു ഫറൂഖ് അബ്ദുള്ള. ഒടുവില്‍ മുഫ്തി മുഹമ്മദ് സയ്യിദിന്റെ തീരുമാനത്തിന് അന്നത്തെ പ്രധാനമന്ത്രിയായ വി.പി. സിങ്ങ് വഴങ്ങി. അഞ്ച് ജെകെഎല്‍എഫ് തീവ്രവാദികളെ ജയില്‍മോചിതരാക്കി. റുബയ്യയെ വിട്ടയച്ചു. ) ഈ തീവ്രവാദി ബന്ദിനാടകത്തിന് ചുക്കാന്‍ പിടിച്ചത് മുഫ്തി മുഹമ്മദ് സയ്യിദിനെ മറ്റൊരു മകളായ, പിന്നീട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി ആണെന്നാണ് മാത്യുസാമുവലിന്റെ വാദം.
ഇന്ത്യയില്‍ എത്രയോ ഭാഗങ്ങളില്‍ കശ്മീരിന്റെ പേരില്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നു. മുഫ്തി മുഹമ്മദ് സെയ്ദ് കശ്മീര്‍ ഭരിച്ചിരുന്നപ്പോള്‍ ജമ്മു കശ്മീര്‍ പൊലീസില്‍ നിറയെ കശ്മീരികളെ റിക്രൂട്ട് ചെയ്തു. ഇതില്‍ 60 ശതമാനം പേരും തീവ്രവാദികളായിരുന്നു. ഇതുപോലെ ഫറൂഖ് അബ്ദുള്ള കുടുംബവും ധാരാളം തീവ്രവാദികളെ ജമ്മു കശ്മീര്‍ പൊലീസില്‍ കയറ്റി. അത് ജമ്മു കശ്മീര്‍ പൊലീസിനെ കശ്മീരിന്റെ താല്‍പര്യങ്ങള്‍ക്കെതിരാക്കി. ഇവരുടെ രഹസ്യ അജണ്ടകള്‍ ജമ്മു കശ്മീര്‍ പൊലീസ് വഴി നടപ്പാക്കി. പ്രധാനമന്ത്രി എന്ന നിലയില്‍ മന്മോഹന് സിങ്ങിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ലണ്ടനിലും മറ്റും എല്ലാം ഇവര്‍ക്ക് തീവ്രവാദി ഗ്രൂപ്പുകളുണ്ട്. ലണ്ടനില്‍ ഇവര്‍ക്ക് അഞ്ചോ ആറോ കൊട്ടാരസമാന വീടുകളുണ്ട്. കശ്മീരില്‍ മുഖ്യമന്ത്രി ഒന്ന് വരും. പിന്നെ നാല് മാസം ലണ്ടനില്‍ ഇരിക്കും. അതായിരുന്നു ഒമര്‍ അബ്ദുള്ളുടെയും മറ്റും പതിവുകള്‍. – മാത്യു സാമുവല്‍ പറയുന്നു.
മോദി ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിങ്ങ് എത്ര തവണ ചര്‍ച്ചകള്‍ക്കായി കശ്മീരില്‍ പോയി. അപ്പോള്‍ അവിടുത്തെ സ്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ പൊലീസിന് നേരെയും മന്ത്രിക്ക് നേരെയും കല്ലെടുത്തെറിയുകയായിരുന്നു. വേറെ ഒരു വഴിയും ഇല്ലാതെ വന്നതോടെയാണ് കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞത്. – മാത്യു സാമുവല്‍ വിശദീകരിക്കുന്നു.
ഗാസ പോലയാണ് കശ്മീര്‍ എന്ന് വരെ കേരളത്തിലെ ചില ബുദ്ധിജീവികള്‍ പറഞ്ഞു. അത് ഒരിയ്ക്കലും ശരിയല്ല. പല കശ്മീരി ടെററിസ്റ്റ് ഗ്രൂപ്പുകളെയും കേരളത്തില്‍ കൊണ്ടുവന്ന് മാലയിട്ട് സ്വീകരിക്കുന്ന പരിപാടികള്‍ ഉണ്ടായിരുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ പലതും കശ്മീരിനെ പിന്തുണച്ചിരുന്നു. എന്നാല്‍ മോദി ഇസ്ലാമിക രാജ്യങ്ങളെയും അറബ് രാജ്യങ്ങളെയും മോദി ചെന്ന് കണ്ടു, അടുപ്പമുണ്ടാക്കി. ഇന്ത്യയുടെ കൂടെ നിര്‍ത്തി. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുമാറ്റിയപ്പോള് ഏതെങ്കിലും മുസ്ലിം രാജ്യങ്ങള്‍ പ്രശ്നമുണ്ടാക്കിയോ? ഇല്ല. അതാണ് മോദി. – മാത്യു സാമുവല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: