ശബരിമല: ശബരീശ സന്നിധി ഭക്തജനത്തിരക്കില്‍ അമരുമ്പോള്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും.
തീര്‍ത്ഥാടക തിരക്ക് മൂലം ദര്‍ശന സമയം ഇന്ന് ഒരു മണിക്കൂര്‍ കൂടെ ഉയര്‍ത്തിട്ടുണ്ട്. നിലവില്‍ 18 മണിക്കൂറാണ് ദര്‍ശന സമയം. ദര്‍ശന സമയം ഉയര്‍ത്തുമ്പോഴും തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാതെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒളിച്ച് കളിക്കുകയാണ്. ദര്‍ശനത്തിന് കാത്ത് നില്ക്കുന്ന മാളികപ്പുറങ്ങളും കുട്ടികളും അടക്കം ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. സന്നിധാനത്ത് തിരക്ക് വര്‍ധിച്ചതോടെ പമ്പയിലും മറ്റുഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നലെയും തുടര്‍ന്നു. രാവിലെ ബേസ് ക്യാമ്പായ നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഇതോടെ പത്തനംതിട്ട, കണമല, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് നിയന്ത്രിച്ചു.
ഇവിടെ നിന്നും 15 മിനിറ്റ് ഇടവിട്ടാണ് നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ വിട്ടത്. തിരക്കിന്റെ പേര് പറഞ്ഞ് വാഹനങ്ങള്‍ കാനന പാതയില്‍ തടഞ്ഞിടുന്നത് കെഎസ്ആര്‍ടിസി സര്‍വീസുകളേയും ബാധിക്കുന്നുണ്ട്. സാധാരണയായി വൈകിട്ട് വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയ്ക്കു വരുന്ന ബസുകള്‍ രാത്രിയോടെ പമ്പയില്‍ എത്തുകയും തുടര്‍ന്ന് പുലര്‍ച്ചെ മലയിറങ്ങി വരുന്നവരെ കയറ്റി ഈ ബസുകള്‍ അതാത് ഡിപ്പോകളിലേക്ക് മടങ്ങുകയുമാണ് പതിവ്. ഈ ബസുകള്‍ വീണ്ടും രാത്രിയില്‍ ഇതേ രീതിയില്‍ സര്‍വീസ് നടത്തുകയാണ് ചെയ്യുന്നത്.
എന്നാല്‍ വാഹനങ്ങള്‍ കാനന പാതയില്‍ തടയുന്നതിനാല്‍ യഥാസമയം പമ്പാ ഡിപ്പോയില്‍ എത്താന്‍ കഴിയുന്നില്ല. ഇത് അടുത്ത ദിവസം പുലര്‍ച്ചെയുള്ള തീര്‍ത്ഥാടകരുടെ മടക്ക യാത്രയെ പ്രതികൂലമായി ബാധിക്കും. നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനും ഇത് തിരിച്ചടിയായിട്ടുണ്ട്.
പമ്പയിലേക്ക് യഥാസമയം ചെയിന്‍ സര്‍വീസിനുള്ള ബസുകള്‍ കടത്തി വിടാത്തത് മൂലം ഭക്തരെ കൃത്യമായി നിലയ്ക്കലില്‍ എത്തിക്കുന്നതിന് തടസം നേരിടുന്നുണ്ട്. ഇത് മൂലം ത്രിവേണി ഭാഗത്തും പമ്പാ ബസ് വേയിലും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടക തിരക്കിനെ തുടര്‍ന്ന് പമ്പ ഡിപ്പോയുടെ ചെയിന്‍ സര്‍വീസുകള്‍ 150 ആയും, ദീര്‍ഘദൂര സര്‍വീസുകള്‍ 40 ആയും വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: